മനസ്സില്‍ വന്നു മുട്ടിവിളിച്ച കഥയെ തൂലികയിലാക്കിയപ്പോഴും പിന്നെ അത് തിരക്കഥയാക്കിയപ്പോഴും സംഭാഷണമെഴുതി സംവിധാനം ചെയ്യുമ്പോഴുമൊക്കെ ലക്ഷ്മി രാമകൃഷ്ണന്റെ മുഖത്ത് പുഞ്ചിരി മാത്രമായിരുന്നു. എന്നാല്‍ വിഖ്യാത സംവിധായകന്‍ കെ. ബാലചന്ദ്രന്‍, ഊതിക്കാച്ചിയെടുത്ത തന്റെ ആദ്യ ചലച്ചിത്ര സംരംഭത്തെപ്പറ്റി നല്ലതു പറഞ്ഞപ്പോള്‍ പുഞ്ചിരി ആനന്ദക്കണ്ണീരിന് വഴിമാറി.
താന്‍ സംവിധായികയായ ആദ്യ ചലച്ചിത്രം 'ആരോഹണം' ജൂലായ് 27ഓടെ തമിഴ്‌നാട്ടിലെ തിയേറ്ററുകളിലെത്തും. മലയാളിയായ ലക്ഷ്മി ചിത്രമൊരുക്കിയിരിക്കുന്നത് തമിഴിലാണ്.
ലക്ഷ്മി രാമകൃഷ്ണന് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ലോഹിതദാസ് എന്ന അതുല്യപ്രതിഭ 'ചക്കരമുത്ത്' എന്ന ചിത്രത്തിലൂടെ കണ്ടെടുത്ത അതേ ലക്ഷ്മി. ചെറുപ്പത്തിലെ നഷ്ടമായ അച്ഛന്റെ അഭാവമറിയിക്കാതെ മകള്‍ക്കു മുന്നില്‍ ഒരുപോലെ കര്‍ശനക്കാരിയും ഒപ്പം കൂട്ടുകാരിയുമായി നിന്ന കാവ്യാമാധവന്റെ കഥാപാത്രത്തിന്റെ അമ്മയുടെ വേഷത്തിലൂടെ മലയാളികള്‍ക്ക് അവര്‍ പ്രിയങ്കരിയായി മാറി. മുഖത്തെ ചായമിടല്‍ തത്കാലം മാറ്റിവെച്ച് സംവിധായികയുടെ റോളിലേക്കുള്ള അവരുടെ ആരോഹണമാണ് പുതിയ സംരംഭം.
ചിത്രത്തിന്റെ പ്രിവ്യൂഷോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ ലക്ഷ്മി ആരോഹണത്തെപ്പറ്റി വാചാലയാകുന്നു ''താഴെത്തട്ടില്‍ കഴിയുന്ന ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഒരു ദിവസം നടക്കുന്ന ചില സംഭവങ്ങള്‍. അത് അവരുടെ ജീവിതത്തിലെ പല കാര്യങ്ങളെയും പിന്നീട് വ്യാഖ്യാനിക്കുന്നുണ്ട്. നിര്‍മല എന്ന പച്ചക്കറി വില്‍പ്പനക്കാരി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ കഥ വികസിക്കുന്നത് ഫ്ലാഷ്ബാക്കിലൂടെയാണ്.''
ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ നിര്‍മലയെ അവതരിപ്പിക്കുന്നത് നടി സരിതയുടെ സഹോദരി വിജി ചന്ദ്രശേഖറാണ്. ചിത്രത്തില്‍ സമ്പത്ത്, ജയപ്രകാശ്, മാരിമുത്തു, രാജി വിജയസാരഥി, ഉമാപദ്മനാഭന്‍, കവിതാലയ കൃഷ്ണന്‍, വീരേഷ്, ജയ് ക്യുഹേനി എന്നിങ്ങനെ പ്രശസ്തരും പുതുമുഖങ്ങളുമായ നിരവധി അഭിനേതാക്കളുണ്ട്.
എ.വി.എ. പ്രൊഡക്ഷന്‍സിനു വേണ്ടി എ.വി. അനൂപാണ് ചിത്രം നിര്‍മിച്ചത്. ജെ.എസ്.കെ. ഫിലിം കോര്‍പ്പറേഷന്‍ വിതരണത്തിനെത്തിക്കുന്ന ചിത്രം 23 ദിവസം കൊണ്ട് ചെന്നൈയിലാണ് ചിത്രീകരിച്ചത്. എന്‍. ഷണ്‍മുഖസുന്ദരന്‍ (ഛായാഗ്രഹണം), കിച്ചസ്. കെ(സംഗീതസംവിധാനം), ടി.ഇ. കിഷോര്‍ (ചിത്രസംയോജനം) തുടങ്ങിയ പ്രമുഖരും ആരോഹണത്തിനു പിന്നില്‍ അണിനിരക്കുന്നു. തമിഴ്‌നാട്ടിലെ പ്രതികരണം അറിഞ്ഞശേഷം ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുമെന്ന് സംവിധായിക പറയുന്നു.
തന്നെത്തേടി എത്തിയ യാദൃച്ഛികതകളെക്കുറിച്ചാണ് ലക്ഷ്മി രാമകൃഷ്ണന് പറയാനുള്ളത്. കോയമ്പത്തൂരില്‍ തങ്ങള്‍ക്ക് സ്വന്തമായുള്ള ഫാംഹൗസില്‍ ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് ലോഹിതദാസിനെ ലക്ഷ്മി പരിചയപ്പെടുന്നത്. അങ്ങനെ ചക്കരമുത്തിലേക്ക് ക്ഷണം വന്നു. ''ആദ്യം അതിലത്ര ഗൗരവം തോന്നിയില്ല. പിന്നീടാണ് എത്ര ശക്തമായ കഥാപാത്രമാണ് അദ്ദേഹം കൈകളിലേല്പിച്ചതെന്ന് മനസ്സിലാകുന്നത്.''
ആദ്യ ചിത്രത്തിനുശേഷം ഈ അഭിനേത്രിയെത്തേടി നിരവധി വേഷങ്ങളെത്തി. മലയാളത്തില്‍ പ്രണയകാലം, ജൂലായ് 4, നോവല്‍, വയലിന്‍, തമിഴില്‍ പിരിവും സന്ദിപ്പും, പൊയ്‌സൊല്ലപ്പോറെ, യുദ്ധംസെയ്യ്, നാടോടികള്‍, വിണ്ണൈത്താണ്ടി വരുവായാ, രാവണന്‍, ബോസ് എങ്കിറ ഭാസ്‌കരന്‍ മൂന്ന് തെലുങ്കുചിത്രങ്ങള്‍, അങ്ങനെ നീളുന്നു സിനിമകളുടെ പട്ടിക. അതിനിടെ വിര്‍ജിന്‍ മൊബൈല്‍, ടയോട്ട തുടങ്ങി 30ഓളം പരസ്യങ്ങളും.
അഭിനയത്തിരക്കിനിടയില്‍ തന്റെ കഴിവിനെ മറ്റൊരു ദിശയിലേക്ക് നയിച്ചത് കമലഹാസനാണെന്ന് ലക്ഷ്മി പറയുന്നു.