'പത്മവ്യൂഹം' ചലച്ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു

posted on:

05 Jul 2012

കൊച്ചി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളെപ്പറ്റിയുള്ള 'പത്മവ്യൂഹം' എന്ന ചലച്ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷനും റിലീസും ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. സിനിമ ക്ഷേത്രത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ഇത് സുപ്രീം കോടതിയുടെ ഉത്തരവിനെതിരാണെന്നുമുള്ള ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായരുടെ ബുധനാഴ്ചത്തെ ഈ ഇടക്കാല ഉത്തരവ്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഹരികുമാറാണ് ഹര്‍ജിക്കാരന്‍.

രണ്ടാഴ്ചക്കകം കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരണം നല്‍കണമെന്നും ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ കല്ലറകളെക്കുറിച്ചാണ് സിനിമയെന്ന് ഹര്‍ജിയില്‍ പറയുന്നു. ക്ഷേത്രത്തിലെ നിധി സൂക്ഷിച്ചിട്ടുള്ള കല്ലറകളെക്കുറിച്ച് മാധ്യമങ്ങള്‍ ആധികാരികമല്ലാത്ത റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് സുപ്രീം കോടതി വിലക്കിയിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.





Other News In This Section