നീലേശ്വരം: സ്വാതന്ത്ര്യസമരചരിത്ര പഠനകേന്ദ്രം നിര്‍മിക്കുന്ന 'ഗാന്ധി' സിനിമയുടെ സ്വിച്ച് ഓണ്‍ നീലേശ്വരം അരയാല്‍ത്തറ മൈതാനത്തെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ നടന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ചിത്രം നിര്‍മിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്ന വര്‍ത്തമാനകാലത്ത് അതിനെതിരെയുള്ള ബോധവത്കരണമാണ് സിനിമ ലക്ഷ്യമിടുന്നത്.
ഗിന്നസ്താരം മകാരം മത്തായിയാണ് ഗാന്ധിയായി വേഷമിടുന്നത്. പ്രശസ്ത ഗാന്ധിയനും നെഹ്രു കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം തലവനുമായ ഡോ. ടി.എം.സുരേന്ദ്രനാഥും പ്രധാനവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. സ്വാതന്ത്ര്യസമരചരിത്ര പഠനകേന്ദ്രം സംസ്ഥാന ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി സ്വിച്ച് ഓണ്‍ ചെയ്തു. ഡോ. ടി.എം.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
കെ.നാരായണന്‍ മാസ്റ്റര്‍, സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍.കണ്ണന്‍, കുന്നുമ്മല്‍ രാജന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പുല്ല്യോട് കൃഷ്ണന്‍, കെ.എം.ശ്രീധരന്‍, കെ.എം.ബാലകൃഷ്ണന്‍, വി.വിജയകുമാര്‍, മൂസ പാട്ടില്ലത്ത്, അഡ്വ. രാജേഷ് ഇടത്തട്ട, പെരിങ്ങോം പ്രസ് ഫോറം സെക്രട്ടറി പെരിങ്ങോം ഹാരീസ്, കെ.വി.രാജേഷ് എന്നിവര്‍ സംസാരിച്ചു.
ചടങ്ങിന് മുന്നോടിയായി ഗാന്ധിസ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. സിനിമ സംവിധാനം ചെയ്യുന്നത് കെ.ബാബുരാജാണ്. പയ്യന്നൂര്‍ ഉളിയത്ത് കടവ്, തിരുവനന്തപുരം, ന്യൂഡല്‍ഹി തുടങ്ങിയ കേന്ദ്രങ്ങളിലാണ് ചിത്രീകരണം.