ഫുട്‌ബോള്‍ മത്സരത്തിന്റെ ത്രില്ലും സസ്‌പെന്‍സും നിറയുന്ന 'ഡോള്‍സ്' എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി. തൃശ്ശൂരും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം അടുത്തമാസം ആദ്യം തിയേറ്ററുകളിലെത്തും. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.ജെ.എസ്. മീഡിയയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
പരസ്യചിത്രസംവിധായകന്‍ ജലീല്‍ കല്ലൂരിന്റെ ആദ്യ സിനിമയാണ് 'ഡോള്‍സ്'. പഴമയുടെ രഹസ്യങ്ങള്‍ തേടിയെത്തുന്ന ഒരുസംഘം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.
പാരമ്പര്യവും പ്രശസ്തിയും തലയുയര്‍ത്തിനില്‍ക്കുന്ന വൈദ്യര്‍മഠത്തിലെ പ്രശസ്തനായ വിഷവൈദ്യനാണ് പരമുപ്പണിക്കര്‍. തനിക്കുമാത്രം അറിയാവുന്ന അപൂര്‍വമായ ഒരു പാമ്പിന്‍വിഷക്കൂട്ട് അയാള്‍ കണ്ടുപിടിച്ചിരുന്നു. കാലം മാറിയപ്പോള്‍ ഇളംതലമുറയ്ക്ക് ആയുര്‍വേദത്തോട് താത്പര്യമില്ലാതെവന്നു. വൈദ്യര്‍മഠത്തിലെ അവസാനകണ്ണിയായ ദിലീപ് ഇപ്പോള്‍ ദുബായില്‍ ഡോക്ടറാണ്. സഹപാഠികളും സുഹൃത്തുക്കളുമായ അനൂപ്, സന്തോഷ്, രവി എന്നിവരും കൂടെയുണ്ട്.
സന്തോഷമായി കാര്യങ്ങള്‍ നീങ്ങുമ്പോഴും ദിലീപിന്റെ മനസ്സില്‍ അണയാത്തൊരു കനല്‍ പുകഞ്ഞുകൊണ്ടേയിരുന്നു. അപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാമഹന്‍ കണ്ടുപിടിച്ച വിഷക്കൂട്ടിനെക്കുറിച്ച് ചിന്തിച്ചത്. വര്‍ഷങ്ങളായി രഹസ്യഅറയില്‍ സൂക്ഷിച്ചിരുന്ന വിഷക്കൂട്ട് കൈവശപ്പെടുത്തി ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. തന്റെ ഉറ്റസുഹൃത്തിന്റെ ശരീരത്തില്‍ ആ വിഷക്കൂട്ട് പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. അതിന് മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. എന്നാല്‍ ആ ലക്ഷ്യങ്ങള്‍ കൈവിട്ടുപോകുന്നതോടെയാണ് സിനിമ സംഘര്‍ഷഭരിതമാകുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിപ്പോകുന്ന ചിത്രത്തില്‍ നായകനാകുന്നത് ടൂര്‍ണമെന്റ് എന്ന ചിത്രത്തിലൂടെ എത്തിയ ജോണ്‍ ജേക്കബാണ്.
പുതുമുഖം ജ്യോതികൃഷ്ണയാണ് നായിക. രുദ്രാക്ഷ് എന്ന പുതുമുഖം മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷെന്‍ബി ജോസ്, സമീര്‍ ഹംസ, ഫൈസല്‍, ജഗന്നാഥവര്‍മ, ഷാനവാസ്, സാദിഖ്, ബിജുക്കുട്ടന്‍, ഇന്ദ്രന്‍സ്, ബാബു നമ്പൂതിരി, കലാശാല ബാബു, കലാഭവന്‍ ഹനീഫ്, പാര്‍വതി, മഹിമ, സുബി, ഗീതാവിജയന്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. സനല്‍കുമാര്‍, അഗസ്റ്റിന്‍ മൂലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം: ഔസേപ്പച്ചന്‍, ഗാനങ്ങള്‍: സജീവ് നവഗം, ക്യാമറ: അനില്‍ വടക്കേക്കര, എഡിറ്റിങ് ശ്രീജിത്ത്, മേയ്ക്കപ്പ്: ബിനേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിസ്മയ തങ്കപ്പന്‍, പ്രൊഡക്ഷന്‍: കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: മുരളി ഗുരുവായൂര്‍, പി.ആര്‍.ഒ: ടി.മോഹന്‍ ദാസ്.