'സ്‌പിരിറ്റ് ' മദ്യത്തില്‍ മുങ്ങിത്താണവരുടെ കഥ-രഞ്ജിത്ത്‌

posted on:

14 Jun 2012കൊച്ചി: മദ്യത്തില്‍മുങ്ങിത്താണ ജീവിതങ്ങളെക്കുറിച്ചാണ് സ്പിരിറ്റ് പറയുന്നതെന്ന് സംവിധായകന്‍ രഞ്ജിത്ത്. മദ്യം എന്ന വിഷയത്തെ ആസ്പദമാക്കി ആയിരം സിനിമകള്‍ സൃഷ്ടിക്കാം. അതിന്റെ ഒരു ഡൈമെന്‍ഷന്‍ മാത്രമാണ് സ്പിരിറ്റ് എന്ന സിനിമ-രഞ്ജിത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇത് മദ്യത്തിനെതിരായ സിനിമയെന്നു പറയാനാകില്ല. മദ്യപാനം തികച്ചും വ്യക്തിപരമായ ഒന്നാണ്. കൃത്യമായ അളവില്‍ മദ്യം കഴിക്കുകയും സ്വന്തം ആരോഗ്യം നല്ലതുപോലെ സംരക്ഷിക്കുകയും ചെയ്ത എത്രയോ ലക്ഷംപേര്‍ ജീവിച്ച മണ്ണാണിത്.

പക്ഷേ മദ്യപാനം വ്യക്തിയുടെ ജീവിതത്തില്‍നിന്ന് സമൂഹത്തെ ബാധിക്കുന്ന തലത്തിലേക്ക് വളരുന്നതിനെക്കുറിച്ചാണ് ഈ ചിത്രം സംസാരിക്കുന്നത്. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് മദ്യമാണ്. അതിനുവേണ്ടി തന്റേതായ സംഭാവന നല്‍കുന്ന സാധാരണക്കാരനേയും സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ ജീവിക്കുന്നവരേയും കുറിച്ച് ഒരേപോലെ സ്പിരിറ്റ് പറയുന്നു.

സിനിമ പുറത്തിറങ്ങിക്കഴിയുമ്പോള്‍ ഇതേക്കുറിച്ച് പലതരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാകണമെന്നാണ് ആഗ്രഹം. ഈ വിഷയം പലതരത്തിലാകും പ്രേക്ഷകരെ ബാധിക്കുക. പ്രത്യേകിച്ച് സ്ത്രീകളെ. സിനിമയെ കേവലവിനോദോപാധിയായി മാത്രം കാണാത്ത പ്രേക്ഷകരും സംവിധായകരും ഉള്ള നാട്ടില്‍നിന്ന് സാമൂഹികപ്രസക്തമായ വിഷയങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നുണ്ട്.

സ്പിരിറ്റിന്റെ ഉദ്ദേശ്യശുദ്ധി അവിടെയാണ്. വളരെ ചുരുക്കം കഥാപാത്രങ്ങള്‍ മാത്രമേ ഈ സിനിമയിലുള്ളൂ. അവരുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന സിനിമയാണിത്-രഞ്ജിത്ത് പറഞ്ഞു. 


Other News In This Section
 1 2 3 NEXT