മാതൃഭൂമി അവാര്‍ഡ്: മോഹന്‍ലാല്‍ നടന്‍, കാവ്യ നടി

posted on:

16 Feb 2012

രഞ്ജിത് സംവിധായകന്‍ പ്രണയം മികച്ച ചിത്രംകൊച്ചി: മാതൃഭൂമി കല്യാണ്‍സില്‍ക്‌സ് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ബ്ലസ്സി സംവിധാനം ചെയ്ത 'പ്രണയ'ത്തിന്. ഈ ചിത്രത്തിലെ അഭിനയം മോഹന്‍ലാലിനെ മികച്ച നടനാക്കി. ഗദ്ദാമയിലൂടെ കാവ്യമാധവന്‍ മികച്ച നടിയായി. ഇന്ത്യന്‍ റുപ്പി ഒരുക്കിയ രഞ്ജിത്താണ് മികച്ച സംവിധായകന്‍.

മറ്റ് അവാര്‍ഡുകള്‍ ഇവയാണ് : മികച്ച തിരക്കഥാകൃത്ത് - ബോബി സഞ്ജയ് (ട്രാഫിക്), സ്വഭാവനടന്‍-തിലകന്‍ (ഇന്ത്യന്‍ റുപ്പി), സ്വഭാവനടി-ജയപ്രദ (പ്രണയം), ഗാനരചയിതാവ് - ഒ.എന്‍.വി (പ്രണയം), സംഗീതസംവിധായകന്‍ - എം.ജയചന്ദ്രന്‍ (പ്രണയം), ഗായകന്‍-വിജയ് യേശുദാസ് (ഇന്ത്യന്‍ റുപ്പിയിലെ ഈ പുഴയും സന്ധ്യകളും), ഗായിക-കെ.എസ്. ചിത്ര (സ്വപ്നസഞ്ചാരിയിലെ ചെങ്കതിര്‍ കൈയും വീശി), ഛായാഗ്രാഹകന്‍ - സന്തോഷ് ശിവന്‍ (ഉറുമി). പി.കെ.സജീവും ആന്‍സജീവുമാണ് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ പ്രണയത്തിന്റെ നിര്‍മാതാക്കള്‍.

പ്രേക്ഷകര്‍ നിര്‍ണ്ണയിച്ച അവാര്‍ഡുകളാണെന്നതാണ് മാതൃഭൂമി കല്യാണ്‍ സില്‍ക്‌സ് ചലച്ചിത്ര പുരസ്‌കാരത്തിന്റെ പ്രത്യേകത. അവാര്‍ഡുകള്‍ക്ക് ജനകീയമാനം നല്‍കിക്കൊണ്ട് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മാതൃഭൂമിയും കല്യാണ്‍സില്‍ക്‌സും മലയാളസിനിമയ്ക്ക് ആദരമൊരുക്കുന്നത്. മാതൃഭൂമി ദിനപത്രത്തിലും ചിത്രഭൂമിയിലും പ്രസിദ്ധീകരിച്ച കൂപ്പണുകളിലൂടെയും ക്ലബ്ബ് എഫ്.എമ്മില്‍ ലഭിച്ച എസ്.എം.എസുകളിലൂടെയും മാതൃഭൂമിയുടെ ഫിലിംപോര്‍ട്ടലായായ mb4frames.com ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയുമായിരുന്നു അവാര്‍ഡ് നിര്‍ണ്ണയം.

കേരളത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിന് പേരാണ് ആവേശപൂര്‍വ്വം വിധിയെഴുത്തില്‍ പങ്കാളികളായത്. ഏറ്റവും കൂടുതല്‍പ്രേക്ഷകര്‍ നിര്‍ദേശിച്ച പ്രതിഭകളാണ് സമ്മാനിതമാകുന്നത്. സാങ്കേതികവിഭാഗത്തിലെ മൂന്ന് അവാര്‍ഡുകളും പതിനാലോളം ജനപ്രിയ അവാര്‍ഡുകളും മലയാളത്തിലെ ഗുരുസ്ഥാനീയര്‍ക്ക് മാതൃഭൂമിയുടെ സ്‌നേഹസമര്‍പ്പണമായ ചലച്ചിത്രസപര്യ പുരസ്‌കാരവും വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. മാര്‍ച്ച് മൂന്നിന് കൊച്ചി മറൈന്‍ഡ്രൈവില്‍ നടക്കുന്ന പകിട്ടാര്‍ന്ന താരരാവില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.


 Other News In This Section
 1 2 3 NEXT