'മേല്‍വിലാസ'ത്തിന് പി.ഭാസ്‌ക്കരന്‍ അവാര്‍ഡ്

posted on:

07 Feb 2012

തിരുവനന്തപുരം: 2011-ലെ മികച്ച സിനിമയ്ക്കുള്ള പി. ഭാസ്‌ക്കരന്‍ പുരസ്‌കാരം നവാഗതനായ മാധവ് രാംദാസ് സംവിധാനം ചെയ്ത 'മേല്‍വിലാസ'ത്തിന്. ഇതേചിത്രത്തിലെ അഭിനയത്തിലൂടെ പാര്‍ത്ഥിപന്‍ മികച്ച നടനുള്ള പുരസ്‌കാരവും നേടി. മലയാളത്തില്‍ പുത്തന്‍ ആഖ്യാനശൈലിയിലൂടെയും സംവിധാന മികവിലൂടെയും ശ്രദ്ധിക്കപ്പെട്ട ചിത്രം എന്ന നിലയ്ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറി ചെയര്‍മാന്‍ ഡി.വിനയചന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സൂര്യകൃഷ്ണമൂര്‍ത്തി രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മാതാവ് മുഹമ്മദ് സലീമാണ്. സംവിധായകനും നിര്‍മാതാവിനും പ്രത്യേകം അവാര്‍ഡുകള്‍ നല്‍കും.

വിവിധ സിനിമകളിലെ അഭിനയമികവ് പരിഗണിച്ച് ശ്വേതാമേനോന് മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കും. മറ്റ് പുരസ്‌കാരങ്ങള്‍: ശാലിനി ഉഷാനായര്‍ (നവാഗത സംവിധായിക), വയലാര്‍ ശരത്ചന്ദ്രവര്‍മ (ഗാനരചയിതാവ്), എം.ജി. ശ്രീകുമാര്‍ (സംഗീതസംവിധായകന്‍), സുദീപ്കുമാര്‍ (ഗായകന്‍), രാജലക്ഷ്മി (ഗായിക), ജഗതി ശ്രീകണ്ഠന്‍നായര്‍(ലളിതഗാന രചയിതാവ്). സമഗ്രസംഭാവനയ്ക്കുള്ള പി. ഭാസ്‌ക്കരന്‍ പുരസ്‌കാരം നടന്‍ മധുവിനും പ്രതിഭാപുരസ്‌കാരങ്ങള്‍ ഷീല, മുകേഷ് എന്നിവര്‍ക്കും നല്‍കും. ഇന്ദ്രബാബുവിന്റെ 'ശബ്ദമില്ലാത്ത കാലം' എന്ന കവിതാസമാഹാരത്തിനാണ് കവിതാപുരസ്‌കാരം.