അബുദാബി: അതൊരു അവിസ്മരണീയമായ കാഴ്ചയായിരുന്നു. ഇന്ത്യന്‍ സിനിമാലോകത്തെ രാജകുമാരന്‍ ഷാരൂഖ്ഖാന്‍ മലയാളത്തിന്റെ റിമി ടോമിയെ വാരിയെടുത്ത് നൃത്തംചെയ്ത കാഴ്ച. അവര്‍ക്കൊപ്പം നൃത്തംചെയ്യാന്‍ ബോളിവുഡിലെയും കേരളത്തിലെയും താരസുന്ദരികളെല്ലാം അണിനിരന്നു. ജയപ്രദ, അസിന്‍, വിദ്യാബാലന്‍, അര്‍ച്ചന കവി, മനീഷ ലംബ, ദിവ്യാഉണ്ണി, വിദ്യാഉണ്ണി, കാവ്യാമാധവന്‍, റിമാ കല്ലിങ്ങല്‍, റോമ, ഭാമ, ഭാവന, സംവൃതാ സുനില്‍ തുടങ്ങിയവരെല്ലാം സ്റ്റേജില്‍ നിറഞ്ഞപ്പോള്‍ ദുബായില്‍ ആയിരങ്ങള്‍ ഹര്‍ഷാരവം മുഴക്കി.
ഷാരൂഖ് ഖാന്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം ഫെസ്റ്റിവല്‍ സിറ്റിയിലെ 15,000 വരുന്ന പ്രേക്ഷകര്‍ക്ക് വിസ്മയക്കാഴ്ചയായി. ഷാരൂഖ് ഖാന്റെ സാന്നിധ്യവും നൃത്തച്ചുവടുകളും സംഭാഷണങ്ങളും തന്നെയാണ് ഏഷ്യാനെറ്റ് അവാര്‍ഡിനെ അവിസ്മരണീയമാക്കിയത്. മില്ലെനിയം സ്റ്റാര്‍ ബഹുമതി നല്‍കിയാണ് ഏഷ്യാനെറ്റ് ഷാരൂഖ് ഖാനെ ആദരിച്ചത്. ഏഷ്യാനെറ്റ് എം.ഡി. മാധവനും മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് ഷാരൂഖ് ഖാന് പുരസ്‌കാരം സമ്മാനിച്ചു.
മലയാള സിനിമയിലെ പ്രശസ്തനായ നടന്‍ ഭരത് മമ്മൂട്ടിയെ കള്‍ച്ചറല്‍ ഐക്കണ്‍ ഓഫ് കേരളയായി തിരഞ്ഞെടുത്തു. ദുബായിലെ മലയാളികളുടെ സന്തോഷവും ആഹ്ലാദവും അനുഭവിച്ചറിഞ്ഞ കലാകാരന്മാര്‍ക്ക് മലയാളസിനിമാ വ്യവസായം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗള്‍ഫില്‍പ്പോലും വളര്‍ച്ചയിലാണെന്ന കരുത്തു നല്‍കുന്ന ഒരു പുതുദിനപ്പിറവിയുടെ രാവായി ഉജാല-ഏഷ്യാനെറ്റ് അവാര്‍ഡ് രാവ്.