മാളവികയുടെ ഊമക്കുയില്‍ പാടുമ്പോള്‍

പി.കെ. വിനോദ്‌

 

posted on:

09 Dec 2011


ഒട്ടേറെ ബാലകഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്കി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംതേടിയ മാളവിക നായികയാവുന്നു.
സിദ്ദിഖ് ചേന്നമംഗലൂര്‍ എന്ന നവാഗത സംവിധായകന്റെ 'ഊമക്കുയില്‍ പാടുമ്പോള്‍' എന്ന ചിത്രത്തില്‍ മുസ്‌ലിം പെണ്‍കുട്ടിയായാണ് മാളവികയുടെ നായികാ അരങ്ങേറ്റം.

കമല്‍ സംവിധാനം ചെയ്ത 'കറുത്ത പക്ഷികള്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ മാളവിക ആദ്യമായാണ് കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടിയായി വേഷമിടുന്നത്. പ്രശസ്ത സംവിധായകനായ എം. പത്മകുമാറിന്റെ മകന്‍ ആകാശ് റോഷന്‍ ആണ് നായകന്‍. ചിത്രത്തില്‍ പ്രശസ്ത നടന്‍ ശങ്കര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മലയാളഭാഷയുടെ മാധുര്യം മനസ്സില്‍ ലാളിച്ച് വായനയിലും കാവ്യരചനയിലും ഉത്സാഹം കാട്ടിയ മുസ്‌ലിം പെണ്‍കുട്ടിയാണ് റീമ. അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയങ്കരിയായ ഈ പെണ്‍കുട്ടിയെ സ്റ്റാറ്റസിന്റെ ഭാഗമായി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ത്തതിനു ശേഷമുള്ള സംഭവവികാസങ്ങളാണ് 'ഊമക്കുയില്‍ പാടുമ്പോള്‍' എന്ന ചിത്രത്തിലുള്ളത്.

സെഞ്ച്വറി വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് സംവിധായകന്‍ സിദ്ദിഖ് തന്നെ. കാനേഷ് പൂനൂരിന്റെ ഗാനങ്ങള്‍ക്ക് എം.ആര്‍. റിസണ്‍ സംഗീതം പകരുന്നു. നൗഷാദ് ഷെരിഫാണ് ഛായാഗ്രഹണം. വിധുപ്രതാപ്, ഗായത്രി എന്നിവരാണ് ഗായകര്‍. നിസാര്‍ അഹമ്മദ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും ദേവസ്സിക്കുട്ടി വാര്‍ത്താ വിതരണവും നിര്‍വഹിക്കുന്നു.


 Other News In This Section
 1 2 3 NEXT