പുതിയ 'ഇണ' ഒരുങ്ങുന്നു

posted on:

12 Nov 2011ഐ.വി.ശശി-ജോണ്‍ പോള്‍ ടീമിന്റെ ഹിറ്റ് ചിത്രമായ ഇണയുടെ റീമേക്കിന് തുടക്കമായി. ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. നവാഗതനായ മഹേഷ് കാരന്തൂരാണ് ഇണയുടെ പുതിയ പതിപ്പിന്റെ സംവിധായകന്‍. മഹേഷ് തന്നെയാണ് പുതിയ കാലഘട്ടത്തിനനുസൃതമായി ഇണയുടെ തിരക്കഥ രചിച്ചിരിക്കുന്നതും.

ഹരിചന്ദന ക്രിയേഷന്‍സിന്റെ ബാനറില്‍ എം.ശ്രീനാഥാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൗമാരകാലത്തെ പ്രണയവും രതിയും ഒക്കെ വിഷയമാക്കി 1982 ല്‍ പുറത്തിറങ്ങിയ ഇണയ്ക്ക് അന്ന് വന്‍ സ്വീകരണമാണ് ലഭിച്ചത്. മാസ്റ്റര്‍ രഘുവും ദേവിയുമായിരുന്നു പ്രധാന വേഷങ്ങളില്‍. പുതിയ പതിപ്പില്‍ പുതുമുഖങ്ങളായ യുവന്‍, സ്വാതി എന്നിവരാണ് മുഖ്യവേഷത്തിലെത്തുന്നത്.

ഇവരെ കൂടാതെ കലാഭവന്‍ മണി, ബാബുരാജ്, ദേവന്‍, മാമുക്കോയ, സാജു കൊടിയന്‍, ചാലി പാല, നാരായണന്‍കുട്ടി, തോമസ് അഞ്ചല്‍, മനു ഷാജഹാന്‍, ലക്ഷ്മി ശര്‍മ്മ, ഗീതാ വിജയന്‍, കുളപ്പുള്ളി ലീല തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഐ.എസ് കുണ്ടൂര്‍, സത്യന്‍ മുതുകാട് എന്നിവരെഴുതിയ ഗാനങ്ങള്‍ക്ക് സിബു സുകുമാരനാണ് സംഗീതം ഒരുക്കുന്നത്.

അതിരപ്പള്ളി, വാഴച്ചാല്‍, ഏഴാട്ടുമുക്കം, മൈസൂര്‍ എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ഷൂട്ടിങ്. അണിയറയില്‍ എഡിറ്റിങ്-പി.സി മോഹനന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റെന്നി ജോസഫ്, ഛായാഗ്രഹണം-മണിപ്രസാദ്, പശ്ചാത്തല സംഗീതം-രാജാമണി, കല-വിഷ്ണു നെല്ലായി, സംഘട്ടനം- മാഫിയ ശശി. മേക്കപ്പ്-സന്തോഷ്, വസ്ത്രാലങ്കാരം വേലായുധന്‍ കീഴില്ലം. വിജയ് യേശുദാസ്, ശ്രേയ ഘോഷല്‍, നിഷാദ്, നജീം അര്‍ഷാദ്, മഞ്ജരി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.