നിര്‍മാതാവ് എന്‍.പി. അബു അന്തരിച്ചു: വിവരമറിഞ്ഞ് സഹോദരനും

posted on:

09 Nov 2011

ചാവക്കാട്: ആദ്യകാല ചലച്ചിത്രനിര്‍മാതാവ് എന്‍.പി. അബു (മണവാളന്‍ അബു-73) അന്തരിച്ചു. ഇദ്ദേഹം ആസ്പത്രിയില്‍ മരിച്ച വിവരമറിഞ്ഞ് സഹോദരനായ നാലകത്ത് പടുവിങ്കല്‍ കാദറും (71) കുഴഞ്ഞുവീണ് മരിച്ചു.

ഒരുമനയൂര്‍ കരുവാരക്കുണ്ട് കിണര്‍ സ്റ്റോപ്പിന് സമീപം നാലകത്ത് പടുവിങ്കല്‍ മമ്മതിന്റെയും കയ്യോമയുടെയും മകനായ അബൂബക്കറാണ് എന്‍.പി. അബുവെന്ന പേരില്‍ ചലച്ചിത്രവൃത്തങ്ങളില്‍ ശ്രദ്ധേയനായത്. പ്രിയ ഫിലിംസ്, പ്രിയ ട്രാവല്‍സ് എന്നിവയുടെ ഉടമയാണ്.

വിസ, ദ്വീപ്, അണിയാത്ത വളകള്‍, പ്രിയ തുടങ്ങിയ സിനിമകളാണ് അദ്ദേഹം നിര്‍മിച്ചത്. ചാവക്കാട്ടെ സി.എച്ച്. സാംസ്‌കാരികവേദിയുടെ സ്ഥാപകനേതാവായിരുന്നു. എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റില്‍ ഒരുമാസമായി ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു മരണം. ഭാര്യ: സുഹറ. മക്കള്‍: റഫീഖ്, ഫൈസല്‍, ഷബാന. മരുമക്കള്‍: റസിയ, സബീന, നൗഷാദ് (അജ്മാന്‍).

ചൊവ്വാഴ്ച 5.30നാണ് അബൂബക്കര്‍ മരിച്ചത്. വിവരമറിഞ്ഞ് മൃതദേഹം കൊണ്ടുവരുന്നതിനുള്ള ഒരുക്കങ്ങള്‍ക്കായി വൈകീട്ട് 7.15-ഓടെ ജ്യേഷ്ഠന്റെ വീട്ടിലെത്തിയ കാദര്‍ കുഴഞ്ഞുവീണു. ഉടനെ മുതുവട്ടൂര്‍ രാജ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രാത്രി എട്ടുമണിയോടെ മരിച്ചു. കാദറിന്റെ ഭാര്യ: ജമീല. മക്കള്‍: ഹുഷൈബ, തസ്‌നിം, ഹസീന, ഷബ്‌ന. മരുമക്കള്‍: അഷറഫ് (ഖത്തര്‍), അഷറഫ് (ദുബായ്), റഷീദ്, ഷിഹാബ് (ദുബായ്). മറ്റു സഹോദരങ്ങള്‍: ഇബ്രാഹിംകുട്ടി, ഫാത്തിമ, ആമിന. സഹോദരന്മാരുടെ ഖബറടക്കം ബുധനാഴ്ച 4ന് തൈക്കടവ് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.