സൂര്യയുടെ 'മേല്‍വിലാസം' വെള്ളിത്തിരയിലേക്ക്‌

posted on:

28 Apr 2011

പുതിയ മേല്‍വിലാസവുമായി ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളിലൂടെ പ്രശസ്തനായ സൂര്യാ കൃഷ്ണമൂര്‍ത്തി സിനിമയിലെത്തുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി ഏകദേശം ഇരുന്നൂറോളം വേദികളില്‍ അവതരിപ്പിച്ച സൂര്യ കൃഷ്ണമൂര്‍ത്തിയുടെ മേല്‍വിലാസം എന്ന ആദ്യനാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരം ഏപ്രില്‍ 29ന് ചിത്രാലയ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

മേല്‍വിലാസം എന്ന പേരില്‍ തന്നെ നവാഗതനായ മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സുരേഷ് ഗോപി, തമിഴ്‌നടന്മാരായ പാര്‍ത്ഥിപന്‍, തലൈവാസല്‍ വിജയ്, അശോക്, കക്ക രവി, കൃഷ്ണകുമാര്‍, ലിഷോയ്, അമിത്, വി.കെ. ബൈജു, സഞ്ജയ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമാ രംഗത്ത് അപൂര്‍വമായ റിയല്‍ ടൈം മൂവിയായിരിക്കും മേല്‍വിലാസം. ഗാനങ്ങളും സ്ത്രീകഥാപാത്രങ്ങളുമില്ലാത്ത ഈ ചിത്രത്തിന്റെ ചിത്രീകരണരീതി റിയലിസ്റ്റിക് ആണ്.പൂര്‍ണമായും കോടതി മുറിക്കുള്ളില്‍ നടക്കുന്ന കോര്‍ട്ട് മാര്‍ഷലിലൂടെയാണ് മേല്‍വിലാസം പുരോഗമിക്കുന്നത്. താരങ്ങളെല്ലാം യൂണിഫോമില്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ സാക്ഷിവിസ്താരത്തിലൂടെയും വാദ-പ്രതിവാദങ്ങളിലൂടെയുമാണ് കഥ പറയുന്നത്.

ക്യാപ്റ്റന്‍ മോഹനവര്‍മ വെടിയേറ്റ് കൊല്ലപ്പെടുന്നതും പിടിയിലാവുന്ന ജവാന്‍ രാമചന്ദ്രന്റെ പട്ടാളവിചാരണയുമാണ് സിനിമയുടെ പ്രമേയം.രാമചന്ദ്രനെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യാനെത്തുന്ന വികാസ് റായ് എന്ന ബംഗാളി ഡിഫന്‍സ് ലോയറായി സുരേഷ്‌ഗോപി എത്തുന്നു. തമിഴ്താരം പാര്‍ത്ഥിപനാണ് ജവാന്‍ രാമചന്ദ്രനെ അവതരിപ്പിക്കുന്നത്. കോടതി നിയന്ത്രിക്കുന്ന പ്രിസൈഡിങ് ഓഫീസര്‍ കേണല്‍ സൂരത്ത് സിങ്ങായി തലൈവാസല്‍ വിജയ് എത്തുന്നു.

വിചാരണവേളയില്‍ പട്ടാളക്കാരുടെ ജീവിതത്തിലെ കറുപ്പും വെളുപ്പും സീനിയര്‍ - ജൂനിയര്‍ കോംപ്ലക്‌സ്, ജാതിവര്‍ഗ മേല്‍ക്കോയ്മ എന്നിവയെല്ലാം പുറത്തുവരുന്നുണ്ട്.സായാഹ്നം, സ്ഥിതി, ശിലാബതി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച മാധവ് രാംദാസിന്റെ ആദ്യ സിനിമയായ മേല്‍വിലാസം തമിഴില്‍ നെഞ്ചുപൊറുക്കതില്ലയോ എന്ന പേരില്‍ റിലീസ് ചെയ്യുന്നു.

മാര്‍ക്ക് മൂവി ബാനറില്‍ മുഹമ്മദ് സലിം നിര്‍മിക്കുന്ന മാധവ് രാംദാസന്റെ സുരേഷ് ഗോപി ചിത്രം മേല്‍വിലാസം അവതരണത്തിലും പ്രമേയത്തിലും പുതിയ ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. സൂര്യാ കൃഷ്ണമൂര്‍ത്തി തന്നെ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ ആനന്ദ് ബാലകൃഷ്ണനാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സജിത്ത്കൃഷ്ണന്‍. Other News In This Section
 1 2 3 NEXT