വരുന്നു സിറ്റി ഓഫ് ഗോഡ്

posted on:

06 Mar 2011സിറ്റി ഓഫ് ഗോഡ് വരുന്നു. റിയോ ഡി ജനീറോയിലെ തെരുവ്-നഗരജീവിതത്തിന്റെ കഥ പറഞ്ഞ ഫെര്‍ണാണ്ടോ മെരെലസിന്റെ ചിത്രമല്ലിത്. കേരളത്തില്‍ നടക്കുന്ന ഒരു കഥയിലൂടെ നഗരജീവിതത്തിന്റെ ഇരുണ്ട ജീവിതവും അധോലോകത്തിന്റെ നെറികേടുകളും വരച്ചിടുന്ന പൃഥ്വിരാജ്-ഇന്ദ്രജിത്ത് ചിത്രമാണിത്.

നായകന്‍ എന്ന ഫാസ്റ്റ്-ആക്ഷന്‍ കട്ട് ചിത്രത്തിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിറ്റി ഓഫ് ഗോഡിന്റെ കഥയും തിരക്കഥയും ബാബു ജനാര്‍ദ്ദനനാണ്. അനില്‍മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഏറെക്കാലത്തിന് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും നായകന്‍മാരായെത്തുന്നു എന്നതാണ് പ്രധാന പ്രത്യേകത.

നോട്ട് ബുക്കിലൂടെ സിനിമയിലെത്തിയ പാര്‍വതിയും റിമ കല്ലിങ്കലും നായികമാര്‍. ശ്വേതാ മേനോനും രോഹിണിയും പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പതിവ് രീതിയില്‍ നിന്ന് വേറിട്ട ശൈലിയിലൂടെയാണ് ഓരോ രംഗങ്ങളും സിറ്റി ഓഫ് ഗോഡില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം പ്രദര്‍ശനത്തിന് തയ്യാറായി.

നഗരകേന്ദ്രീകൃതമായ അധോലോക കഥകള്‍ അത്ര പുതുമല്ലാത്ത മലയാള സിനിമയില്‍ പക്ഷേ തമിഴ് ആഖ്യാനശൈലിയിലൂടെയാണ് സംവിധായകനും തിരക്കഥാകൃത്തും കഥ പറയാന്‍ ശ്രമിക്കുന്നത്. നാല് കഥാ പശ്ചാത്തലങ്ങളില്‍ സംഭവിക്കുന്ന ജീവിതങ്ങളും അവയുടെ പരസ്​പരബന്ധവും രസകരവും ചടുലവുമായ രീതിയില്‍ അവതരിപ്പിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്.

ഗുണ്ടാസംഘങ്ങളും തൊഴിലാളികളും ചേരികളും റിയല്‍ എസ്റ്റേറ്റ്-ബിസിനസ് കുടിപ്പകയും നിറഞ്ഞ നഗരജീവിതത്തിലെ ഭിന്നമുഖങ്ങളെ ചിത്രം അനാവരണം ചെയ്യുന്നു. ജ്യോതിലാല്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജും സ്വര്‍ണവേല്‍ എന്ന എന്ന തമിഴന്‍ കഥാപാത്രത്തെ ഇന്ദ്രജിത്തും അവതരിപ്പിക്കുന്നു.

പൊള്ളാച്ചിയില്‍ നിന്നും കൊച്ചിയിലെത്തി ജീവിക്കുന്നവരുടെ കഥാപാത്രമാണ് ഇന്ദ്രജിത്തും പാര്‍വതിയും അവതരിപ്പിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് വലിയ പ്രധാന്യമുള്ള രീതിയിലാണ് കഥയുടെ പോക്ക്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് പുതുമുഖം പ്രശാന്ത് പിള്ള സംഗീതം നല്‍കുന്നു.

ജഗതി ശ്രീകുമാര്‍, അനില്‍ മുരളി, ഷാനു, ലാലു അലക്‌സ്, ജഗദീഷ്, സുധീര്‍ കരമന, സാദിഖ്, രാജേഷ് ഹെബ്ബാര്‍, നന്ദു, രാജീവ് പിള്ള, കിഷോര്‍ സത്യ, പ്രിയങ്ക തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. എഡിറ്റിങ് മനോജ്. ചിത്രം മാര്‍ച്ച് ഒമ്പതിന് റിലീസ് ചെയ്യുന്ന സിറ്റി ഓഫ് ഗോഡ് പ്രേക്ഷകര്‍ക്ക് പുതുമയുള്ള ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.


വി.എസ്.സനോജ്‌