പര്‍വതത്തിന്റെ നിറങ്ങള്‍

ടി.സുരേഷ് ബാബു

 

posted on:

18 Jul 2012


ഏതുസമയത്തും പൊട്ടിവീണേക്കാവുന്ന ഒരു യുദ്ധത്തിന്റെ ( അമേരിക്കയുടെ ഇറാഖ് ആക്രമണം ) നിഴലില്‍ കഴിയുന്ന കുറെ കുട്ടികളെയാണ് കുര്‍ദിഷ് സംവിധായകന്‍ ബഹ്‌മെന്‍ ഗൊബാദി ' ദ ടര്‍ട്ട്ല്‍സ് കാന്‍ ഫ്ലൈ ' (ഠസവ റുിറാവീ രമൃ ശാള്‍) എന്ന കുര്‍ദിഷ് സിനിമയില്‍ കാണിച്ചു തന്നത്. മരണപ്പാടങ്ങളില്‍ സൈന്യം വിതച്ചിട്ട മൈനുകള്‍ ജീവന്‍ പണയം വെച്ച് പെറുക്കിയെടുത്ത് നിര്‍വീര്യമാക്കുന്ന കുട്ടികള്‍ അസ്വസ്ഥമായ കാഴ്ചയായിരുന്നു. ഇതേ അസ്വസ്ഥത മൊഹ്‌സന്‍ മഖ്മല്‍ ബഫിന്റെ ' കാണ്ഡഹാര്‍ ' എന്ന ഇറാനിയന്‍ സിനിമയും പകര്‍ന്നു തരുന്നു. കുഴിബോംബുകള്‍ പൊട്ടി അറ്റുപോയ കാലുകള്‍ക്കുപകരം കൃത്രിമക്കാല്‍ സ്വന്തമാക്കാന്‍ മൈതാനത്തേക്ക് ഒറ്റക്കാലില്‍ മത്സരിച്ചോടുന്ന മനുഷ്യരെ നമുക്കീ ചിത്രത്തില്‍ കാണാം. കുഴിബോംബിനെ സചേതനബിംബമാക്കി ഒരു ജനതയുടെ ദുരന്തം അടയാളപ്പെടുത്തുന്ന കൊളംബിയന്‍ ചിത്രമായ ' ദ കളേഴ്‌സ് ഓഫ് മൗണ്ടനും ' (ഠസവ ര്ാ്ുിീ ്ശ ൗ്ുൃറമഹൃ) നമ്മളെ ക്ഷണിക്കുന്നത് തീവ്രാനുഭവങ്ങളുടെ കാഴ്ചകളിലേക്കാണ്.

'ദ ടര്‍ട്ട്ല്‍സ് കാന്‍ ഫ്ലൈ' യും 'ദ കളേഴ്‌സ് ഓഫ് മൗണ്ടനും' ആഖ്യാനരീതിയില്‍ സാമ്യം പുലര്‍ത്തുന്നുണ്ട്. രണ്ട് ചിത്രങ്ങളിലും പ്രധാനമായും കുട്ടികളിലൂടെയാണ് ജീവിതത്തിന്റെ അരക്ഷിതാവസ്ഥ സംവിധായകര്‍ കാണിച്ചു തരുന്നത്. ജീവിതസാഹചര്യങ്ങളോട് പ്രതികരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ എടുക്കുന്ന മുന്‍കരുതലുകള്‍ കുട്ടികളില്‍ കാണാനാവില്ല. മുന്നില്‍ കാണുന്നവയ്ക്ക് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ അവരുടെ കാഴ്ചയ്ക്കപ്പുറത്താണ്. സംഘര്‍ഷഭൂമിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് ജീവിതം എപ്പോഴും പുതിയ അനുഭവങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ആ അനുഭവങ്ങളിലൂടെ അവര്‍ പാകപ്പെട്ടുകൊണ്ടിരിക്കും. പക്ഷേ, ഓരോ അനുഭവം നേടുമ്പോഴും ചിലതൊക്കെ അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവും. ഈ നഷ്ടപ്പെടലിന്റെ ചൂടാണ് പര്‍വതത്തിന്റെ നിറങ്ങളില്‍ നമ്മള്‍ തൊട്ടറിയുന്നത്.

നാല്പത്തിയഞ്ചുകാരനായ കൊളംബിയന്‍ സംവിധായകന്‍ കാര്‍ലോസ് സെസാര്‍ അര്‍ബലേസിന്റെ ആദ്യ ഫീച്ചര്‍ ചിത്രമാണ് ' ദ കളേഴ്‌സ് ഓഫ് മൗണ്ടന്‍'. സാന്‍ സബാസ്റ്റ്യന്‍ ഫിലിം മേളയില്‍ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കാര്‍ലോസിനായിരുന്നു. 2011 ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അവാര്‍ഡും കാര്‍ലോസ് സ്വന്തമാക്കി. മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന് മത്സരിച്ചിട്ടുണ്ട് ഈ സിനിമ.

ഒരു ഗ്രാമത്തിന്റെ സജീവ ചിത്രണത്തിലൂടെ കൊളംബിയയുടെ ജീവിതാവസ്ഥയാണ് സംവിധായകന്‍ രേഖപ്പെടുത്തുന്നത്. പരിതാപകരമാണ് അവിടത്തെ ജീവിതം. അതുകൊണ്ടുതന്നെ സംവിധായകന് പറയാനുള്ളത് പരാജിതരുടെ കഥയാണ് . മയക്കുമരുന്നു കടത്തിനും ഫുട്‌ബോളിനും ഗറില്ലാ പോരാട്ടങ്ങള്‍ക്കും പേരുകേട്ട രാജ്യമാണ് കൊളംബിയ. ഭരണകൂടവും അതിനെ വെല്ലുവിളിക്കുന്ന ഗറില്ലകളും ഓരോ ഭാഗത്ത് നിലയുറപ്പിക്കുന്നു. രണ്ടിനെയും ഒരാള്‍ക്ക് ഒരേ സമയം പിന്തുണയ്ക്കാന്‍ വയ്യ. ഏതെങ്കിലും ഒന്നിനോടാവണം കൂറ്. ചെകുത്താനും കടലിനും നടുവിലാണ് കൊളംബിയന്‍ ജനത. അതിരിട്ട മുള്ളുവേലികളാണെങ്ങും. അതിനകത്ത് ഒതുങ്ങിവേണം ജീവിക്കാന്‍.

ഒമ്പത് വയസ്സുകാരനായ മാനുവലും സമപ്രായക്കാരായ ജൂലിയാനും പൊക്കാ ലൂസും. ഇവരും മാനുവലിന്റെയും ജൂലിയാന്റെയും കുടുംബങ്ങളും സ്‌കൂളധ്യാപിക കാര്‍മലുമാണ് കഥയുടെ കേന്ദ്രസ്ഥാനത്ത് വരുന്നത്. മാനുവലിന്റെ അച്ഛന്‍ ഏണസ്റ്റോ ഈ മണ്ണ് വിട്ടുപോകാന്‍ മടിക്കുന്ന കര്‍ഷകനാണ്. ജീവിതം അയാള്‍ക്കെപ്പോഴും അധ്വാനമാണ്. തന്റെ അച്ഛനെ ഗറില്ലകള്‍ അപായപ്പെടുത്തിയതിന്റെ ഓര്‍മകള്‍ ഏണസ്റ്റോവില്‍ എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ ഗറില്ലകളെ അയാള്‍ വെറുക്കുന്നു. അവരുടെ ഭീഷണിക്കൊന്നും അയാള്‍ വഴങ്ങുന്നില്ല. ഗ്രാമം വിട്ടുപോകാനുള്ള ഭാര്യയുടെ ആഗ്രഹത്തിന് അയാള്‍ വിലങ്ങിടുന്നു. ' ഇനി എത്തിച്ചേരുന്നിടം കേമമായിരിക്കും എന്നതിന് എന്താണുറപ്പ് ' എന്നാണയാള്‍ ഭാര്യയോട് ചോദിക്കുന്നത്. നിശ്ചിതമായ ഒരൊഴുക്കില്ല തങ്ങളുടെ ജീവിതത്തിന് എന്നയാള്‍ വിശ്വസിക്കുന്നു. ഈ മണ്ണ്, കുടുംബം,തന്നോടൊപ്പം വളരുന്ന മൃഗങ്ങള്‍. ഇതൊക്കെ മതി ഏണസ്റ്റോവിന്. ഇവിടെനിന്ന് പുറപ്പെട്ടുപോയാല്‍ എങ്ങുമെത്തില്ലെന്ന് അയാള്‍ ഭയക്കുന്നു.

നേരെ വ്യത്യസ്തമായ കാഴ്ചപ്പാടാണ് ജൂലിയാന്റെ അച്ഛന്. സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയാണയാള്‍. ഗറില്ലകളോട് പൊരുതി നില്‍ക്കാനാവില്ല അയാള്‍ക്ക്. മൂത്ത മകന്‍ നാടുവിട്ട് പോയി. അവന്‍ ഗറില്ലകളോടൊപ്പം ചേര്‍ന്ന് സായുധസമരത്തിലാണ്. അതിന്റെ വില കൊടുക്കേണ്ടിവന്നത് അവന്റെ കുടുംബത്തിനാണ്. ഒരു ദിവസം സൈന്യം പിടിച്ചുകൊണ്ടുപോയ അച്ഛന്‍ ഗ്രാമത്തില്‍ തിരിച്ചെത്തുന്നത് സ്വന്തം കുതിരപ്പുറത്ത് മൃതദേഹമായിട്ടാണ്.

കൊളംബിയന്‍ ജനതയുടെ ഇഷ്ടവിനോദമാണ് ഫുട്‌ബോള്‍. ചിത്രത്തിലെ കുട്ടികള്‍ക്കെല്ലാം ഫുട്‌ബോളിലേ താത്പര്യമുള്ളു.
 1 2 NEXT