കൂലിയെഴുത്തുകാരന്റെ ആത്മബലി
20 Dec 2011
''എല്ലാവരും പറയുന്ന ആര്‍ട്ട് സിനിമയും സിനിമയ്ക്കുണ്ടാവണമെന്ന് പറയുന്ന തത്ത്വചിന്താപരമായ ആഴവുമൊന്നും എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രാധാന്യമര്‍ഹിക്കുന്നില്ല. ക്യാമറ കൊണ്ട്, പ്രകാശം കൊണ്ട്, അഭിനേതാക്കളെക്കൊണ്ട് വളരെ ലളിതമായി സിനിമയുണ്ടാക്കാനാണ് എനിക്കിഷ്ടം''-പ്രശസ്ത പോളിഷ് സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കി തന്റെ സിനിമാ സങ്കല്പം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. എഴുപത്തിയെട്ടുകാരനായ പൊളാന്‍സ്‌കി ഇപ്പോഴും സിനിമയെടുക്കുന്നു.ആ പ്രതിഭയ്ക്ക് ഒരു മങ്ങലും ഏറ്റിട്ടില്ല.49 വര്‍ഷം മുമ്പാണ് പൊളാന്‍സ്‌കി ആദ്യ ചിത്രം സംവിധാനം ചെയ്തത്. പേര്:'നൈഫ് ഇന്‍ ദ വാട്ടര്‍'.
മൂന്ന് കഥാപാത്രങ്ങളും ഒരു വഞ്ചിയുമാണ് ഈ ചിത്രത്തിലുള്ളത്.അപരിചിതനായ യുവാവുമൊത്ത് വഞ്ചി തുഴയാന്‍ പോകുന്ന ദമ്പതിമാര്‍ക്കിടയില്‍ രൂപം കൊള്ളുന്ന അസ്വാരസ്യങ്ങളാണ് ഇതിന്റെ ഇതിവൃത്തം.മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന് മത്സരിച്ചിട്ടുണ്ട് ഈ പോളിഷ് സിനിമ.തുടര്‍ന്ന് 'റിപ്പല്‍ഷന്‍'(1965),'റോസ് മേരീസ് ബേബി'(1968),'മാക്ബത്ത്'(1971),'വാട്ട്'(1973),'ചീനാ ടൗണ്‍'(1974), 'ദ ടെനന്റ്'(1976),'ടെസ്സ്'(1979),'ദ പിയാനിസ്റ്റ്'(2002),'ഒളിവര്‍ ട്വിസ്റ്റ്'(2005) തുടങ്ങിയ ചിത്രങ്ങള്‍ പുറത്തുവന്നു. ഇവയില്‍, ഏറെ അവാര്‍ഡുകള്‍ നേടിയെടുത്ത ചിത്രം 'ദ പിയാനിസ്റ്റാ'ണ്.മികച്ച സംവിധായകനുള്ളതുള്‍പ്പെടെ നാല് ഓസ്‌കറാണ് ഈ ചിത്രം കരസ്ഥമാക്കിയത്.കാന്‍ ഫിലിം ഫെസ്റ്റിവെലിലെ മികച്ച ചിത്രവും 'ദ പിയാനിസ്റ്റ്' ആയിരുന്നു. പിയാനോ വാദകനായ പോളിഷ് ജൂതന്‍ വഌഡിസ്ലോ സ്പില്‍മാന്റെ ആത്മകഥയെ അവലംബിച്ചാണീ സിനിമയെടുത്തത്.രണ്ടാംലോകയുദ്ധകാലത്ത് പോളണ്ടില്‍ നടമാടിയ നാസിഭീകരത തുറന്നുകാട്ടുന്ന ചിത്രമാണിത്.വംശക്കുരുതിയെ മറികടന്ന് വീണ്ടും ജീവിതത്തിലേക്കും സംഗീതത്തിലേക്കും തിരിച്ചുവരുന്ന സ്പില്‍മാന്റെ അസാധാരണമായ കഥയാണ് പൊളാന്‍സ്‌കി പറയുന്നത്.'ടെസ്സി'ന് മൂന്ന് ഓസ്‌കര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
പൊളാന്‍സ്‌കിയുടെ സമകാലിക ചിത്രങ്ങളിലൊന്നായ 'ദ ഗോസ്റ്റ് റൈറ്റര്‍' 2010-ലിറങ്ങി.(ബ്രിട്ടനില്‍ 'ദ ഗോസ്റ്റ്' എന്ന ശീര്‍ഷകത്തിലാണ് ചിത്രം റിലീസായത്.)റോബര്‍ട്ട് ഹാരിസിന്റെ നോവലാണ് ഈ ഇംഗ്ലീഷ് സിനിമയ്ക്കാധാരം. രാഷ്ട്രീയവും ചാരപ്പണിയും വഞ്ചനയും സാഹിത്യവുമെല്ലാം സ്പര്‍ശിച്ചുപോകുന്ന 'ദ ഗോസ്റ്റ് റൈറ്റര്‍' അസാധാരണമായ ഒരു സസ്‌പെന്‍സ് ചിത്രമാണ്. പ്രേക്ഷകന്‍ ഊഹിക്കാത്ത വഴികളിലൂടെയാണ് സിനിമയുടെ സഞ്ചാരം. അത് ചെന്നവസാനിക്കുന്നിടത്തും അത്ഭുതം കാത്തുനില്‍ക്കുന്നു.നോവലിസ്റ്റിനൊപ്പം സംവിധായകനും സിനിമയുടെ തിരക്കഥാരചനയില്‍ പങ്കാളിയാണ്.രണ്ട് മണിക്കൂറുള്ള സിനിമയുടെ ഓരോ നിമിഷവും ഉദ്വേഗം നിറഞ്ഞതാണ്.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആഡം ലാങ്ങിന്റെ ആത്മകഥ പൂര്‍ത്തിയാക്കാന്‍ അമേരിക്കയിലെത്തുന്ന ഒരു ബ്രിട്ടീഷുകാരനാണിതിലെ നായകന്‍.(ആഡം ലാങ്ങിന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുമായി സാദൃശ്യമുണ്ടെന്ന് നിരൂപകര്‍ പറയുന്നു).ആരോപണങ്ങളുടെ പേരില്‍ അധികാരം വിട്ടൊഴിഞ്ഞ ലാങ് ഭാര്യ റൂത്തിനോടും ഏതാനും സഹായികളോടുമൊപ്പം അമേരിക്കയിലെ ഒരു ദ്വീപില്‍ രഹസ്യമായി കഴിയുകയാണ്.ബ്രിട്ടനിലെ പ്രമുഖ പ്രസിദ്ധീകരണക്കമ്പനിയാണ് ലാങ്ങിന്റെ ആത്മകഥ ഇറക്കുന്നത്. 100 കോടി ഡോളറാണ് ലാങ് ഇതിന് പ്രതിഫലമായി വാങ്ങുന്നത്. മൈക്ക് മക്കാറ എന്നൊരു കൂലിയെഴുത്തുകാരനാണ് ലാങ്ങിന്റെ ആത്മകഥ തയാറാക്കാന്‍ ആദ്യം വരുന്നത്. മൈക്ക് രചന ഏതാണ്ട് പൂര്‍ത്തിയാക്കിയിരുന്നു. പെട്ടെന്ന് ഒരു ദിവസം മൈക്കിന്റെ മൃതദേഹം കടല്‍ത്തീരത്തടിയുന്നു. അങ്കലാപ്പിലായ പുസ്തകക്കമ്പനി മറ്റൊരു എഴുത്തുകാരനെ തേടുന്നു. ഒരു മാന്ത്രികന്റെ ആത്മകഥ തയാറാക്കിക്കൊടുത്ത ബ്രിട്ടീഷ് യുവാവിനാണ് നറുക്ക് വീണത്. രണ്ടര ലക്ഷം ഡോളര്‍ പ്രതിഫലത്തില്‍ അയാള്‍ പുസ്തകരചന ഏറ്റെടുക്കുന്നു. അയാളുടെ മുന്‍ഗാമി ആഡം ലാങ്ങിന്റെ ജീവിതം മുഴുവന്‍ പകര്‍ത്തിവെച്ചിട്ടുണ്ട്. പക്ഷേ, അതിനൊരു അടുക്കും ചിട്ടയും വന്നിട്ടില്ല.വായനക്കാരനെ പെട്ടെന്ന് ആകര്‍ഷിക്കുന്ന ഒരു തുടക്കം വേണം. അതിന്റെ വേവലാതിയിലാണ് രണ്ടാമത്തെ കൂലിയെഴുത്തുകാരന്‍.
23-ാം വയസ്സില്‍ രാഷ്ട്രീയത്തില്‍ വന്നയാളാണ് ആഡം ലാങ്. അതിന് കാരണക്കാരി റൂത്ത് എന്ന കാമുകിയായിരുന്നു. അവളോടുള്ള പ്രണയമാണ് ലാങ്ങിനെ രാഷ്ട്രീയത്തിലെത്തിച്ചത്. പിന്നീടവള്‍ ലാങ്ങിന്റെ ഭാര്യയായി. ലാങ്ങിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്കു പിന്നില്‍ റൂത്തായിരുന്നു. കാര്യങ്ങള്‍ കൃത്യമായി കണക്കുകൂട്ടാന്‍ കഴിവുള്ള തന്റേടിയായ സ്ത്രീ. ലാങ്ങിന്റെ പതനത്തിലും റൂത്ത് കൂടെയുണ്ട്. മുന്‍ഗാമി എഴുതിവെച്ചതില്‍ അവിടവിടെ ചില കണ്ണികള്‍ വിട്ടുപോയതായി രണ്ടാമത്തെ എഴുത്തുകാരന്‍ മനസ്സിലാക്കുന്നു. ആഡം ലാങ്ങിനെ ഇന്റര്‍വ്യൂ നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണയാള്‍.
ഇതിനിടെ , ലാങ്ങിനെതിരെ പുതിയ ആരോപണമുയരുന്നു. ബ്രിട്ടീഷ് സേന പിടികൂടിയ നാല് അല്‍ഖ്വെയ്ദ പ്രവര്‍ത്തകരെ ഭരണത്തിലിരിക്കെ ആഡം ലാങ് സി.ഐ.എ. ക്ക് കൈമാറി എന്ന വിവരമാണ് പുറത്തുവരുന്നത്. ചോദ്യം ചെയ്യലിനിടെ ഒരു അല്‍ഖ്വെയ്ദ പ്രവര്‍ത്തകന്‍ മര്‍ദനമേറ്റ് മരിച്ചിരുന്നു. ലാങ്ങിനെ അന്താരാഷ്ട്ര കോടതിയില്‍ യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്യണമെന്ന് ആവശ്യമുയരുന്നു. ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നിന്ന് വിസ്മൃതനായ ലാങ് ഇതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. അമേരിക്കക്കൊപ്പം ചേര്‍ന്ന് ഇറാഖില്‍ ബ്രിട്ടന്‍ നടത്തിയത് നിയമവിരുദ്ധ യുദ്ധമായിരുന്നു എന്നറിഞ്ഞ ബ്രിട്ടീഷ് ജനത ലാങ്ങിനെതിരാവുന്നു.