കണ്ണാടി ടാക്കീസിലെ കാഴ്ചകള്‍

posted on:

12 Aug 2013


സ്റ്റാര്‍ട്ട്... ആക്ഷന്‍! കോഴിക്കോട് ചെറുവണ്ണൂരിലെ ഫറോക്ക് ടൈല്‍സിന്റെ ഇരുണ്ട അകത്തളത്തില്‍ കാര്‍ത്തിക് മുത്തുകുമാറിന്റെ ക്യാമറയ്ക്കു മുന്നിലേക്ക് വാതില്‍ തുറന്ന് ശ്രീനിവാസന്‍ കടന്നു വന്നു. കെ.എം. മധുസൂദനന്റെ 'കണ്ണാടി ടാക്കീസി'ലെ തിയേറ്റര്‍ മാനേജര്‍ ദിനേശനാണത്. വിവശമായ മുഖം. അതിയായ സംഘര്‍ഷം അയാളെ അലട്ടുന്നുണ്ട്. എന്താവാം അത്?

''കണ്ണാടി ടാക്കീസ് പ്രേക്ഷകനുനേരെ പിടിച്ച ഒരു കണ്ണാടിയാണ്.'' സംവിധായകന്‍ കെ.എം.മധുസൂദനന്‍ പറഞ്ഞു തുടങ്ങി. 'ഒരു സര്‍റിയലിസ്റ്റിക് കോമഡി ത്രില്ലര്‍ ആണിത്. നാട്ടിന്‍ പുറത്തെ ഒരു സെക്കന്‍ഡ് ക്ലാസ്സ് തിയേറ്ററായ കണ്ണാടി ടാക്കീസിന്റെ മാനേജരാണ് ദിനേശന്‍.
ഒരാവേശമെന്നോ ലഹരിയെന്നോ പറയാം, ദിനേശന്‍ ദിനവും മൂന്നു സിനിമയെങ്കിലും കാണും. സിനിമ കാണുമ്പോള്‍ അതിലെ നായക കഥാപാത്രവുമായി അയാള്‍ താദാത്മ്യം പ്രാപിക്കുന്നുണ്ട്. നായകന്റെ അനുഭവങ്ങള്‍ തന്റേതു കൂടിയാക്കുകയാണ് അയാള്‍.

തിയേറ്റര്‍ ഉടമ ശിവരാമന്‍ നമ്പ്യാര്‍, പ്രൊജക്ഷനിസ്റ്റ് അലിയാര്‍, അയാളുടെ മകള്‍ സൈനബ, ടിക്കറ്റ് കളക്ടര്‍ സുഗതന്‍ എന്നിവരടങ്ങുന്ന ഒരു ചെറിയ ലോകമാണ് ദിനേശന്റേത്. അയാളുടെ ഈ പ്രത്യേക സ്വഭാവം ഒരു പാട് രസകരമായ സംഭവങ്ങള്‍ക്കും വഴി വെക്കുന്നുണ്ട്.'
ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'ബയോസ്‌കോപ്പ്' എന്ന ചിത്രത്തിന്റെ സംവിധായകനാണ് കെ.എം. മധുസൂദനന്‍.

തിയേറ്റര്‍ ഉടമയായ ശിവരാമന്‍ നമ്പ്യാരായി ഒരു നാട്ടുപ്രമാണിയുടെ കെട്ടിലും മട്ടിലുമാണ് ലാല്‍. വിജയകുമാര്‍, വിജയന്‍ കാരന്തൂര്‍, മാമുക്കോയ, ഇന്ദ്രന്‍സ്, അര്‍ച്ചന കവി, ലക്ഷ്മി ശര്‍മ, സുരഭി, ചിഞ്ചു മോഹന്‍, ദേവി അജിത്ത് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എംപറര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഹൈദര്‍ ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.

ഗാനരചന: റഫീക്ക് അഹമ്മദ്, സംഗീതം: എം. ജയചന്ദ്രന്‍, ചമയം: പാണ്ഡ്യന്‍, വസ്ത്രാലങ്കാരം: രാധാകൃഷ്ണന്‍ മാങ്ങാട്, ഛായാഗ്രഹണം: കാര്‍ത്തിക് മുത്തുകുമാര്‍, എഡിറ്റിങ്: കപില്‍ ഗോപാലകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, ആര്‍ട്ട്: മുരളി ബേപ്പൂര്‍.