ദിലീപിന്റെ മൈ ബോസ്

posted on:

10 Oct 2012മനുവര്‍മ. വേഷവും ഭാവവും പെരുമാറ്റവും കണ്ടാലറിയാം, മനു ഇന്നിന്റെ പ്രതീകമാണ്. സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍. എങ്കിലും മനുവര്‍മ കുട്ടനാട്ടില്‍ ജനിച്ചു വളര്‍ന്ന തനി സാധാരണക്കാരനാണ്. പക്ഷേ, നഗരത്തില്‍ പോയി എഞ്ചിനിയറിങ് ബിരുദം നേടിയപ്പോള്‍ ആളാകെ അറിയാതെ മാറി. ചിന്തകളും പ്രകൃതവുമൊക്കെ തികച്ചും വ്യത്യസ്തമായി. നാടിനോടും നാട്ടുകാരോടും പുച്ഛം. ആധുനിക ജീവിതരീതികളുമായി ഇടപെട്ട്, പിന്നീട് പാശ്ചാത്യ സംസ്‌കാരത്തെയാണ് മനു ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. അന്തസ്സോടെ ജീവിക്കാന്‍ ഒട്ടും സൗകര്യമില്ലാത്ത ഈ നാട്ടില്‍നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു മനുവിന്. ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി തേടി അവിടെതന്നെ സ്ഥിരതാമസമാക്കണം, അതായിരുന്നു മനുവിന്റെ ലക്ഷ്യം.
അതിന്റെ ഭാഗമായിട്ടാണ് മനുവര്‍മ മുംബൈയിലെ പ്രശസ്ത ഐ.ടി. കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. വിദേശ രാജ്യത്തിലേക്കു കടക്കാനുള്ള ചവിട്ടുപടിയായിരുന്നു ഈ ഉദ്യോഗം.

ഓഫീസില്‍ മനുവര്‍മയുടെ ബോസ് പ്രിയയായിരുന്നു. സുന്ദരിയും കര്‍ക്കശക്കാരിയുമായിരുന്നു പ്രിയ. മലയാളിയാണെങ്കിലും ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാണ്. വിദേശവാസം ബോറടിച്ചതിന്റെ ഭാഗമായിട്ടാണ് മുംബൈയിലെത്തി ജോലി ചെയ്യുന്നത്. കുടുംബബന്ധത്തിനും ജീവിതമൂല്യത്തിനും യാതൊരു വിലയുമില്ലാത്ത ആ നാട്ടില്‍നിന്ന് എങ്ങനെയെങ്കിലും വന്ന് കേരളത്തില്‍ സ്ഥിരതാമസമാക്കാനുള്ള കാരണം കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് പ്രിയ.

അങ്ങനെ വിഭിന്ന മോഹവും വിശ്വാസങ്ങളുമുള്ള മനുവര്‍മയും പ്രിയയും ഒരേ ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളാണ് രണ്ടു പേരെയും അകറ്റിയത്. പക്ഷേ, ഒരു പ്രത്യേക സാഹചര്യത്തില്‍ രണ്ടുപേരും ചേര്‍ന്ന് കേരളത്തിലേക്ക് വരേണ്ടിവരുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തിലും വിശ്വാസത്തിലുമുണ്ടാകുന്ന മാറ്റങ്ങളാണ് വളരെ രസകരമായി 'മൈ ബോസ്' എന്ന ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്.

'മമ്മി ആന്റ് മി' എന്ന വിജയ ചിത്രത്തിനുശേഷം ജിത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മൈ ബോസി'ന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു. നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ക്ക് ഈസ്റ്റ്‌കോസ്റ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മിക്കുന്ന മൈബോസില്‍ മനുവര്‍മയായി ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ പ്രിയയായി മംമ്ത മോഹന്‍ദാസ് നായികയായി പ്രത്യക്ഷപ്പെടുന്നു.

ആനന്ദ്, കൂട്ടിക്കല്‍ ജയചന്ദ്രന്‍, സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍, അബു സലിം, കലാഭവന്‍ ഹനീഫ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോക്കുട്ടന്‍, സീത, രേഖ, വത്സലാമേനോന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ അനില്‍ നായര്‍. സന്തോഷ് വര്‍മ, ഈസ്റ്റ് കോസ്റ്റ് വിജയന്‍, കുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് സെജോ ജോണ്‍, പി. ജയചന്ദ്രന്‍, കാര്‍ത്തിക്, രാഹുല്‍ നമ്പ്യാര്‍, നവരാജ് ഹാന്‍ഡ്‌സ്, റിമി ടോമി, മഞ്ജരി, നേഹ വേണുഗോപാല്‍ എന്നിവരാണ് ഗായകര്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപു എസ്. കുമാര്‍, കല - സാബു റാം, മേക്കപ്പ് - രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം - അസീസ് പാലക്കാടന്‍, സ്റ്റില്‍സ് - അഭിലാഷ് നാരായണന്‍, എഡിറ്റര്‍ - വി. സാജന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സൈലക്‌സ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടര്‍ - രതീഷ്‌കുമാര്‍, പ്രശാന്ത്, സംവിധാന സഹായികള്‍ - എം.ആര്‍. രഞ്ജിത്ത്, ആല്‍വിന്‍, ഹെന്‍ട്രി, കരുണ്‍പ്രസാദ്, പ്രൊഡക്ഷന്‍ മാനേജര്‍ - സന്തോഷ് ചെറുപ്പൊയ്ക, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, മനോജ് പൂങ്കുന്നം.
ആലപ്പുഴ, മുംബൈ, കൊച്ചി എന്നിവിടങ്ങളിലായി 'മൈ ബോസ്' പൂര്‍ത്തീകരിച്ചു.

എ.എസ്. ദിനേശ്‌