ജീവിതത്തിന്റെ ഹൈഡ് ആന്റ് സീക്ക്

ടി.എസ്. പ്രതീഷ്‌

 

posted on:

30 Jun 2012


മലയാള നാടകവേദി എന്നും ഓര്‍മ്മിക്കുന്ന കാളിദാസ കലാകേന്ദ്രം നിര്‍മ്മിക്കുന്ന ചലച്ചിത്രം, മുകേഷ്, അമ്മ വിജയകുമാരി, മരുമകന്‍ ദിവ്യദര്‍ശന്‍ എന്നിവര്‍ വേഷമിടുന്ന ചിത്രം, നിര്‍മ്മാണം: മുകേഷിന്റെ സഹോദരി സന്ധ്യാ രാജേന്ദ്രന്‍. എന്നിങ്ങനെ വാര്‍ത്താ പ്രാധാന്യമുളള ചിത്രമാണ് അനില്‍ സംവിധാനം ചെയ്യുന്ന ഹൈഡ് ആന്റ് സീക്ക്. ദാമ്പത്യ ജീവിതത്തിലെ ചില ഒളിച്ചു കളികള്‍, ചില ഒറ്റയാന്‍മാരുടെ നിഗൂഢതകള്‍ എന്നിവയെല്ലാം വിഷയമാക്കുന്ന ചിത്രം വ്യത്യസ്തമായ പാതയില്‍ കഥ പറയാന്‍ ശ്രമിക്കുകയാണ്. മുകേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ നടാഷയും ദിവ്യദര്‍ശനുമാണ ് നായികാ നായകന്‍മാര്‍. ശങ്കര്‍ മറ്റൊരു പ്രധാന കഥാപാത്രമായി സ്‌ക്രീനിലെത്തുന്നു. കാളിദാസ മൂവി ഇന്റര്‍ നാഷണലിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അനില്‍മുരളി, ജയന്‍, നാടകരംഗത്തെ കലാകാരന്‍മാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.വിക്രം. എസ്.നായര്‍. തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചി പ്രധാന ലൊക്കേഷനാക്കി പുരോഗമിക്കുന്നു.

ആധുനിക ജീവിതത്തിന്റെ തിരക്കിനിടയില്‍ ഗൗരിയുടേയും നവീനിന്റേയും ദാമ്പത്യ ജീവിതത്തില്‍ താളപ്പിഴകള്‍ വരുന്നു. നവദമ്പതികളായ അവര്‍ക്ക് എവിടെയായിരുന്നു പിഴച്ചത്? പല ആളുകളുടെ വീക്ഷണത്തിലൂടെയാണ്് ആ ചോദ്യത്തിനുളള ഉത്തരം ഹൈഡ് ആന്റ് സീക്കില്‍ വരുന്നത്.കൊച്ചിയിലെ എത്തനിക്ക് റസ്റ്റോറന്റിലെ ജോലിക്കാരനാണ് സോളമന്‍. അവിടെ പലരുടെയും സംഗമസ്ഥലമാണ്. വിദ്യാര്‍ഥികള്‍, അഭിഭാഷകര്‍, കവികള്‍ എന്നിങ്ങനെ സമൂഹത്തിലെ വ്യത്യസ്ത തുറയിലെ ആളുകള്‍ അവിടെയെത്തും. അവരോടൊന്നും പ്രത്യേക ബന്ധം സ്ഥാപിക്കാത്ത ഇയാള്‍ പലതും അറിയുന്നു. തുടര്‍ന്ന് അദ്ദേഹം നടത്തുന്ന യാത്രയും അന്വേഷണങ്ങളുമെല്ലാം ചിത്രത്തിന് പുതിയ കാഴ്ച നല്കുകയാണ്.പുതുമുഖം നടാഷ ഗൗരിയേയും ദിവ്യദര്‍ശന്‍ നവീനേയും അവതരിപ്പിക്കുന്നു. മുകേഷാണ് സോളമന് ജീവന്‍ നല്കുന്നത്.

രണ്ട് രീതിയില്‍ അവതരണം-അനില്‍

''അമേരിക്കന്‍ കമ്പനിയില്‍ ജീവനക്കാരായ നവീനും ഗൗരിയും പ്രണയിച്ച് വിവാഹിതരായവരാണ്. ജീവിതം നയിക്കാനുളള പക്വതയില്ലായ്മ അവരെ വഴിപിരിക്കുന്നതില്‍ വരെ എത്തിക്കുന്നു.അതാണ് ഫോക്കസ് ചെയ്യുന്നതെങ്കിലും അതിനപ്പുറം യുവത്വത്തിന്റെ ഒരു പാട് കാര്യങ്ങള്‍ ഹൈഡ് ആന്റ്് സീക്കില്‍ വരുന്നു. റസ്റ്റോറന്റില്‍ വരുന്നവരില്‍ സിനിമക്കാരുണ്ട്, കുറേ ചെറുപ്പക്കാരുണ്ട്. യഥാര്‍ഥ ജീവിത കഥക്കൊപ്പം അവരുടെ കണ്ണിലൂടെയും കഥ പറയുന്നു ചിത്രം. പുതിയ പ്രമേയവുമായി എത്തുന്ന ന്യൂ ജനറേഷന്‍ സിനിമകളുടെ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രമായിരിക്കും ഇത്. ഹ്യൂമറിനു വേണ്ടി ഒന്നും പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടില്ല. കഥാ വികാസത്തില്‍ വരുന്ന ഹ്യൂമര്‍ സിറ്റ്വേഷനുകളാണ് ചിത്രത്തെ നയിക്കുന്നത്. എന്റെ പതിവു ചിത്രങ്ങളില്‍ നിന്ന് ഏറെ അകലം പ്രാപിക്കുന്ന ഒരു ചിത്രം ചെയ്യുന്നതിന്റെ ഒരു സുഖം അനുഭവിക്കുകയാണിപ്പോള്‍.''അനില്‍


നിര്‍മ്മാണത്തിനു പിന്നിലെ രഹസ്യം-രാജേന്ദ്രന്‍

കാളിദാസ കലാകേന്ദ്രത്തിന്റെ 50-ാം വാര്‍ഷികമാണിപ്പോള്‍. ഞാന്‍ 25-വര്‍ഷമായി അതിന്റെ ചെയര്‍മാനാണ്. മലയാള നാടകരംഗത്തും സാമൂഹിക രംഗത്തും ഒരു പാട് മാറ്റങ്ങള്‍ക്ക് വഴിതെളിച്ച ഈ സ്ഥാപനം ഇനി സിനിമയിലേക്ക് ചുവടുറപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പെട്ടെന്ന് എടുത്ത തീരുമാനമല്ല. രണ്ടു വര്‍ഷമായി ആലോചിച്ചെടുത്തതാണ്. കാളിദാസ കലാകേന്ദ്രം സീരിയല്‍ നിര്‍മ്മിച്ചിരുന്നു. അന്ന് നല്ല സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന്് ലഭിച്ചത്. ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പം കുറേ കലാകാരന്‍മാരുണ്ട്. അവര്‍ക്കൊക്കെ സിനിമയില്‍ അവസരം നല്കാനും കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം.

കഴിവുളള ഒരു പാട് കലാകാരന്‍മാര്‍ സിനിമയുടെ സമസ്ത മേഖലകളിലുമുണ്ട്. അവര്‍ക്കൊക്കെ നല്ല അവസരം നല്കാനും ഞങ്ങള്‍ ശ്രമിക്കും.ഇനി എല്ലാ വര്‍ഷവും ഓരോ സിനിമകള്‍ നിര്‍മ്മിക്കണമെന്നാണ് ഞങ്ങളുടെ പ്ലാന്‍. കൊല്ലം ആസ്ഥാനമായ കാളിദാസയുടെ സിനിമ പ്രൊഡക്ഷന്‍ ഓഫീസ് കൊച്ചിയിലാണ്. ഇനി ഞങ്ങള്‍ ഒരു സ്റ്റുഡിയോയും ഒരുക്കാന്‍ ആലോചിക്കുന്നു.

മകന്‍ ദിവ്യദര്‍ശന്‍ സിനിമാഅഭിനയരംഗത്തേക്ക് വന്നത് യാദൃച്ഛികമായിട്ടാണ്. ഞങ്ങള്‍ ഈ സിനിമ ചെയ്യുമ്പോള്‍ പുതുമുഖ താരങ്ങളെ അഭിനയിപ്പിക്കാമെന്ന് ആദ്യമേ കരുതിയിരുന്നു.പലരേയും കാസ്റ്റ് ചെയ്യാന്‍ നോക്കിയെങ്കിലും കൃത്യമായി ഒരാളെ കിട്ടിയില്ല. അപ്പോഴാണ് ദിവ്യദര്‍ശന്‍ എം.ബി.എ കോഴ്‌സ് കഴിഞ്ഞ് എത്തുന്നത്. പുതുമുഖ നടന്‍മാരെ അന്വേഷിക്കുന്നതിനിടയില്‍ അവന്‍ തന്നെ അനിലിനോട് ഞാന്‍ അഭിനയിച്ചാല്‍ പോരേ എന്ന് ചോദിക്കുകയായിരുന്നു. അങ്ങനെയാണ് ദിവ്യദര്‍ശന്‍ ഈ സിനിമയുടെ ഭാഗമാകുന്നത്.

കലാകാരന്‍മാര്‍ കാലത്തിനൊപ്പം-മുകേഷ്

'കലാകാരന്‍മാര്‍ മാറ്റത്തിനൊപ്പം സഞ്ചരിക്കേണ്ടവരാണ്. നാടകം, സീരിയല്‍ എന്നിവ ചെയ്ത ഞങ്ങള്‍ ഇനി സിനിമയിലൂടെ കാര്യങ്ങള്‍ പറയണമെന്നാണ് കരുതുന്നത്. നമ്മള്‍ സിനിമ ചെയ്യുമ്പോള്‍ ഞങ്ങളുടെ നാടകത്തിന്റെ അവതരണഗാനത്തോടെയാണ് തുടങ്ങുന്നത്. അതു പോലെ ഒ.എന്‍.വി.-ദേവരാജന്‍ ടീം ഒരുക്കിയ അത്തിക്കായ്കള്‍ പഴുത്തല്ലോ എന്ന നാടകഗാനം ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നു. കാളിദാസയിലെ നാടകങ്ങള്‍ക്ക് അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച ഒരു പാട് കലാകാരന്‍മാരെ ഓര്‍ത്തു കൊണ്ടാണ് ഞങ്ങള്‍ പുതിയ സംരംഭം തുടങ്ങുന്നത്. ഹൈഡ് ആന്‍ഡ് സീക്ക് എന്ന സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയുന്ന ഒരു വേഷമുളളതു കൊണ്ടാണ് ഞാന്‍ അഭിനയിച്ചത്. അല്ലാതെ ഞങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമയായതു കൊണ്ട് അഭിനയിച്ചതല്ല. ഞാന്‍ കഥ പറയുമ്പോള്‍, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയാണ്. വലിയ റോളല്ല കഥ പറയുമ്പോളില്‍ അവതരിപ്പിച്ചത്. തട്ടത്തിന്‍ മറയത്തില്‍ അഭിനയിച്ചിട്ടേയില്ല. ഞങ്ങളുടെ മൂന്ന് തലമുറകള്‍ ഈ ചിത്രത്തില്‍ വരുന്നുവെന്നത് സന്തോഷം തരുന്നു.
ഹൈഡ് ആന്റ് സീക്കിന്

പിന്നില്‍
ബാനര്‍ -കാളിദാസ ഇന്റര്‍ നാഷണല്‍ മൂവി, നിര്‍മ്മാണം-സന്ധ്യാ രാജേന്ദ്രന്‍, സംവിധാനം-അനില്‍, തിരക്കഥ-വിക്രം .എസ്.നായര്‍, ഛായാഗ്രഹണം-ആനന്ദക്കുട്ടന്‍, കലാസംവിധാനം-ബോബന്‍, പ്രൊ.കണ്‍ട്രോളര്‍-വിനോദ് മംഗലത്ത്.