അവാര്‍ഡ് വേദികളിലെ നൃത്താഭാസങ്ങള്‍ക്കെതിരെ റസൂല്‍ പൂക്കുട്ടി

posted on:

22 Jan 2013

സിനിമാ അവാര്‍ഡ് ദാനചടങ്ങുകളില്‍ നടക്കുന്ന നൃത്തപരിപാടികള്‍ അതിരുകടക്കുന്നുവെന്ന വിമര്‍ശനവുമായി പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകനും ശബ്ദമിശ്രണത്തിലൂടെ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ മലയാളിയുമായ റസൂല്‍ പൂക്കുട്ടി രംഗത്ത്. ഫിലിംഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെ രാജ്യത്ത് ശ്രദ്ധിക്കപ്പെട്ട മിക്ക അവാര്‍ഡുദാന ചടങ്ങുകളിലും പുരസ്‌കാര ജേതാക്കളേക്കാള്‍ പ്രാധാന്യമാണ് ഇത്തരം നൃത്തപരിപാടികള്‍ക്ക് ലഭിക്കുന്നതെന്നും ഐറ്റം ഡാന്‍സുകള്‍ക്ക് ശേഷം മാത്രമേ പുരസ്‌കാരം നല്‍കാനായി ചലച്ചിത്ര പ്രവര്‍ത്തകരെ വേദിയിലേക്ക് ക്ഷണിക്കൂവെന്ന രീതി അപമാനകരമാണെന്നും പൂക്കുട്ടി പറഞ്ഞു. സിനിമാ അവാര്‍ഡുകളുടെ പ്രളയമാണ് രാജ്യത്ത്.

വിവിധ സംഘടനകള്‍ക്കും രാജ്യത്തെ ഏതെണ്ടെല്ലാ ചാനലുകള്‍ക്കും സ്വന്തമായി അവാര്‍ഡ് ദാനചടങ്ങുകളുണ്ട്. ടെലിവിഷനുകള്‍ ടിആര്‍പി റേറ്റിങിന് വേണ്ടിയാകാം ഇത്തരം രീതികള്‍ അവലംബിക്കുന്നത്. എന്നാല്‍ യാതൊരു സഭ്യതയുമില്ലാത്ത രീതിയിലുള്ള പേക്കൂത്തുകളാണ് പല ചാനല്‍ ഷോകളിലും അരങ്ങേറുന്നതെന്നും ഇതെല്ലാം കണ്ടിരുന്ന ശേഷം അവസാനം മാത്രമേ പുരസ്‌കാര ജേതാക്കള്‍ക്ക് പുരസ്‌കാരം ലഭിക്കുകയുള്ളൂവെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രമുഖരും പരിണിതപ്രജ്ഞരുമായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെല്ലാം തന്നെ അസ്വസ്ഥത ജനിപ്പിക്കുന്ന ഒന്നാണെന്നും അവരെ അപമാനിക്കുന്ന ഒന്നാണെന്നും റസൂല്‍ പൂക്കുട്ടി വിമര്‍ശിച്ചു.

പണമാണ് എല്ലാറ്റിനേയും നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് ചാനലുകള്‍ റേറ്റിങിന് വേണ്ടി ഇത്തരം രീതിയില്‍ അവാര്‍ഡ് ഷോകള്‍ ആസൂത്രണം ചെയ്യുന്നതെന്നും പൂക്കുട്ടി പറഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ഏതാണ്ടെല്ലാ ഷോകളുടേയും അവസ്ഥയിതാണ്. എന്നാല്‍ ലോകപ്രശസ്തമായ പുരസ്‌കാരദാന ചടങ്ങുകളില്‍ കലാസംഗീതപരിപാടികള്‍ ഉണ്ടായിരിക്കാമെങ്കിലും ഇത്തരം പേക്കൂത്തുകള്‍ ഉണ്ടാകാറില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടികള്‍ ആസ്വദിക്കരുതെന്നോ നൃത്തസംഗീത പരിപാടികള്‍ പാടില്ലെന്നോ അല്ല ഇതിനര്‍ത്ഥം. എന്നാല്‍ ഇതിനൊരു പരിധി വേണ്ടേയെന്നും യാതൊരു പരിധികളുമില്ലാത്ത രീതിയിലാണ് മിക്ക പുരസ്‌കാരദാന ചടങ്ങുകളും രാജ്യത്ത് നടക്കുന്നതെന്നും പൂക്കുട്ടി പറഞ്ഞു. ഓസ്‌കാര്‍ വേദിയില്‍ ഇത് നിങ്ങള്‍ക്ക് ഇത്തരം പേക്കൂത്തുകള്‍ കാണാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ പൂക്കുട്ടിയുടെ അഭിപ്രായത്തിനെതിരെ ചാനല്‍ അവാര്‍ഡ് പരിപാടികളിലെ സ്ഥിരം നര്‍ത്തകയും ബോളിവുഡിലെ ഐറ്റം ഡാന്‍സറുമായ യാന ഗുപ്ത രംഗത്തെത്തി. ടെലിവിഷന്‍ മേഖല ഒരു ബിസിനസ് ആയി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അവാര്‍ഡ് ഷോകളെ വാണിജ്യവത്ക്കരിച്ചുകൂടാ എന്നും യാന ഗുപ്ത ചോദിച്ചു. ഐറ്റം ഡാന്‍സുകള്‍ പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നുവെങ്കില്‍ അതിനെ വിമര്‍ശിക്കുന്നതെന്തിനെന്നും യാന ഗുപ്ത പ്രതികരിച്ചു. നിരവധി പ്രമുഖ സംവിധായകര്‍ റസൂല്‍ പൂക്കുട്ടിയുടെ പ്രസ്താവനയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം നിരവധി നടീനടന്‍മാര്‍ പൂക്കുട്ടിയുടെ പ്രസ്താവനക്കെതിരെയും പ്രതികരിച്ചു