മമ്മൂട്ടി ചിത്രവുമായി ജഗദീഷ്‌

posted on:

23 Jul 2009

അധ്യാപകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, അവതാരകന്‍, ഗായകന്‍ തുടങ്ങി വിഭിന്ന മുഖങ്ങളുള്ള ജഗദീഷ് സംവിധായകനായി സിനിമാലോകത്തെത്തുകയാണ്. മമ്മൂട്ടിയെ നായകനാക്കി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഴുത്തിലാണിപ്പോള്‍.

സംവിധാനരംഗത്തേക്ക് വരാനുള്ള പ്രേരണ?

മമ്മൂക്കയാണ് (മമ്മൂട്ടി) എടോ താന്‍ ഒരു സിനിമ സംവിധാനം ചെയ്യൂ എന്ന് പറഞ്ഞത്. ധൈര്യം നല്‍കിയത്. സിനിമയില്‍ ഏറ്റവും വിഷമം പിടിച്ച ജോലിയാണ് സംവിധാനമെന്ന് തിരിച്ചറിഞ്ഞുതന്നെയാണ് വരുന്നത്. നമ്മള്‍ എല്ലാം പോസിറ്റീവ് ചിന്തയോടെ കാണുകയാണ്.

ചിത്രം എപ്പോള്‍ തുടങ്ങും?

ചിത്രത്തിന്റെ വണ്‍ലൈന്‍ ആയി. 2010-ല്‍ വരുന്ന പ്രൊജക്ടായിരിക്കും. ഞാന്‍ ഒരു ത്രെഡ് പറഞ്ഞപ്പോള്‍ മമ്മൂക്കയ്ക്ക് ഇഷ്ടമായി. അങ്ങനെയാണ് ഇതിന്റെ തുടക്കം.


പുതിയ മുഖങ്ങളില്‍ വരാന്‍ കഴിയുമ്പോള്‍?

ഞാന്‍ നന്നായി ആസ്വദിക്കും. ആകാശവാണിയില്‍ ഞാന്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എ ഗ്രേഡ് ആര്‍ട്ടിസ്റ്റായി നേരിട്ട് പ്രമോഷന്‍ കൊടുക്കും. പക്ഷേ, ഞാന്‍ എന്റെ വോയ്‌സ് ടെസ്റ്റ് ചെയ്തതിനുശേഷം ആ ഗ്രേഡ് മതിയെന്നു പറയുകയായിരുന്നു. ഇനി എനിക്ക് എ പ്ലസ് ഗ്രേഡിലേക്കെത്തണം. മറ്റുള്ളവര്‍ക്ക് ഇതൊക്കെ കേള്‍ക്കുമ്പോള്‍ വലിയ കാര്യമായി തോന്നില്ല. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്.


ബില്ലുബാര്‍ബറിനുശേഷം ഹിന്ദി സിനിമയില്‍?

ടി.കെ. രാജീവ്കുമാറിന്റെ പടം ചെയ്തു. പ്രിയന്റെ (പ്രിയദര്‍ശന്‍) പടത്തില്‍ എപ്പോള്‍ വേണമെങ്കിലും ഒരു വേഷം കിട്ടും. നമ്മള്‍ ഒന്ന് വിളിച്ചാല്‍ നമുക്കൊരു വേഷം ഉറപ്പാണ്.

പുതിയ മുരളിനാഗവള്ളി ചിത്രത്തിലെ കഥാപാത്രം?

ശ്രീരാമകൃഷ്ണന്‍. പുള്ളി സ്വയം പറയുന്ന ഷാരൂഖിന്റെ എസ്.ആര്‍.കെ. എന്നാണ്. നല്ല രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥാപാത്രത്തിന്റെ യാത്ര.