നീലത്താമരയുമായി ലാല്‍ജോസ്‌

posted on:

08 Jul 2009

പ്രണയത്തിന്റെയും വിരഹത്തിന്റെയും പുതുമയാര്‍ന്ന തലത്തിലൂടെ ഒഴുകുന്ന 'നീലത്താമര'യെക്കുറിച്ച് സംവിധായകന്‍ ലാല്‍ ജോസ്.
''നീലത്താമരയുടെ റീമേക്ക് എന്റെ സ്വപ്‌നമായിരുന്നില്ല. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു ചെറിയ ചിത്രം എന്ന കമ്മിറ്റ്‌മെന്റ് ഞാനും നിര്‍മാതാവ് സുരേഷ്‌കുമാറും തമ്മില്‍ ഉണ്ടായിരുന്നു. പുതുമുഖങ്ങളെവെച്ച് അവതരിപ്പിക്കാന്‍ കഴിയുന്ന കഥ ഞാന്‍ സുരേഷ്‌കുമാറിനോട് സംസാരിച്ചു. അപ്പോള്‍ പഴയ 'നീലത്താമര' റീമേക്ക് ചെയ്യാനുള്ള ആഗ്രഹം അദ്ദേഹമാണ് അവതരിപ്പിച്ചത്. റീമേക്ക് ചെയ്യുമ്പോള്‍ കാലത്തിനനുസരിച്ച മാറ്റം വരുത്താന്‍ എം.ടി. തയ്യാറായാല്‍ ഞാന്‍ റെഡിയാണെന്ന് പറഞ്ഞു. സുരേഷ്‌കുമാര്‍ എം.ടി.യോട് സംസാരിച്ചു. അത് റീമേക്ക് ചെയ്യാന്‍ എം.ടി.നിര്‍ദേശിച്ചതും എന്റെ പേരായിരുന്നു. ആ ധൈര്യത്തില്‍ ഞാനും സുരേഷ്‌കുമാറും സൂര്യകൃഷ്ണമൂര്‍ത്തിയും എം.ടി.യെ കാണാന്‍ കോഴിക്കോട്ടേക്കു പോയി. ഈ ചിത്രം റീമേക്ക് ചെയ്യണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. ചിത്രത്തിന് 'നീലത്താമര' എന്നുതന്നെ ടൈറ്റില്‍ വരണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.''

ഒരു തലമുറയുടെ മനസ്സില്‍ പതിഞ്ഞ ഒരു ചിത്രം വീണ്ടും ഒരുക്കുമ്പോള്‍ താങ്കള്‍ എങ്ങനെയാണ് അതിനെ സമീപിക്കുന്നത്?

പഴയ 'നീലത്താമര'യായിട്ടല്ല ഞാന്‍ ഈ സ്‌ക്രിപ്റ്റിനെ സമീപിച്ചിരിക്കുന്നത്. എം.ടി.സാറിന്റെ തിരക്കഥയില്‍ ഒരു പുതിയ ചിത്രമാണ് എന്റെ മുന്‍പിലുള്ളത്. അതിനെ ഒരു റീമേക്ക് എന്നു വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. രണ്ടു കാലഘട്ടത്തില്‍, രണ്ടു സംവിധായകര്‍, രണ്ട് ടെക്‌നോളജിയുടെ പിന്‍ബലത്തില്‍, രണ്ടു വീക്ഷണകോണിലാണ് ചിത്രം അവതരിപ്പിക്കുന്നത്. അതിന്റെ മാറ്റം ഈ ചിത്രത്തിലും കാണും. സ്‌ക്രിപ്റ്റ് നല്‍കുന്ന സ്വാതന്ത്ര്യത്തില്‍നിന്നുകൊണ്ടുള്ള ആ മാറ്റമാണ് ചിത്രത്തിന്റെ പുതുമ.

'നീലത്താമര'യുടെ കഥ നടന്ന പശ്ചാത്തലം എനിക്ക് ഏറെ പിരിചിതമായ സ്ഥലമാണ്. ഒറ്റപ്പാലത്താണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. പഠിക്കുമ്പോള്‍ എന്റെ കൂട്ടുകാര്‍ ഇതുപോലെ നായര്‍ തറവാട്ടില്‍നിന്നുള്ളവരായിരുന്നു. പല വീടുകളിലും ഞാന്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഈ ജീവിതാന്തരീക്ഷം അടുത്തറിയാനും കഴിഞ്ഞിരുന്നു. ആ കഥ നടക്കുന്ന കാലത്തിന്റെ അറിവ് സ്‌ക്രിപ്റ്റിലും ഉണ്ട്. 1979-ലാണ് 'നീലത്താമര' റിലീസ് ചെയ്തത്. ആ കാലത്തെക്കുറിച്ച് അറിയാന്‍ ചില ഹോംവര്‍ക്കുകളും ചെയ്തിട്ടുണ്ട്.

ചിത്രത്തിനുവേണ്ടി പഴയ 'നീലത്താമര' റീറൈറ്റ് ചെയ്തിട്ടുണ്ടോ?

അത് പഴയ കഥയുടെ ആത്മാവ് മാത്രമേ എടുത്തിട്ടുള്ളൂ. ബാക്കി എല്ലാം പുതിയതാണ്. കഥാപാത്രങ്ങളുടെ സ്വഭാവങ്ങള്‍ക്ക് പഴയതിനേക്കാള്‍ മാറ്റം വന്നിട്ടുണ്ട്. കഥ നടന്ന ആ കാലഘട്ടവും ഈ കാലഘട്ടവും ചിത്രത്തിലുണ്ട്. അതായിരിക്കും പുതിയ ചിത്രത്തിന്റെ പുതുമ.

എന്തുകൊണ്ടാണ് ഈ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ സെലക്ട് ചെയ്തത്?

ഇരുപത്തിമൂന്ന് വയസ്സുള്ള നായകനും പതിനേഴു വയസ്സുള്ള നായികയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്ന യുവതാരങ്ങള്‍ ഇവിടെയില്ല. പ്രത്യേക ഇമേജില്ലാത്തവര്‍ അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ചിത്രത്തിന് ഗുണം ചെയ്യും. വ്യത്യസ്തമായ കഥയും, കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ പുതുമുഖങ്ങള്‍ ഇവിടെ വരണം എന്നാഗ്രഹിക്കുന്ന മനസ്സും ഇതിന് പിന്നിലുണ്ട്.

സ്റ്റാര്‍ഹണ്ടിലൂടെയാണോ ചിത്രത്തിലെ താരങ്ങളെ കണ്ടെത്തിയത്?

ഏകദേശം രണ്ടായിരത്തോളം എന്‍ട്രികള്‍ വന്നിരുന്നു. അതില്‍ അന്‍പതു പേരെ ലിസ്റ്റ് ചെയ്ത് അതില്‍ നിന്ന് പത്തുപേരെ കണ്ടെത്തി. കഥാപാത്രങ്ങളുടെ ഫൈനല്‍ സെലക്ഷന്‍ നടത്തിയത് എം.ടി.യായിരുന്നു.

ചിത്രത്തിലെ സംഗീതത്തെക്കുറിച്ച്?

പഴയ 'നീലത്താമര'യില്‍ പാട്ടുകള്‍ ഉണ്ടായിരുന്നില്ല. ദേവരാജന്‍മാസ്റ്ററുടെ പശ്ചാത്തലസംഗീതം മാത്രം. പുതിയ 'നീലത്താമര'യില്‍ വിദ്യാസാഗറും വയലാര്‍ ശരത്തും ഒരുക്കിയ 2 ഗാനങ്ങളും 2 കീര്‍ത്തനങ്ങളും ഉണ്ട്. ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി ഒരു ആല്‍ബവും പുറത്തിറക്കുന്നുണ്ട്.

ബൈജു പി. സെന്‍