'പഴശ്ശിരാജ'യുടെ പടനായകന്‍

posted on:

30 May 2009

സംവിധാനത്തിന്റെ ആദ്യക്ഷരങ്ങള്‍ പറഞ്ഞുതന്ന ഗുരു എസ്.എ. ശ്രീധറിന്റെ ശീലങ്ങള്‍ പകര്‍ന്നതോടെയാണ് ഹരിഹരന്‍ വെളുത്ത വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. കാല്‍നൂറ്റാണ്ടായി ആ പതിവ് തുടരുന്നു. വേഷത്തിലെന്നപോലെ വിശുദ്ധി സൂക്ഷിക്കുന്നവയായിരുന്നു ഹരിഹരന്റെ സിനിമകളും. മലയാളിക്ക് നഖക്ഷതങ്ങളും ആരണ്യകവും പഞ്ചാഗ്നിയും പരിണയവും സമ്മാനിച്ച 'മാസ്റ്റര്‍ ഫിലിംമേക്കര്‍' സ്വപ്‌നസാക്ഷാല്‍ക്കാരത്തിന്റെ ലഹരിയിലാണിപ്പോള്‍. ഏറെ പ്രതിബന്ധങ്ങളും പ്രതിസന്ധികളും മറികടന്ന് പഴശ്ശിരാജയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. എം.ടിയുടെ തൂലികത്തുമ്പില്‍ പിറന്ന, മമ്മൂട്ടി നായനാകുന്ന ഈ ചിത്രം മലയാളസിനിമയുടെ യശ്ശസ്സുയര്‍ത്തുമെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല സംശയം. പഴശ്ശിരാജയുടെ ഭാവിയെക്കുറിച്ച് പലവിധ വാര്‍ത്തകള്‍ വന്നപ്പോഴൂം സംവിധായകനെന്ന നിലയില്‍ ഒരക്ഷരമുരിയാടാന്‍ ഹരിഹരന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ പടത്തിന്റെ പോസ്റ്റ്‌പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് ഹരിഹരന്‍. സിനിമ വരുന്ന സ്വാതന്ത്ര്യദിനത്തില്‍ തിയേറ്ററുകൡലെത്തും. പഴശ്ശിരാജയെ ആരോപണങ്ങളുടെ ചെളിക്കുഴിയില്‍ തള്ളാന്‍ ശ്രമിച്ചവരെപറ്റി ഇതാദ്യമായി ഹരിഹരന്‍ മനസ് തുറക്കുന്നു.

പഴശ്ശിരാജയെക്കുറിച്ച് ഒരുപാടു വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നല്ലോ, എങ്ങനെയാണതിന്റെ തുടക്കം?

പഴശ്ശിരാജയുടെ ആദ്യഷെഡ്യൂള്‍ കണ്ണൂരില്‍ നടക്കുന്ന സമയം. ഒന്നങ്ങോട്ടിരുന്നാല്‍ മതി, അരമണിക്കൂര്‍ നേരത്തേക്ക് ഒരു ഇന്റര്‍വ്യൂ നടത്തട്ടേ എന്നു ചോദിച്ച് കുറച്ച് കുട്ടികള്‍ സെറ്റില്‍ വന്നിരുന്നു. അവരില്‍ ടി.വി. ചാനലുകാരും പത്രത്തില്‍ ജോലി ചെയ്യുന്നവരുമൊക്കെയുണ്ടായിരുന്നു. ഞാനാണെങ്കില്‍ ഷൂട്ടിങ്ങിന്റെ തിരക്കിലും. മമ്മൂട്ടി അന്നു പോകും. ഇതൊന്നു കഴിഞ്ഞോട്ടെ, നമുക്ക് വൈകീട്ട് സംസാരിക്കാമെന്നു പറഞ്ഞപ്പോള്‍, എങ്കില്‍ കനിഹയെ ഇന്റര്‍വ്യൂവിന് വിട്ടുതരണമെന്നായി. കനിഹ അഭിനയിക്കുന്ന രംഗമായിരുന്നു അപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് അവരെ ഇപ്പോള്‍ ഫ്രീയാക്കാനാകില്ലെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. ഓക്കെ സര്‍, പിന്നീട് കാണാമെന്ന് പറഞ്ഞ് പത്രക്കാരൊക്കെ സ്ഥലംവിട്ടു. പിറ്റേദിവസം മുതലാണ് പഴശ്ശിരാജയ്‌ക്കെതിരെ പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നുതുടങ്ങിയത്.


സെറ്റില്‍ പത്രക്കാര്‍ വരാന്‍ പാടില്ലെന്നാണോ താങ്കളുടെ നിലപാട്?

അങ്ങനെയല്ല. നിങ്ങള്‍ക്കറിയുമോ, ഒമ്പതു സംവിധായകരുടെ കൂടെ ഏഴുവര്‍ഷം അസിസ്റ്റന്റായി ജോലി നോക്കിയ ശേഷമാണ് ഞാന്‍ സ്വതന്ത്രസംവിധായകനാകുന്നത്. ഇവരുടെയൊക്കെ അടുത്തുനിന്ന് പഠിച്ച ചില പാഠങ്ങളും ചിട്ടകളുമുണ്ട്. ഷൂട്ടിങ് സെറ്റില്‍ എന്റെ മനസില്‍ സിനിമ മാത്രമേയുണ്ടാകു. അതുകൊണ്ടുതന്നെ കാണാന്‍ വരുന്നവരോടു മണിക്കൂറുകളോളം കുശലം പറഞ്ഞിരിക്കാന്‍ എനിക്ക് കഴിയില്ല. ഷൂട്ടിങിനിടയില്‍ പ്രൊഡ്യൂസര്‍ വന്നാല്‍പോലും അല്പനേരം കാര്യങ്ങള്‍ സംസാരിച്ചശേഷം ജോലി തുടരുകയാണ് പതിവ്. ഇത് അഹങ്കാരമോ ജാഡയോ കൊണ്ടോ ഒന്നുമല്ല. എന്റെ രീതി, അത്രമാത്രം. ഷൂട്ടിങ് തടസപ്പെടുത്തിക്കൊണ്ടുള്ള പരിപാടികളോടു മാത്രമേ എനിക്കെതിര്‍പ്പുള്ളൂ.

എന്തായിരുന്നു പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ സ്വഭാവം?

പഴശ്ശിരാജയുടെ സെറ്റിലേക്ക് കൊണ്ടുവന്ന കുതിരകളുടെ കാലുകള്‍ അപകടത്തില്‍ ഒടിഞ്ഞു എന്നതായിരുന്നു ആദ്യവാര്‍ത്ത. മംഗളത്തിലാണെന്നുതോന്നുന്നു. കുതിരയുടെ കാലൊടിയുന്നതും വാര്‍ത്തയാണോ? ഇപ്പോഴത്തെ കുട്ടികളുടെ പത്രപ്രവര്‍ത്തനശൈലിയാണതെന്ന് വിചാരിച്ച് ഞാന്‍ ഒന്നും പ്രതികരിക്കാന്‍ പോയില്ല. പിന്നീട് ഷൂട്ടിങ് കാണാന്‍ വരുന്ന ആളുകള്‍ അപകടത്തില്‍ മരിച്ചു, സെറ്റ് വെള്ളത്തില്‍ മുങ്ങി, മരണം അഞ്ചായി, ആറായി.. എന്നിങ്ങനെ നിരന്തരം വാര്‍ത്തകള്‍ വരാന്‍ തുടങ്ങി.

സിനിമായൂണിറ്റിലെ പ്രവര്‍ത്തകരെ ഇത്തരം വാര്‍ത്തകള്‍ എങ്ങനെയാണ് ബാധിച്ചത്?

നടി ഊര്‍മ്മിള ഉണ്ണിയുടെ മുത്തച്ഛന്‍ മരിച്ചതുകാരണം പഴശ്ശിരാജയുടെ ഷൂട്ടിങ് മുടങ്ങി എന്നതായിരുന്നു ഒരുദിവസം പത്രങ്ങളില്‍ വന്നത്. സത്യത്തില്‍ ഷൂട്ടിങ് മുടങ്ങിയിരുന്നില്ല. ഷൂട്ടിങ് നിര്‍ത്തിവയ്ക്കാന്‍ ഊര്‍മ്മിളയല്ലല്ലോ പഴശ്ശിരാജയായി അഭിനയിക്കുന്നത്. അവരതിലെ നായികയുമല്ല. പിന്നെയെങ്ങനെയാണ് ഷൂട്ടിങ് മുടങ്ങുക? ആയിരക്കണക്കിന് ആളുകള്‍ സഹകരിച്ച ബൃഹദ്പദ്ധതിയാണ് പഴശ്ശിരാജ. ഇങ്ങനെ പ്രവര്‍ത്തിക്കുന്നവരുടെ വീടുകളിലൊന്നും ആരും മരിക്കാന്‍ പാടില്ലെന്ന് നമുക്ക് യമരാജാവിനോടു പറയാന്‍ പറ്റുമോ? ജനനവും മരണവും നിയന്ത്രിക്കാന്‍ പറ്റുമോ എനിക്ക്? ജനനവും മരണവും അതിന്റെ വഴിക്ക് നടക്കുന്നു. സിനിമയുമായി അതിനൊരു ബന്ധവുമില്ല. ശബരിമലസീസണില്‍ ആ റൂട്ടില്‍ എത്രയോ വാഹനാപകടങ്ങള്‍ നടക്കുന്നു. അതൊക്കെ അയ്യപ്പന്റെ കുഴപ്പം കൊണ്ടാണെന്ന് പറയാന്‍ പറ്റില്ലല്ലോ.

ഇത്തരം പ്രചാരണങ്ങള്‍ സംവിധായകന്‍ എന്ന നിലയ്ക്ക് താങ്കളെങ്ങനെ നേരിട്ടു?

എന്നെ അത് ഒരുതരത്തിലും ബാധിച്ചിട്ടില്ല. ഞാന്‍ ഇത്തരം വാര്‍ത്തകളൊന്നും ശ്രദ്ധിക്കാനേ പോയില്ല. എന്റെ മുന്നില്‍ സിനിമ മാത്രമേയുള്ളൂ. അതിന്റെ ചുറ്റും എന്തുനടക്കുന്നുവെന്ന് ചിന്തിക്കാന്‍ പോകാറില്ല. ലണ്ടന്‍, ജര്‍മനി, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പല അഭിനേതാക്കളും ആയിരക്കണക്കിന് ജൂനിയര്‍ ആര്‍ടിസ്റ്റുകളുമെല്ലാം ഉള്‍പ്പെടുന്ന സീനുകളുള്ള വമ്പന്‍ പ്രോജക്ടായിരുന്നു പഴശ്ശിരാജ. കര്‍ണാടകയിലെ മടിക്കരൈയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള വനത്തിലായിരുന്നു പ്രധാന ലൊക്കേഷന്‍. ഇതിന്റെയൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ളതുകൊണ്ട് ഞാന്‍ മറ്റൊന്നും ആലോചിച്ചതേയില്ല.

നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ പ്രതികരണമെന്തായിരുന്നു?

എന്നെ ഏറ്റവും പിന്തുണച്ച വ്യക്തിയാണദ്ദേഹം. പ്രൊഡ്യൂസറുടെ ഭാഗത്ത് നിന്ന് ലഭിച്ച ശക്തമായ പിന്തുണയാണ് എന്റെ ഏറ്റവും വലിയ വിജയം. ഗോപാലന്‍ ഇത്തരം വാര്‍ത്തകളൊന്നും ഗൗരവത്തിലെടുത്തതേയില്ല. എന്തുവന്നാലും ശരി നിങ്ങള്‍ പടം തീര്‍ക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ നിലപാടാണ് എനിക്കും ആവേശം പകര്‍ന്നത്. പ്രൊഡ്യൂസറെ സംബന്ധിച്ചിടത്തോളം സിനിമ പഴശ്ശിരാജയ്ക്കുള്ള ട്രിബ്യൂട്ടാണ്. രാജ്യത്തിനുവേണ്ടിയുള്ള ചലച്ചിത്രമായാണ് അദ്ദേഹം ഇതിനെ കണക്കാക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ എന്തുകൊണ്ടോ അവഗണിക്കപ്പെട്ടുപോയ അധ്യായമാണ് പഴശ്ശിരാജ. അത് ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയെന്നതാണ് പ്രൊഡ്യൂസറുടെ ലക്ഷ്യം. കച്ചവടമല്ല ഗോകുലം ഗോപാലന്റെ ലക്ഷ്യമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇതിനിടയില്‍ അദ്ദേഹത്തിന്റെ മകന്റെ ദാരുണമരണം പോലും പലരും സിനിമയുമായി ബന്ധപ്പെടുത്തി. അതു വളരെ ക്രൂരമായിപ്പോയി.

ജനനവും മരണവുമൊന്നും സിനിമയുമായി ബന്ധപ്പെടുത്തുന്നതിന്റെ കാരണങ്ങള്‍ എനിക്ക് മനസിലാകുന്നില്ല.
 1 2 NEXT