'തലൈവ'രുടെ കാവലന്‍

ടി.എസ് പ്രതീഷ്‌

 

posted on:

17 Sep 2013


മുംബൈയിലെ ഒരു സ്‌കൂളില്‍ 'തലൈവ'യുടെ ചിത്രീകരണം നടക്കുകയാണ്. രാജീവ് പിള്ള, മനോബാല, പൊന്‍വണ്ണന്‍ എന്നിവരടങ്ങിയ സീനാണ് സംവിധായകന്‍ എ.എല്‍ വിജയ് കമ്പോസ് ചെയ്തിരിക്കുന്നത്. സംവിധായകന്റെ പുറകിലുള്ള ബഞ്ചുകളില്‍ കുറേപേര്‍ കിടന്നുറങ്ങുകയാണ് 'ഷോട്ട് റെഡി' എന്ന് പറഞ്ഞപ്പോള്‍ അതില്‍ ഏറ്റവും മുമ്പിലെ ബഞ്ചില്‍ നിന്ന് ഒരാള്‍ പെട്ടെന്നെഴുന്നേറ്റു. അത് വിജയ് ആയിരുന്നു. രാജീവ് പിള്ള ഒരു നിമിഷം ഷോക്കായിപ്പോയി. കാരണം രാജീവ് ആദ്യമായി വിജയിനെ സെറ്റില്‍ വെച്ച് കാണുകയാണ്. ''തമിഴകത്തിന്റെ ഇളയദളപതി വിജയ് സാറിനെ അങ്ങനെയൊരു സിറ്റ്വേഷനില്‍ ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം കാരവാനില്‍ വിശ്രമിക്കുകയായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത് '', രാജീവ് പിള്ള പറയുന്നു

തലൈവയില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോള്‍?

എത്ര ചെറിയ ആര്‍ട്ടിസ്റ്റിനോടും ഏതു കാര്യം ചോദിക്കുന്നതിനും മടിയില്ലാത്ത മനുഷ്യനാണ് വിജയ്‌സാര്‍. എന്റെ ഡയറ്റു വരെ അദ്ദേഹം ചോദിച്ചു മനസിലാക്കിയിരുന്നു. ബോയില്‍ വെജിറ്റബിള്‍സ് കഴിച്ചിട്ട് എഗ് വൈറ്റ് കഴിക്കാമോയെന്നൊക്കെ ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ ഞാന്‍ ഒന്ന് മടിച്ചു. പക്ഷേ, അദ്ദേഹം സീരിയസായി അന്വേഷിച്ചതായിരുന്നു. അദ്ദേഹം എത്ര ദിവസം എന്റെ ഡയറ്റ് ഫോളോ ചെയ്തുവെന്ന് അറിയില്ല.

വിജയ്, രാജീവിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് എന്ത് പറഞ്ഞു?

ഏതൊക്കെ വര്‍ക്കൗട്ടുകളാണ് സ്ഥിരമായി ചെയ്യാറുള്ളതെന്നൊക്കെ ചോദിക്കും. വിജയ് സാറിന്റെ കാരവാനില്‍ ഡിബിംള്‍സൊക്കെയുണ്ട് . അതെല്ലാം ഉപയോഗിച്ച് കാരവാനില്‍ നിന്ന് വര്‍ക്കൗട്ട് ചെയ്യാറുണ്ടായിരുന്നു. ഭക്ഷണങ്ങളൊന്നും വാരിവലിച്ചു കഴിക്കാതെ എപ്പോഴും നല്ല ഡയറ്റിങ്ങിലാണ് അദ്ദേഹം.

തലൈവയിലേക്ക് അവസരം വന്ന വഴി?

സി.സി.എല്ലിന്റെ തീം സോങ്് ഷൂട്ട് ചെയ്തത് എ.എല്‍. വിജയ് സാറിന്റെ സംവിധാനത്തിലാണ്. 'ദൈവത്തിരുമകളി'ന്റെ പ്രമോഷന്‍ സമയത്ത് അദ്ദേഹം കൊച്ചിയില്‍ വന്നപ്പോള്‍ പരിചയപ്പെട്ടതിനാല്‍ തീംസോങ് ഷൂട്ട് ചെയ്യുമ്പോള്‍ നല്ലൊരു സൗഹൃദം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. നല്ല അവസരങ്ങള്‍ വരുമ്പോള്‍ വിളിക്കാമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് തലൈവയിലെ വിശ്വരാമദുരൈയുടെ അംഗരക്ഷകനായ രാജു എന്ന കഥാപാത്രം എനിക്കു നല്കുന്നത്.

സീനുകള്‍ മെച്ചപ്പെടുത്താന്‍ എന്തെങ്കിലും നിര്‍ദേശങ്ങള്‍ വിജയ് നല്‍കാറുണ്ടോ?

സംവിധായകന്‍ പറയുന്നത് 100 ശതമാനം പെര്‍ഫെക്ഷനോടെ അവതരിപ്പിക്കണമെന്ന് നിര്‍ബന്ധമുള്ള വ്യക്തിയാണ് വിജയ്‌സാര്‍. അതിനാല്‍ അദ്ദേഹത്തിനൊപ്പം ഒരു സീനില്‍ വരുന്ന എല്ലാവരുടേയും കാര്യങ്ങള്‍ ശ്രദ്ധിക്കും. 'നിങ്ങള്‍ ഇങ്ങനെയാണോ നില്ക്കുന്നത്. എനിക്ക് അവിടേക്ക് നില്ക്കാനാണ് '. എന്നാണ് പറയുക. അല്ലാതെ അങ്ങോട്ടു നില്‍ക്കൂയെന്ന് ഒരിക്കലും പറയില്ല. എത്ര വെയിലാണെങ്കിലും ഒരു തുണി നിലത്ത് വിരിച്ച് കണ്ണിനുമുകളില്‍ ഒരു കര്‍ച്ചീഫുമിട്ട്് എവിടെയാണെങ്കിലും കിടന്നുറങ്ങും. ഞാനും അമലാ പോളും കൂടി മലയാളത്തില്‍ ഹിറ്റായ തമാശ ക്ലിപ്പിങ്‌സൊക്കെ വിജയ് സാറിന് യൂ ട്യൂബില്‍ കാണിച്ചു കൊടുത്തിരുന്നു. അതെല്ലാം നന്നായി അദ്ദേഹം എന്‍ജോയ് ചെയ്ത് ഞങ്ങളില്‍ ഒരാളായി നില്ക്കും.

തലൈവയ്ക്ക് ശേഷം തമിഴകത്ത് നിന്ന് ഓഫറുകള്‍ ലഭിച്ചുവോ?

ഹിന്ദിയില്‍ ഗുരുദക്ഷിണ എന്ന് സിനിമയാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. തമിഴില്‍ നിന്ന് 'അവളോ പെരിയ വിഷയമല്ല'
എന്ന് ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്്. ഫൈനലൈസ് ചെയ്തിട്ടില്ല.