ഗോഡ് ഫോര്‍ സെയിലിന്റെ മൂല്യം

ആമി അശ്വതി

 

posted on:

20 Jul 2013


'ഗോഡ് ഫോര്‍ സെയില്‍ -ഭക്തി പ്രസ്ഥാനം' എന്ന സിനിമ ഒരു നല്ല വില്പന ചരക്കാണെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാര്‍ദ്ദനനും പറയില്ല.സിനിമാകൊട്ടകകളിലേക്ക് ആളെ വലിക്കുന്നതൊന്നും ഒരുപക്ഷേ ഈ ചിത്രത്തില്‍ ഉണ്ടാവണമെന്നില്ല.എങ്കിലും 'ഗോഡ് ഫോര്‍ സെയിലി'നു ജനങ്ങളോടും സംവിധായകന് ചിത്രത്തെപ്പറ്റിയും ഏറെ പറയാനുണ്ട്.

ചിത്രത്തിന്റെ ഔട്ട്പുട്ടില്‍ തൃപ്തിയുണ്ടോ?

ഇത്തരം ഒരു ചിത്രം പഌന്‍ ചെയ്യുമ്പോള്‍ തന്നെ എന്താവുമെന്ന ഒരു മുന്‍ധാരണയുണ്ട്.ഗോഡ് ഫോര്‍ സെയില്‍ തിയേറ്ററുകളില്‍ ആവറേജ് ആണ്.എങ്കിലും സിനിമ ശ്രദ്ധിക്കപ്പെടുന്നു,നല്ല ചര്‍ച്ചകള്‍ നടക്കുന്നു...വളരെ പോസിറ്റീവ് ആയ പ്രതികരണമാണ് ലഭിക്കുന്നത്.


ഒരു ഡോക്യു-ഫിലിം പോലെ...?

അങ്ങനെയാണെങ്കിലും ഒരു സിനിമയെ സംബന്ധിച്ച് അതൊരു പ്രശ്‌നമായി തോന്നുന്നില്ല.ഈ സിനിമ ചെയ്യുമ്പോള്‍ ജനങ്ങളോട് എന്തു പറയണമെന്നാണോ ആലോചിച്ചത് അതു പറയാന്‍ കഴിഞ്ഞു.തെല്ലും വെള്ളം ചേര്‍ക്കാതെ തന്നെ.സാധാരണ ഭൂരിപക്ഷം സിനിമകളിലും രാഷ്ട്രീയപാര്‍ട്ടികളെയും മതസംഘടനകളെയുമൊക്കെ പ്രതീകവത്കരിക്കുകയാണ് ചെയ്യുന്നത്.എന്നാല്‍ 'ഗോഡ് ഫോര്‍ സെയിലി'ല്‍ രാഷ്ട്രീയവും മതവും അതേ പോലെ തന്നെയാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്,വ്യക്തിപരമായി ആരെയും ആക്രമിക്കാതെ.

നല്ല സബ്ജക്ട്, കുഞ്ചാക്കോ ബോബന്റെ മികച്ച കഥാപാത്രം. എന്നിട്ടും...

'പെര്‍ഫെക്ട് ഫിക്ഷന്‍' എന്നതിലുപരി പ്രസന്നകുമാര്‍ എന്ന സാധാരണക്കാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ,നമുക്ക്് സുപരിചിതമായ സംഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് 'ഗോഡ് ഫോര്‍ സെയില്‍'.അത് സിനിമാറ്റിക് ആവണമെന്നില്ല. 1970 കാലഘട്ടം മുതല്‍ നമ്മുടെ രാഷ്ട്രീയ-സാമൂഹിക ചുറ്റുപാടുകളില്‍ ചലനം സൃഷ്ടിച്ച ഒരുപാട് സംഭവങ്ങള്‍ രണ്ടു മണിക്കൂറിനുള്ളില്‍ പറഞ്ഞു പോകുന്നുണ്ട്.

പിന്നെ ഒരു നല്ല സിനിമ ചെയ്യാന്‍ ഒരുപാട് പരിമിതികള്‍ ഉണ്ട്. 5 ഡി ക്യാമറയിലാണ് ചിത്രീകരിച്ചത്.ആകെ ബജറ്റ് ഒരു കോടി രൂപയാണ്.കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ ചാക്കോച്ചന്റെ ഒരു ചിത്രം പോലും 3 കോടിയില്‍ താഴെ ബജറ്റില്‍ ഉണ്ടായിട്ടില്ല.

'അച്ഛനുറങ്ങാത്ത വീട്' പോലെ ഒരു 'ഹോണ്ടിങ് ക്ലൈമാക്‌സാ'ണ് ഇതിലും..

'അച്ഛനുറങ്ങാത്ത വീടി'ല്‍ ഒറ്റപ്പെട്ടു പോകുന്ന പെണ്‍കുട്ടിയുടെ അടുത്തേയ്ക്ക് കെണിയൊരുക്കി ഒരു സ്ത്രീ വീണ്ടുമെത്തുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.ഗോഡ് ഫോര്‍ സെയിലിലാവട്ടെ പ്രസന്നകുമാര്‍ ഒരു സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരാനാഗ്രഹിച്ചിട്ടും ഭക്തരുടെ ആരവങ്ങളില്‍ വീണ്ടും പഴയനിലയിലേയ്ക്ക് മടങ്ങുകയാണ്. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചികിത്സ കഴിഞ്ഞ് ജയിലിലേയ്ക്ക് മടങ്ങുന്ന പ്രസന്നന് തികച്ചും സാധാരണക്കാരനായിഒരു നല്ല ജീവിതം നയിക്കണമെന്നുണ്ട്. എന്നാല്‍ ഭക്തര്‍ അതിനനുവദിക്കുന്നില്ല. ആ വിളി തടുക്കാന്‍ അയാള്‍ക്കാവുന്നുമില്ല. ക്‌ളൈമാക്‌സ് മറ്റൊന്നായിരുന്നുവെങ്കില്‍, ശുഭപര്യവസായിയായി കഥപറഞ്ഞ് നിര്‍ത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ മികച്ച പ്രതികരണമുണ്ടായേനെ.

ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ ഒരുപാട് പരിമിതികള്‍ ഉണ്ട്. ബാബു ജനാര്‍ദ്ദനന്‍ എന്ന തിരക്കഥാകൃത്തും സംവിധായകനും ബ്രാന്‍ഡു ചെയ്യപ്പെടുന്നുണ്ട്.അതു മാറണം.തികച്ചും കമേഴ്‌സ്യലായ ഒരു ചിത്രത്തിന്റെ പണിപ്പുരയിലാണ് ഞാനിപ്പോള്‍.