മിസ്റ്റര്‍ പവനായി സ്‌പീക്കിങ്‌

വി.ജെ. റാഫി

 

posted on:

13 Jun 2013


25 കൊല്ലം മുമ്പ് അവതരിപ്പിച്ച പവനായി എന്ന പ്രൊഫഷണല്‍ കില്ലര്‍ക്ക് പത്തരമാറ്റിന്റെ പരിവേഷം നല്‍കി 99.99 ടച്ച് പ്യൂരിറ്റിയോടെ പുനരാവിഷ്‌കരിക്കുകയാണ് പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജു. മൂന്നു പതിറ്റാണ്ട് പിന്നിട്ട സിനിമാലോക പരിചയം കൈമുതലാക്കി താരപരിവേഷത്തോടൊപ്പം ഒരിക്കല്‍ കൂടി സംവിധായകന്റെ മേലങ്കിയുമായെത്തുന്ന ക്യാപ്റ്റന് മിസ്റ്റര്‍ പവനായിയില്‍ തികഞ്ഞ ശുഭാപ്തി വിശ്വാസമാണ്.

1987 ല്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്നൊരുക്കിയ പ്രമേയത്തെ അല്പം മാറ്റി പവനായിയെ പുതിയ വഴിത്താരയിലെത്തിക്കും മുമ്പ് ഇരുവരേയും കണ്ട് ക്യാപ്റ്റന്‍ രാജു അനുവാദം മാത്രമല്ല അനുഗ്രഹവും ആശംസകളും ആവശ്യപ്പെട്ടു.
ഊണും ഉറക്കവുമൊക്കെ മാറ്റിവെച്ചുള്ള രണ്ടുവര്‍ഷത്തെ പ്രയത്‌നമാണ് പുതിയ പവനായിയെ പരുവപ്പെടുത്താന്‍ വേണ്ടിവന്നത്. ഈ മാസം ഒടുവില്‍ 75 ഓളം കേന്ദ്രങ്ങളിലാണ് മിസ്റ്റര്‍ പവനായി 99.99 റിലീസ് ചെയ്യുന്നത്. എന്തായാലും പടം കാണാനെത്തുന്നവര്‍ ബോറടിക്കേണ്ടിവരില്ല എന്നും ക്യാപ്റ്റന്‍ അവകാശപ്പെടുന്നു.

97 ല്‍ പുറത്തിറങ്ങിയ ഇതാ ഒരു സ്‌നേഹഗാഥയ്ക്കുശേഷം 15 വര്‍ഷം പിന്നിട്ടാണ് സംവിധായകനായുള്ള രണ്ടാമത്തെ വരവ്. മുപ്പതു വര്‍ഷത്തിനുള്ളില്‍ 300 ലേറെ സിനിമകളിലെ അഭിനയപാടവം മാത്രമല്ല മൂന്നു കാലഘട്ടങ്ങളിലൂടെ കടന്നുപോയ മലയാള സിനിമയുടെ ചൂടും ചൂരുമൊക്കെ കണ്ടും കേട്ടും മനസ്സിലാക്കിയ അനുഭവ പാരമ്പര്യം തന്നെയാണ് ക്യാപ്റ്റന്റെ മുതല്‍ക്കൂട്ട്. പവനായിയുടെ പുതിയ അവതാരപ്പിറവിയില്‍ മേക്കപ്പ്മാന്‍ പട്ടണം റഷീദ്, സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശി, ഇന്ദ്രന്‍സ് ജയന്‍ തുടങ്ങിയവരുടെ അണിയറ സഹായം വിലമതിക്കാനാവാത്തതാണ്.

എന്‍.എന്‍. പിള്ളയുടെ പൗത്രനും വിജയരാഘവന്റെ മകനുമായ ദേവദേവനാണ് ഹീറോ. നടി പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കിയാണ് നായിക. പുതുമുഖങ്ങളെ വെച്ചുള്ള പരീക്ഷണത്തിനു മുതിര്‍ന്നത് ഇവരുടെ കുടുംബാന്തരീക്ഷം സിനിമാലോകമായതുകൊണ്ടല്ല. സൗഹൃദവും പരിചയവുമാണ് അതിനുവഴിയൊരുക്കിയത്. കന്നട നടന്‍ അരുണിനെയും ഈ സിനിമയിലൂടെ മലയാളത്തിന് പരിചയപ്പെടുത്തുന്നു.

പുതിയ ചിത്രത്തിന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ടുള്ള പ്രചാരണ തിരക്കിനിടയിലും സാമൂഹിക പ്രതിബദ്ധതയും മാനവികതയുമായി ബന്ധപ്പെട്ട ഒട്ടേറെ സേവന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും ക്യാപ്റ്റന്‍ രാജു ശ്രദ്ധാലുവാണ്. കൊച്ചിക്കുപുറമെ തൃശ്ശൂരിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയുമായ് ക്യാപ്റ്റന്‍ എത്താറുണ്ട്.

സുവോളജിയില്‍ ബിരുദം നേടി ആര്‍മിയില്‍ ഫസ്റ്റ് ക്ലാസ് ഗ്രേഡിലുള്ള ഓഫീസറായി 21-ാം വയസ്സിലാണ് സൈന്യത്തിലെത്തിയത്. പിന്നീട് ക്യാപ്റ്റനായി സര്‍വ്വീസില്‍ നിന്നും തിരിച്ച് വന്ന് 1981 ലാണ് ജോഷിയുടെ ' രക്തം' എന്ന സിനിമയില്‍ അഭിനേതാവാകുന്നത്. തുടര്‍ന്ന് മലയാളസിനിമയിലെ ഒട്ടുമിക്ക ചിത്രങ്ങളിലും ശ്രദ്ധേയമായ റോളുകള്‍. തുടക്കത്തിലുള്ള വില്ലന്‍ വേഷങ്ങള്‍ക്കു പിന്നാലെ നിരവധി ക്യാരക്ടര്‍ റോളുകള്‍. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥവേഷങ്ങള്‍ ക്യാപ്റ്റന്റെ കയ്യില്‍ ഭദ്രമായിരുന്നു. ഹരിഹരന്‍, ഐ.വി.ശശി, ഭദ്രന്‍ തുടങ്ങിയവരുടെ ഒട്ടേറെ ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.

ആവനാഴിയിലെ സത്യരാജ്, അമൃതംഗമയയിലെ കുടുംബനാഥന്‍, ആഗസ്ത് 1ലെ വാടകക്കൊലയാളി, വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര്‍, പഴശ്ശിരാജയിലെ ഉണ്ണിമൂത തുടങ്ങി മലയാളി മറക്കാത്ത ഒരുപിടി വേഷങ്ങള്‍. ഈയിടെ പുറത്തിറങ്ങിയ മുംബൈ പോലീസിലും ഐ.ജിയായി അഭിനയിച്ചു. നെഗറ്റീവ് റോളുകള്‍ വേണ്ടെന്ന തീരുമാനം ക്യാപ്റ്റന്റെ ജീവിതത്തിലും സിനിമയിലും പുതിയ വഴിത്തിരിവായി. കൃത്യതയും കണിശവും വിട്ടൊരു കളിക്കും ഈ താരം സന്നദ്ധനുമല്ല.

സിനിമയിലൂടെ നല്‍കുന്ന സന്ദേശം സമൂഹത്തിന് കേവലം ആനന്ദം എന്നതിലുപരി നേരായ വഴികാട്ടിയാകണമെന്നുമാണ് ക്യാപ്റ്റന്റെ വാദം. പുല്ലംപള്ളില്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറിലാണ് മിസ്റ്റര്‍ പവനായി 99.99 പ്രദര്‍ശനത്തിനെത്തുന്നത്. പി.വി. അബ്രഹാം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രൂപക് ആന്‍ഡ് നിഷാക് ആണ് നിര്‍വ്വഹിച്ചത്. ഗണേഷ്‌കുമാര്‍, ഗിന്നസ് പക്രു, ഭീമന്‍രഘു, ഇന്ദ്രന്‍സ്, ജോണി, ടോണി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും അഭിനയിക്കുന്നു.