തിരക്കഥാകൃത്ത് ഫ്രം ബോളിവുഡ്‌

posted on:

23 May 2013ബോളിവുഡില്‍ കാഴ്ചയുടെ വിസ്മയമൊരുക്കിയ സുരേഷ് നായര്‍, മോഹന്‍ലാല്‍- ജോഷി ടീമിനു വേണ്ടി തിരക്കഥ എഴുതുന്നു. കഹാനി, സിങ് ഈസ് കിങ്, നമസ്‌തേ ലണ്ടന്‍, ആക്ഷന്‍ റീപ്ലേ, ഹൈഡ് സീക്ക്, ലണ്ടന്‍ ഡ്രീംസ്, മിഷന്‍ ഇസ്താംബുള്‍, ഷൂട്ട് ഔട്ട് അറ്റ് ലോകാന്ത് വാല, ഹോം ഡെലിവറി തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ന്യൂജനറേഷന്‍ ചിത്രങ്ങള്‍ക്ക് തിരക്കഥ നിര്‍വഹിച്ച സുരേഷ് നായരുടെ ആദ്യ മലയാള ചിത്രമാണിത്. ഈ വര്‍ഷാവസാനം ചിത്രീകരണം തുടങ്ങും. ബോളിവുഡില്‍നിന്ന് മല്ലുവുഡിലേക്ക് ഇറങ്ങുന്ന ഒറ്റപ്പാലത്തുകാരന്റെ വിശേഷങ്ങള്‍.

'കാലത്തിന്റെ പള്‍സറിഞ്ഞ സംവിധായകനാണ് ജോഷി. നിറക്കൂട്ട്, ന്യൂഡല്‍ഹി, ട്വന്റി 20 എന്നീ ചിത്രങ്ങള്‍ എത്രയോ പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട്. അതുപോലെ മോഹന്‍ലാല്‍. എന്റെ ഇഷ്ടതാരമാണ്. ആ കൂട്ടുകെട്ടില്‍ ഒരു ചിത്രത്തില്‍ വര്‍ക്ക് ചെയ്യാന്‍ അവസരം വന്നപ്പോള്‍ ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. ബോളിവുഡിലെ എല്ലാ തിരക്കും മാറ്റിവെച്ചാണ് ഞാന്‍ വരുന്നത്. ഈ വര്‍ക്കില്‍ ചലഞ്ചും അതിനേക്കാള്‍ സമ്മര്‍ദവുമുണ്ട്. ആക്ഷനും കോമഡിയും ത്രില്ലറും ചേര്‍ന്ന വിഷയമാണ് സുരേഷ് നായര്‍ പറയുന്നു

ഒരു മാതൃഭാഷാ ചിത്രം. ഇത്രയും താമസിച്ചതതെന്ത്്?

രണ്ട് വര്‍ഷത്തിനിടയിലാണ് ഞാന്‍ മലയാളം ഇന്റസ്ട്രിയുമായി അടുത്തത്. സംവിധായകന്‍ രാജേഷ് പിള്ള ട്രാഫിക് ഹിന്ദിയില്‍ ചെയ്യാന്‍ എത്തിയിരുന്നു. ആ വര്‍ക്കിനിടയിലാണ് മലയാളത്തിലേക്കുള്ള ഓഫര്‍ വന്നത്.

സുരേഷ് നായര്‍ എന്ന മലയാളി എങ്ങനെയാണ് ബോളിവുഡ് സ്‌ക്രിപ്റ്റ് റൈറ്ററായത് ?

മലയാളിയാണെങ്കിലും ഞാന്‍ ജനിച്ചതും പഠിച്ചതും വളര്‍ന്നതും മുംബൈയിലാണ്. പഠനത്തിനു ശേഷം മുംബൈ ടൈംസ് ഓഫ് ഇന്ത്യയില്‍ ജേണലിസ്റ്റായി. ജോലിക്കിടയിലെ സൗഹൃദമാണ് എന്നെ ബോളിവുഡില്‍ എത്തിച്ചത്. സുഹൃത്തായ സുജോയ് ഘോഷ് 'ജങ്കാര്‍ ബീറ്റ്‌സ്' എന്ന ചിത്രമൊരുക്കിയപ്പോള്‍ ഞാന്‍ സംഭാഷണമെഴുതാന്‍ സഹായിച്ചു. അതിനുശേഷം ധാരാളം അവസരം കിട്ടി. തുടര്‍ന്ന് ജോലി രാജിവെച്ച് സിനിമയിലേക്ക് ഇറങ്ങി.

സുരേഷ് തിരക്കഥ എഴുതിയ മിക്ക ചിത്രങ്ങളും ബോളിവുഡിലെ മാറിയ ട്രെന്റിനൊപ്പം സഞ്ചരിച്ച ചിത്രങ്ങളായിരുന്നു?

അതെ. എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമായിരുന്നു എന്റെ സിനിമകള്‍. ഞാന്‍ കൂടുതലും വര്‍ക്ക് ചെയ്തത് എന്റെ കൂട്ടുകാരായ സംവിധായകര്‍ക്കൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ തിരക്കഥാ രചന ഒരു ജോലിയായി തോന്നിയില്ല. അങ്ങനെ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളെല്ലാം സിനിമയായി. പ്രേക്ഷകരും അത് സ്വീകരിച്ചു. സ്റ്റാര്‍ വാല്യു ഉള്ള ചിത്രങ്ങള്‍ പോലെ തന്നെ പുതുമകളുള്ള ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റുവാങ്ങുമെന്ന സ്ഥിതി വന്നു.

മലയാള സിനിമയിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്നോ?
ആമേന്‍, ഡയമണ്ട് നെക്ലൈസ്, അന്നയും റസൂലു,ം സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങള്‍ കണ്ടു. ഫഹദിന്റെ നാച്വറല്‍ സ്റ്റൈല്‍ ആക്റ്റിങ് ഏറെ ഇഷ്ടമായി. പ്രതീക്ഷയുള്ള മറ്റ് താരങ്ങള്‍ ദുല്‍ക്കറും പൃഥ്വിരാജുമാണ്. ബോളിവുഡിലേക്കുള്ള പാസ്‌പോര്‍ട്ട് സിക്‌സ് പാക്ക് ബോഡിയാണ്. അത്തരം ഒരു ശരീരവുമായി പൃഥ്വി എന്ന മലയാളി ചെറുപ്പക്കാരന്‍ ബോളിവുഡില്‍ തുടക്കം കുറിച്ചതില്‍ അഭിമാനമുണ്ട്.

ഈ വര്‍ഷത്തെ 'ബോളിവുഡ്' ചിത്രങ്ങള്‍ ഏതൊക്കെയാണ്?

ഇര്‍ഫാന്‍ ഖാന്‍, അര്‍ജുന്‍ രാംപാല്‍, ശ്രുതി ഹാസന്‍ എന്നിവരൊത്തുള്ള ഡേ-ഡേ എന്ന ചിത്രം ഷൂട്ടിങ് പൂര്‍ത്തിയായി. രാംചരണ്‍ തേജ നായകനായ 'സന്‍ജീര്‍-2' ചിത്രീകരണം തുടരുന്നു. ഋത്വിക് റോഷന്‍ നായകനാകുന്ന 'ബാങ് ബാങ്' ഷൂട്ടിങ് അടുത്ത ആഴ്ച തുടങ്ങും. ഇനിഅല്പകാലം ഞാന്‍ എന്റെ മാതൃഭാഷയ്ക്ക് വേണ്ടിയും മാറ്റിവെക്കുന്നു.

ജോഷിയുമായി നേരത്തെ പരിചയമുണ്ടോ?

ജോഷി എന്ന സംവിധായകന്റെ ആരാധകനാണ് ഞാന്‍, അത്രമാത്രം. എന്നെ പരിചയപ്പെടുത്തുന്നത് നിര്‍മാതാവായ ഫൈന്‍ കട്ട് സന്തോഷാണ്.