അംഗീകാരത്തിന്റെ 'പശ്ചാത്തല'ത്തില്‍...

പി.എസ് രാകേഷ്‌

 

posted on:

12 Apr 2013

വേനലിന്റെ പ്രൗഢി കൂട്ടി പൂത്തുലഞ്ഞുനില്‍ക്കുന്ന കാട്ടുമരങ്ങളും സൂര്യന്റെ മഞ്ഞവെളിച്ചത്തില്‍ വെട്ടിത്തിളങ്ങുന്ന അരുവികളും താണ്ടി കാടിന്റെ ഭംഗി നുകരുകയാണ് സംഗീതസംവിധായകന്‍ ബിജിബാല്‍. ആഷിക് അബുവിന്റെ 'ഇടുക്കി ഗോള്‍ഡി'ന്റെ പാട്ടുകളൊരുക്കുന്നതിനു മുന്നോടിയായാണ് ബിജി ഹൈറേഞ്ചിലെത്തിയത്. ഇനിയുള്ള കുറച്ചുദിവസങ്ങള്‍ സംവിധായകനൊപ്പം ഇവിടെ കൂടും. അവധിയാസ്വദിച്ച് മലയിറങ്ങുമ്പോഴേക്കും സിനിമയ്ക്കുളള ഗാനങ്ങള്‍ കൂട്ടിനെത്തുമെന്നാണ് പ്രതീക്ഷ. കളിയച്ഛനിലെ പശ്ചാത്തലസംഗീതം നേടിത്തന്ന ദേശീയ ബഹുമതി ഈ വെക്കേഷന്റെ മധുരം കൂട്ടുന്നു.

ഓരോ സിനിമകള്‍ക്ക് മുമ്പും ഇത്തരം യാത്രകള്‍ പതിവുണ്ടോ?
അങ്ങനെ നിര്‍ബന്ധമൊന്നുമില്ല. അടുത്ത സുഹൃത്തുക്കളുടെ സിനിമകള്‍ക്കായി സംഗീതം ചെയ്യുമ്പോഴേ യാത്രകള്‍ സംഭവിക്കാറുള്ളൂ. തിരക്കുകളില്‍ നിന്നെല്ലാമൊഴിഞ്ഞുള്ള സഞ്ചാരം മനസ്സില്‍ ഉന്മേഷം നിറയ്ക്കും എന്നതാണ് അനുഭവം. പാട്ടുകളുടെ സന്ദര്‍ഭം കൃത്യമായി മനസ്സിലാക്കി മികച്ച ട്യൂണുകളൊരുക്കാനും ഇത് സഹായകരമാകും. ബെസ്റ്റ് ആക്ടര്‍, സാള്‍ട്ട് എന്‍ പെപ്പര്‍, 22 എഫ്.കെ. എന്നീ സിനിമകള്‍ ചെയ്യുന്നതിനു മുന്നോടിയായി ഇതുപോലുള്ള യാത്രകളുണ്ടായിരുന്നു. ഇടുക്കിയും മൂന്നാറുമാണ് സ്ഥിരം കേന്ദ്രങ്ങള്‍. എന്നുകരുതി ടൂറിനു പോയാലേ പാട്ടു വരൂ എന്നില്ല.

കളിയച്ഛനിലെ പശ്ചാത്തലസംഗീതം ദേശീയ അവാര്‍ഡ് നേടിത്തന്നല്ലോ. എന്തായിരുന്നു കളിയച്ഛന്‍ സമ്മാനിച്ച അനുഭവം?

വളരെ ആനന്ദകരമായ നിമിഷങ്ങളായിരുന്നു അത്. ശരിക്കുമൊരു സുഖചികിത്സ കഴിഞ്ഞതുപോലെ. ചെറുപ്പംതൊട്ടേ പരിചയിച്ചുപോന്ന കര്‍ണാടക, കഥകളി സംഗീതത്തിന്റെ ധാരയിലായിരുന്നു ആ ചിത്രത്തിന്റെ പശ്ചാത്തലസംഗീതമൊരുക്കിയത്. കേള്‍വിക്കാരന് ഇഷ്ടപ്പെടുന്ന രീതിയില്‍ ചെയ്യുന്നതിനേക്കാള്‍ എന്നെത്തന്നെ തൃപ്തിപ്പെടുത്താനായിരുന്നു ശ്രമം. 15 കവിതകളാണ് പശ്ചാത്തലസംഗീതമായി ഉപയോഗിച്ചത്. ഇതില്‍ രണ്ടെണ്ണം റഫീഖ് അഹമ്മദ് എഴുതി. മറ്റെല്ലാം പി. കുഞ്ഞിരാമന്‍നായരുടെ കവിതകളായിരുന്നു.

ആ വരികള്‍ക്ക് ഒട്ടും കലര്‍പ്പില്ലാത്ത സംഗീതം കൊടുക്കുക എന്നതായിരുന്നു എന്റെ ദൗത്യം. സിനിമാസംഗീതത്തില്‍ അധികം കേട്ടിട്ടില്ലാത്ത കര്‍ണരഞ്ജിനി, ബേഗഡ, മുഖാരി എന്നീ രാഗങ്ങളാണ് പ്രധാനമായും ഉപയോഗിച്ചത്. കളിയച്ഛനിലെയും ഒഴിമുറിയിലെയും പശ്ചാത്തലസംഗീതത്തിന് എനിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ദേശീയതലത്തിലും എന്റെ പരീക്ഷണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതില്‍ സന്തോഷം. ചിത്രത്തിന്റെ സംവിധായകന്‍ ഫാറൂഖ് അബ്ദുള്‍റഹ്മാനോടും അതിയായ കടപ്പാടുണ്ട്.

സംഗീതസംവിധാനം ചെയ്തതിനേക്കാള്‍ കൂടുതല്‍ സിനിമകള്‍ക്ക് താങ്കള്‍ പശ്ചാത്തലസംഗീതമൊരുക്കിയിട്ടുണ്ട്. മറ്റു സംഗീതസംവിധായകര്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തിയ സിനിമകളില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ വിളിക്കുമ്പോള്‍ വിഷമം തോന്നാറില്ലേ?

പശ്ചാത്തലസംഗീതമെന്നത് സിനിമയുടെ അവിഭാജ്യഘടകമാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ സിനിമയില്‍ ഈ മേഖലയ്ക്ക് അത്ര പ്രാധാന്യം ലഭിച്ചിട്ടില്ല. പാട്ടുകള്‍ നേടിത്തരുന്ന പേരും പ്രശസ്തിയുമൊന്നുമില്ലാത്തതുകൊണ്ടാകും പല സംഗീതസംവിധായകരും പശ്ചാത്തലസംഗീതമൊരുക്കാന്‍ വിമുഖത കാട്ടുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. പാട്ടുകള്‍ ചെയ്യുന്ന അതേ ആത്മാര്‍ഥതയോടെയാണ് ഞാന്‍ പശ്ചാത്തലസംഗീതവുമൊരുക്കുന്നത്. മറ്റ് സംഗീതസംവിധായകരുടെ ചിത്രങ്ങളില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ വിളിക്കുന്നത് അംഗീകാരമായാണ് കാണുന്നത്. അതില്‍ ഒരിക്കലും വിഷമം തോന്നിയിട്ടുമില്ല.

22 എഫ്.കെ. എന്ന സിനിമയുടെ ആദ്യ പകുതിയില്‍ 'അവിയല്‍' ബാന്‍ഡ് ആണ് പശ്ചാത്തലസംഗീതം ചെയ്തത്. രണ്ടാം പകുതിയില്‍ പശ്ചാത്തലസംഗീതം പകരാന്‍ സംവിധായകന്‍ ആഷിക് അബു ക്ഷണിച്ചപ്പോള്‍ സന്തോഷപൂര്‍വം ചെയ്തുകൊടുത്തു. ഇതൊന്നും കുറച്ചിലായി കാണുന്നില്ല. സംഗീതസംവിധായകര്‍ തന്നെ സിനിമയുടെ പശ്ചാത്തലസംഗീതവും ഒരുക്കണമെന്നതാണ് എന്റെ അഭിപ്രായം. സിനിമയുടെ സമഗ്രതയ്ക്കും പാട്ടുകളുടെ മികവ് വര്‍ധിപ്പിക്കാനുമൊക്കെ അതു സഹായകരമാകും. പാട്ടുകളുടെ സംഗീതത്തിനും പശ്ചാത്തലസംഗീതത്തിനും വെവ്വേറെ അവാര്‍ഡ് നല്‍കുന്ന രീതിയും മാറണം.

പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നതോ പശ്ചാത്തലസംഗീതമൊരുക്കുന്നതോ എതാണ് കൂടുതല്‍ വെല്ലുവിളി?

പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നതാണ് കടുത്ത വെല്ലുവിളി. ഒരു ഹിറ്റില്‍ കുറഞ്ഞതൊന്നും ആരും പാട്ടില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാവണം പാട്ടുകളുടെ നിര്‍മിതി. നല്ല സംഗീതവും കേള്‍വിക്കാരുടെ ഇഷ്ടവും തമ്മില്‍ എപ്പോഴും പൊരുത്തപ്പെട്ടുപോകണമെന്നില്ല. നമുക്ക് സംതൃപ്തി നല്‍കിയ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. ചെയ്ത സിനിമാഗാനങ്ങളില്‍ 50 ശതമാനത്തിനെങ്കിലും യാതൊരു മൂല്യവുമില്ലാത്തതാണെന്ന ബോധ്യമുള്ളയാളാണ് ഞാന്‍. പക്ഷേ, അവയില്‍ പല ഗാനങ്ങളും വമ്പന്‍ ഹിറ്റാകുകയും സിനിമകള്‍ കോടികളുടെ കളക്ഷന്‍ നേടുകയും ചെയ്തു. എന്താണ് ഹിറ്റ് ഗാനത്തിനു വേണ്ടതെന്ന കാര്യം എനിക്കറിയില്ല.

പശ്ചാത്തലസംഗീതമെന്നത് സിനിമയുടെ ഏറ്റവും അവസാനത്തെ കണ്ണിയാണ്. മോശം സിനിമയെ നന്നാക്കാന്‍ പശ്ചാത്തലസംഗീതത്തിനാകില്ല. ഒരു സിനിമയുടെ പശ്ചാത്തലസംഗീതം ഗംഭീരമായി എന്നാരെങ്കിലും പറയുന്നുണ്ടെങ്കില്‍ സിനിമയിലുടനീളം അതു മുഴച്ചുനില്‍ക്കുന്നുണ്ട് എന്നുവേണം മനസ്സിലാക്കാന്‍. മികച്ച സിനിമയില്‍ നിന്ന് പശ്ചാത്തലസംഗീതം വേര്‍തിരിച്ച് വിലയിരുത്താന്‍ കഴിയില്ല. പശ്ചാത്തലസംഗീതമൊരുക്കുമ്പോള്‍ കാഴ്ചക്കാരന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കേണ്ട കാര്യമില്ല. സീനിന് ഏറ്റവും അനുയോജ്യമായ സംഗീതം നല്‍കി അതിന്റെ മൂല്യം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുക. ഹിറ്റ് പാട്ട് നിര്‍മിക്കുന്നതിനേക്കാള്‍ താരതമ്യേന എളുപ്പമാണത്.

എല്ലാ പാട്ടുകളും നന്നായി സ്വീകരിക്കപ്പെട്ട 'അറബിക്കഥ'യായിരുന്നല്ലോ ആദ്യ ചിത്രം. പക്ഷേ, 'അറബിക്കഥ' പോലൊരു സൂപ്പര്‍ഹിറ്റ് പിന്നീട് താങ്കളുടെ കരിയറില്‍ സംഭവിച്ചില്ല. അതെന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

അറബിക്കഥയിലെ എല്ലാ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നത് സത്യം തന്നെ. അതുപോലെയുളള ഗാനങ്ങള്‍ വീണ്ടുമുണ്ടാക്കാനല്ല, വ്യത്യസ്തമായ പാട്ടുകള്‍ സൃഷ്ടിക്കാനായിരുന്നു എപ്പോഴും ശ്രമിച്ചത്. സാള്‍ട്ട് എന്‍ പെപ്പറിലെയും പാലേരിമാണിക്യത്തിലെയും ഗാനങ്ങള്‍ ഏറെ അഭിനന്ദനങ്ങള്‍ നേടിത്തന്നിരുന്നു. ആളുകളെ ഇളക്കിമറിക്കുന്ന തരത്തിലുള്ള പാട്ടുകള്‍ എപ്പോഴും സൃഷ്ടിക്കാന്‍ കഴിവുള്ള ഹിറ്റ്‌മേക്കര്‍ അല്ല ഞാന്‍. നടന്നാല്‍ നടന്നു എന്നേയുള്ളൂ. എന്റെ കഴിവും കഴിവുകേടും തിരിച്ചറിയുന്ന സംവിധായകര്‍ മാത്രമേ എന്നെ ക്ഷണിക്കാറുള്ളൂ. സൂപ്പര്‍ഹിറ്റുകള്‍ എപ്പോഴും സംഭവിക്കുന്നില്ലല്ലോ എന്നോര്‍ത്ത് വ്യാകുലപ്പെടുന്നില്ല.
 1 2 NEXT