പിച്ചിപ്പൂവില്‍ നിന്ന് ഇമ്മാനുവലിലേക്ക്‌

പി.എസ് രാകേഷ്‌

 

posted on:

03 Apr 2013


സ്വപ്‌നങ്ങളുടെ ചന്തപ്പറമ്പെന്ന് ആരോ സിനിമയെ വിശേഷിപ്പിച്ചിട്ടുണ്ട്. 36 വര്‍ഷം മുമ്പ് ഒരു പിടി സ്വപ്‌നങ്ങളുമായി കോടമ്പാക്കത്തേക്കെത്തിയതാണ് ആ ചെറുപ്പക്കാരനും. അവിെട ഏതെങ്കിലും സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുക എന്നതായിരുന്നു അന്നവന്റെ സ്വപ്‌നവും ലക്ഷ്യവും. അതു സാധിച്ചു.

അവിചാരിതമായാണ് ഒരു സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായത്. പിന്നെയും ധാരാളം സിനിമകള്‍. ക്യാമറയും കഴുത്തില്‍ തൂക്കി സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കുള്ള അലച്ചിലായി ശിഷ്ടകാലം. ഇതിനിടയില്‍ ചില സിനിമകളില്‍ മുഖം കാട്ടാനും അവസരം ലഭിച്ചു. തുടക്കത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ പല വഴികളിലായി പിരിഞ്ഞ് വിജയം വെട്ടിപ്പിടിച്ചപ്പോഴും വേറിട്ടെന്തെങ്കിലും ചെയ്യാന്‍ തോന്നിയില്ല. ധൈര്യക്കുറവ് തന്നെ കാരണം.

തെളിമയാര്‍ന്ന സൗഹൃദങ്ങളും ഹൃദയബന്ധങ്ങളും സമ്മാനിച്ച സിനിമയെ അന്നുമിന്നും ഇഷ്ടപ്പെടുന്നുണ്ട് എം.കെ. മോഹനന്‍ എന്ന ഈ കൊല്ലങ്കോട്ടുകാരന്‍. എം.കെ.മോഹനന്‍ എന്നു പറഞ്ഞാല്‍ സിനിമക്കാര്‍ പോലും തിരിച്ചറിഞ്ഞെന്നു വരില്ല. എന്നാല്‍ മോമി എന്ന പേര് സിനിമാപ്രേമികള്‍ക്കു പോലും സുപരിചിതം.

സിനിമയും ക്യാമറയുമില്ലാതെ മറ്റൊരു ജീവിതമില്ലെന്ന ബോധ്യമുണ്ട് മോമിക്ക്. സിനിമ ഒരു സ്വപ്‌നമേ അല്ലാതിരുന്ന നാട്ടുമ്പുറത്തുകാരന്‍ ചെക്കന്‍ ഇന്നത്തെ പ്രശസ്ത സിനിമാ സ്റ്റില്‍ ഫോട്ടോഗ്രഫറായി മാറിയതിന്റെ ജീവിതവഴികളിലേക്ക് തിരിഞ്ഞു നോക്കുകയാണ് മോമി...

വിറകുകടയില്‍ നിന്ന് സിനിമയിലേക്ക്

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടാണ് ഞാന്‍ ജനിച്ചത്. അച്ഛന്‍ വേലുനായര്‍, അമ്മ ജാനകിയമ്മ. ഞങ്ങള്‍ നാലുമക്കള്‍. ഞാനാണ് ഏറ്റവും ഇളയത്. അച്ഛന് തുന്നല്‍ക്കടയും കൃഷിയുമായിരുന്നു ജോലി. എന്റെ 13ാം വയസില്‍ ആള്‍ മരിച്ചു. വടവന്നൂരില്‍ അമ്മയുടെ പേരില്‍ അഞ്ചേക്കര്‍ കൃഷിഭൂമിയുള്ളതിനാല്‍ പട്ടിണി കിടക്കേണ്ടി വന്നില്ല. ഏട്ടന്‍മാര്‍ കൃഷികാര്യങ്ങള്‍ നോക്കി. ഞാന്‍ സ്‌കൂളിലും പോയി.
കൊടുവായൂര്‍ യു.പി. സ്‌കൂള്‍, കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠിത്തം. രാജാസ് ഹൈസ്‌കൂളില്‍ കവി പി. കുഞ്ഞിരാമന്‍ നായര്‍ അധ്യാപകനായി ജോലി നോക്കുന്ന കാലമാണ്.

കുട്ടികളെല്ലാം 'കവിമാഷ്' എന്നാണ് വിളിക്കുക. ഇന്റര്‍വെല്‍ സമയത്ത് ചുറ്റും കൂടുന്നവര്‍ക്കെല്ലാം 'കവിമാഷ്' കല്‍ക്കണ്ടവും മിഠായി നല്‍കുമായിരുന്നു. അതാണ് സ്‌കൂള്‍കാലത്തെക്കുറിച്ചുള്ള നല്ല ഓര്‍മ. പത്താം ക്ലാസ് കഴിഞ്ഞതോടെ പഠിത്തമവസാനിച്ചു. വീട്ടിനടുത്ത് തന്നെ വിറകുകട തുടങ്ങുകയാണ് പിന്നെ ചെയ്തത്. തെറ്റില്ലാത്ത കച്ചവടമുണ്ടായിരുന്നു. ഒഴിവുള്ളപ്പോള്‍ തൊട്ടടുത്തുള്ള കൃഷ്ണ സ്റ്റുഡിയോയില്‍ പോയിരിക്കും. സുഹൃത്തായ സ്റ്റുഡിയോ ഉടമയുടെ സഹായത്തോടെ പടമെടുക്കാനും ഡാര്‍ക്ക് റൂം ജോലികളും പഠിച്ചു.

നാട്ടുകാരനായ ചന്ദ്രകുമാര്‍ മലയാളസിനിമയില്‍ സൂപ്പര്‍ഹിറ്റ് ഡയറക്ടറായി വാഴുന്ന കാലമാണത്. ചന്ദ്രകുമാറിനെയും സഹോദരങ്ങളായ ഗോപികുമാര്‍, സുകുമാര്‍ എന്നിവരെയുമൊക്കെ അടുത്ത പരിചയമുണ്ട്. മദ്രാസിലേക്ക് വാ, അവിടെ സ്റ്റുഡിയോ തുടങ്ങാമെന്ന് ചന്ദ്രകുമാറിന്റെ പ്രൊഡക്ഷന്‍ മാനേജരായ മാണിക്യന്‍ ഒരിക്കലെന്നോട് പറഞ്ഞു. മാണിക്യനും ഞങ്ങളുടെ നാട്ടുകാരന്‍ തന്നെ. കേട്ടയുടന്‍ തന്നെ വിറകുകട പൂട്ടി മദ്രാസിലേക്ക് വണ്ടികയറി. 1975 ഡിസംബര്‍ 25-നായിരുന്നു മദ്രാസിലേക്കുളള യാത്ര. അന്ന് വയസ്സ് 17.

ചെന്നൈയില്‍ ഒരു ബാച്ചിലര്‍കാലം
ടി നഗര്‍ പോണ്ടിബസാറിനടുത്ത് ശിവപ്രകാശ് റോഡില്‍ ചന്ദ്രകുമാര്‍ താമസിച്ചിരുന്ന ബാച്ചിലേഴ്‌സ് ലൈന്‍വീടിലാണ് ഞാന്‍ പാര്‍പ്പുറപ്പിച്ചത്. സിനിമാമോഹികളായ ഒരുകൂട്ടം ചെറുപ്പക്കാരായിരുന്നു സഹമുറിയന്‍മാര്‍. രാജന്‍ ബാലകൃഷ്ണന്‍, റഷീദ്... അങ്ങനെ പലരും. അവിടെവച്ചാണ് മോമി എന്ന വിളിപ്പേര് കിട്ടുന്നത്.

തൃശ്ശൂര്‍ അന്തിക്കാട്ടുകാരനായ സത്യന്‍ എന്ന ചെറുപ്പക്കാരനുമായി പെട്ടെന്നടുത്തു. എന്നെപ്പോലെ തനി നാട്ടുമ്പുറത്തുകാരനായിരുന്നു സത്യന്‍. നഗരത്തിന്റെ ജാടകളും കാപട്യവുമൊന്നും ബാധിക്കാത്ത പ്രകൃതം. തിരക്കഥാകൃത്ത് ഡോ. ബാലകൃഷ്ണന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയാണ് സത്യന്‍.

താംബരത്ത് സുകുമാരന്‍ നായര്‍ എന്നൊരു മലയാളി നടത്തിയ പ്രമോദ സ്റ്റുഡിയോയില്‍ എനിക്ക് ജോലി കിട്ടി. ശമ്പളം നൂറുരൂപ. ഒന്നരവര്‍ഷം അവിടെ ജോലിചെയ്തു. പിന്നീട് ടി നഗറില്‍ തന്നെയുള്ള ജയമല്ലികൈ സ്റ്റുഡിയോയിലേക്ക് മാറി. ശമ്പളവും കൂടി, 350 രൂപ. സിനിമക്കാര്‍ക്ക് വേണ്ടി ധാരാളം ഔട്ട്‌ഡോര്‍ പടങ്ങളെടുക്കാറുണ്ടായിരുന്നു 'ജയമല്ലികൈ'. അവിടെവച്ചാണ് സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറാകണം എന്ന ആഗ്രഹം മനസിലുദിച്ചത്. 1977-ല്‍ അതിനുളള അവസരം ഒത്തുവന്നു.

പി. ഭാസ്‌കരന്റെ തിരക്കഥയില്‍ ഗോപികുമാര്‍ സംവിധാനം ചെയ്ത 'പിച്ചിപ്പൂവ്' ആയിരുന്നു ആദ്യചിത്രം. സുകുമാരന്‍, വിധുബാല എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷം ചെയ്തു. പിന്നീട് തുടരെ സിനിമകള്‍ ലഭിച്ചുതുടങ്ങി. 'ഇവളൊരു നാടോടി', 'കണ്ണുകള്‍', 'അരയന്നം'... മിക്കതും ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത സിനിമകളായിരുന്നു.
 1 2 3 NEXT