മെല്ലെ നീ മെല്ലെ വരൂ...

അഞ്ജന ശശി

 

posted on:

23 Jan 2013

അറുപതിന്റെ വലിപ്പത്തിലും ഒളിമങ്ങാത്ത ശബ്ദസൗകുമാര്യവുമായി ശ്രോതാക്കളുടെ ഹൃദയം കവര്‍ന്നെടുക്കുന്ന പിന്നണിഗായകന്‍ സതീഷ്ബാബുവിന് കോഴിക്കോട് നഗരത്തിന്റെ ആദരം. പ്രിയപ്പെട്ടവരുടെ സ്‌നേഹ നിര്‍ബന്ധത്തിനു വഴങ്ങി നടന്ന അറുപതാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേരാന്‍ കോഴിക്കോട് കലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തിലേക്ക്് ആ ശബ്ദത്തെ സ്‌നേഹിക്കുന്നവരെല്ലാം ഒഴുകിയെത്തി.


മെല്ലെ നീ മെല്ലെ വരൂ...

സതീഷ് ബാബു ഹാര്‍മോണിയത്തില്‍ വിരല്‍മീട്ടി പാടുമ്പോള്‍ പ്രായം ശബ്ദത്തിനുമുമ്പില്‍ മുട്ടുകുത്തുന്നു. ധീര എന്ന ചിത്രത്തിനുവേണ്ടി 32 വര്‍ഷം മുമ്പ് ജാനകിയമ്മയ്‌ക്കൊപ്പം പാടിയ ആ ശബ്ദം ഇന്നും അതേ തെളിമയോടെ, ഭാവത്തോടെ...
എന്നും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍നിന്ന് അകന്നുനില്‍ക്കാന്‍ ആഗ്രഹിച്ച സുരേഷ് ബാബുവിന്റെ അറുപതാം പിറന്നാളാഘോഷം കോഴിക്കോട് നഗരത്തിലെ സംഗീതപ്രേമികളൊന്നാകെ നെഞ്ചേറ്റുകയായിരുന്നു. 'ഇങ്ങനെയൊന്നും താന്‍ പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരുടെയും സ്്‌നേഹം എന്നെ അത്ഭുതപ്പെടുത്തുന്നു. ചുരുങ്ങിയ തോതില്‍ നടത്താനിരുന്ന പരിപാടി പിടിവിട്ടുപോയി' സുരേഷ് ബാബു ചിരിച്ചുകൊണ്ട് പറയുന്നു.

പിന്നണി ഗാനരംഗത്തേക്ക്

ഇരുപതോളം സിനമയ്ക്ക് പിന്നണി പാടിയിട്ടുളള സതീഷ്ബാബു ശ്രോതാക്കള്‍ക്ക് സമ്മാനിച്ച പ്രിയഗാനങ്ങള്‍ നിരവധിയാണ്.
1971 മുതല്‍ സംഗീത രംഗത്തുളള അദ്ദേഹം പിന്നണി ഗായകന്‍ എന്ന രീതിയില്‍ പ്രശസ്തനാവുന്നത് 1981-ല്‍ എസ്. ജാനകിയുമായി ചേര്‍ന്ന് പാടിയ മെല്ലെ നീ മെല്ലെ വരൂ.. എന്ന ഗാനമാണ്. എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തില്‍ യേശുദാസിനും സുനന്ദയ്ക്കുമൊപ്പം പാടിയ 'ദേവ ദുന്ദുഭീ സാന്ദ്രലയം', യുവജനോത്സവം എന്ന ചിത്രത്തിനുവേണ്ടി എസ്.ജാനകിക്കൊപ്പം പാടിയ 'ആ മുഖം കണ്ടനാള്‍' തുടങ്ങിയവ അതില്‍ ചിലതുമാത്രം.

ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി വീട്ടിലെത്തിയ റേഡിയോയിലൂടെ കേട്ട 'ചൗദവി കാ ചാന്ദ് ഹോ..' എന്ന മുഹമ്മദ് റാഫി ഗാനം ഇന്നും അദ്ദേഹത്തിന്റെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്. എന്നാല്‍ പാട്ടുകാരനാവുക എന്നത് ആ കുട്ടിയുടെ വിദൂര സ്വപ്‌നങ്ങളില്‍പ്പോലുമില്ലായിരുന്നു. അതിനാല്‍ത്തന്നെ പതിനേഴാം വയസ്സില്‍ റേഡിയോമെക്കാനിക്കിന്റെ ജോലി തിരഞ്ഞെടുത്തു സതീഷ്ബാബു. അവിടെ കൂട്ടുകാര്‍ക്കായി പാട്ടുകള്‍ പാടിക്കൊടുത്തു അദ്ദേഹം. അതിലൊരു കൂട്ടുകാരനാണ് സതീഷ് ബാബുവിനെ പ്രശസ്ത സംഗീത ട്രൂപ്പായ ഹട്ടണ്‍സിലെത്തിക്കുന്നത്. അവിടെനിന്ന് സുകുമാര്‍സിലേക്കും അതുവഴി പിന്നണി ഗാനരംഗത്തേക്കും പതിയെ എത്തിച്ചേര്‍ന്നു ഈ ഗായകന്‍.

ഇതുവരെ 2000 ത്തിലധികം സ്‌റ്റേജ് ഷോകള്‍ നടത്തിക്കഴിഞ്ഞു സതീഷ്ബാബു. അതില്‍ ഏറ്റവും കൂടുതല്‍ സ്‌റ്റേജ് ഷോകള്‍ ചെയ്തത് ചിത്രയോടൊപ്പമാണെന്നും അദ്ദേഹം ഓര്‍ക്കുന്നു. 'കുറഞ്ഞത് 180 സ്‌റ്റേജ് എങ്കിലും ചിത്രയ്‌ക്കൊപ്പം പാടിയിട്ടുണ്ട്. ആ അടുപ്പം ചിത്രയോട് മനസ്സില്‍ എപ്പോഴുമുണ്ട്.'

ഇടവേളയ്ക്കുശേഷം

1987-ല്‍ ടീനേജ് ലൗ എന്ന ചിത്രത്തില്‍ കെ.എസ്. ചിത്രയോടൊപ്പം പാടിയ മലര്‍ നിരകളില്‍ എന്ന ഗാനത്തിനുശേഷം സുരേഷ് ബാബു പിന്നണി പാടിയത് 2008-ല്‍ ചെമ്പട എന്ന ചിത്രത്തിനുവേണ്ടിയാണ്. സംവിധായകന്‍ റോബിന്‍ തിരുമല ഓര്‍ത്തെടുത്ത് വിളിച്ചതാണ് പുതിയകാലത്തെ പാട്ടുപാടാന്‍ അവസരമൊരുക്കിയതെന്ന് സതീഷ്ബാബു.

'1971-ല്‍ പാട്ടുതുടങ്ങിയ ആളാണ് ഞാന്‍. ശ്രോതാക്കള്‍ ഒരുപാട് മാറി. പലയിടത്തും പഴയപാട്ടുകള്‍ ആര്‍ക്കും വേണ്ട. ശ്രോതാക്കളുടെ രീതികള്‍ മാറി. ഇതുവരെ കൈയടിയല്ലാതെ നിര്‍ത്താന്‍ ആരും പറഞ്ഞിട്ടില്ല. ആ അവസരം ഉണ്ടാക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. എന്നാല്‍ ഇപ്പോള്‍ പലരും നിര്‍ബന്ധിക്കുന്നു. ഒരുപാടൊന്നുമില്ല. എനിക്ക് ചെയ്യാമെന്ന് ഉറച്ചുവിശ്വാസമുള്ളതുമാത്രം ഇപ്പോള്‍ ഞാന്‍ ഏറ്റെടുക്കുന്നു.' സതീഷ് ബാബു പറയുന്നു. ഇതിനിടെ 1991 ലെ മികച്ച നാടകഗാനത്തിനുള്ള നാന അവാര്‍ഡ് അടക്കം ചില ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

പുതിയപാട്ടുകാര്‍

പുതിയ പാട്ടുകള്‍ ചിലപ്പോള്‍ കേള്‍ക്കുമെങ്കിലും പാടാന്‍ ശ്രമിക്കാറില്ലെന്ന് സതീഷ് ബാബു പറയുന്നു. റിയാലിറ്റി ഷോകളുടെ ഭാഗമാകാനാഗ്രഹിക്കാത്ത അദ്ദേഹം പക്ഷെ ഒരുപാട് ഗായകരെ അതിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി മെറിന്റെ വിജയപഥങ്ങളില്‍ മാര്‍്ഗനിര്‍ദേശം നല്‍കിയ് സതീഷ്ബാബുവായിരുന്നു. പാട്ട് തിരഞ്ഞെടുക്കുന്നതിലും പാടുന്നതിലും മെറിന് അദ്ദേഹം വഴികാട്ടിയായി. കീര്‍ത്തന, ഐശ്വര്യ, അരുണ്‍ തുടങ്ങി ഇനിയുമുണ്ട് ആ വഴിയിലെ പുതുതലമുറക്കാര്‍.
കോഴിക്കോട് ബിലാത്തിക്കുളത്തെ കേശവമേനോന്‍ ഹൗസിങ് കോളനിയിലാണ് സതീഷ് ബാബു ഭാര്യ ലതയ്‌ക്കൊപ്പം താമസിക്കുന്നത്.
ഇന്നും കാത്തുസൂക്ഷിക്കുന്ന ശബ്ദ സൗകുമാര്യത്തിന് സുരേഷ് ബാബു നന്ദി പറയുന്നത് 32 വര്‍ഷമായി മുടങ്ങാതെ ചെയ്തുവരുന്ന യോഗയ്ക്കാണ്. ' ആകെ ദൈവം കനിഞ്ഞു നല്‍കിയത് ഈ ശബ്ദമാണ്. അത് നഷ്ടപ്പെടാതെ നോക്കേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു. യോഗ മുടങ്ങാതെ ചെയ്യും. മഞ്ഞും വെയിലും കൊള്ളാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.' അദ്ദേഹം പറയുന്നു.


ചാന്‍സ് ചോദിച്ചു നടക്കുന്നത് ശീലമില്ലാത്തതിനാലാവാം പ്രതിഭയേറെയുണ്ടായിട്ടും വേണ്ടത്ര അംഗീകാരങ്ങള്‍ സതീഷ്ബാബുവിനെത്തേടിയെത്താതിരുന്നത്. തനിക്കുള്ളത് തനിക്കുതന്നെ കിട്ടുമെന്ന് ഇപ്പോഴും അദ്ദേഹം പറയുന്നു.
 1 2 NEXT