കേരളത്തിന്റെ നാമത്തില്‍

ശരത് കൃഷ്ണ

 

posted on:

19 Dec 2012


ഒരുദിവസം രഞ്ജിത്തിന് സുഹൃത്തിന്റെ വിളി. അയാളുടെ അനുജന്‍ ആത്മഹത്യയുടെ മുനമ്പിലാണ്. ഒന്നു കണ്ണുതെറ്റിയാല്‍ മരണത്തിലേക്ക് എടുത്തുചാടും. അതുകൊണ്ട് അയാള്‍ എപ്പോഴും അനുജനോടൊപ്പമാണ്. പ്രണയനഷ്ടമായിരുന്നു കാരണം. സ്‌നേഹിച്ച പെണ്‍കുട്ടിക്ക് വേറെ വിവാഹം നിശ്ചയിച്ചതോടെയാണ് അവന്‍ ഉടഞ്ഞ ചില്ലുപാത്രം പോലെയായത്. സുഹൃത്തിന്റെ അഭ്യര്‍ഥനകേട്ട് രഞ്ജിത്ത് ആ ചെറുപ്പക്കാരനെ വിളിച്ചു.

രഞ്ജിത്: 'നിനക്കെത്ര വയസ്സായി?.
24...അവന്‍ പറഞ്ഞു.
രഞ്ജിത്: എനിക്ക് നിന്റെ ഇരട്ടിപ്രായമുണ്ട്. 24-ാമത്തെ വയസ്സില്‍ നിന്നെപ്പോലെ എല്ലാംനഷ്ടപ്പെട്ടുവെന്ന് തോന്നിയ ഒരു നിമിഷം എനിക്കുമുണ്ടായിരുന്നു. പക്ഷേ 24 വര്‍ഷം കഴിഞ്ഞപ്പോള്‍ അതോര്‍ത്ത് ഞാന്‍ ചിരിക്കുകയാണ്. 48 വയസ്സാകുമ്പോള്‍ നിനക്ക് ചിരിക്കാന്‍ എന്തെങ്കിലുമൊക്കെ വേണമെങ്കില്‍ അത് മറന്നേക്ക്....
ഒരു നിമിഷം ചെറുപ്പക്കാരന്‍ നിശ്ശബ്ദനായി. പിന്നെ പറഞ്ഞു. 'അങ്കിളൊക്കെ ഇങ്ങനെ പറയുമ്പോള്‍....'

'ആ നിമിഷം അവന്റെ മുമ്പില്‍ ഞാന്‍ ബാവൂട്ടിയാണ്. ഇങ്ങനെ നമ്മളൊക്കെ പലഘട്ടങ്ങളില്‍ ബാവൂട്ടിമാരായിട്ടുണ്ടാകും...'-ബാവൂട്ടിയുടെ നാമത്തില്‍ രഞ്ജിത് പറയുന്നു. ഈ വാക്കുകള്‍ തന്നെയാണ് 'ബാവൂട്ടിയുടെ നാമത്തില്‍' എന്ന സിനിമയുടെയും ഹൃദയം. എപ്പോഴത്തെയും പോലെ നന്മ എന്ന രണ്ടക്ഷരം തന്നെ ഈ രഞ്ജിത് രചനയിലും പ്രകാശിക്കുന്നു. ഏറെക്കാലത്തിനുശേഷമാണ് മറ്റൊരാള്‍ക്കുവേണ്ടി രഞ്ജിത് പേനയെടുത്തത്. 'ബാവൂട്ടിയുടെ നാമത്തില്‍' അങ്ങനെ ജി.എസ്.വിജയന്‍ എന്ന സംവിധായകന്റെയും തിരിച്ചുവരവായി മാറി. പ്രാഞ്ചിയേട്ടനുശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന രഞ്ജിത്കഥാപാത്രമെന്ന പ്രത്യേകത കൂടിയുണ്ട് ബാവൂട്ടിക്ക്. മണ്ണില്‍ചവിട്ടിനടക്കുന്ന മമ്മൂട്ടിവേഷങ്ങളുടെ പട്ടികയിലേക്ക് ഒരെണ്ണംകൂടി. വെള്ളിയാഴ്ചയാണ് 'ബാവൂട്ടിയുടെ നാമത്തില്‍' പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തെക്കുറിച്ച് രഞ്ജിത്തിന്റെ വാക്കുകള്‍..


യഥാര്‍ഥത്തില്‍ ആരാണ് ബാവൂട്ടി?

കഥാപാത്രങ്ങളും കഥയുടെ പരിസരവും എപ്പോഴൊക്കെ യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നിട്ടുണ്ടോ അപ്പോഴൊക്കെ അത് പ്രേക്ഷകര്‍ തിരസ്‌കരിച്ചിട്ടുമുണ്ട്. സാമ്പത്തിക വിജയംനേടുന്ന ആക്ഷന്‍ സിനിമകളുടെ പശ്ചാത്തലത്തില്‍പോലും ജീവിതമുണ്ട്.

ജീവിതപരിസരങ്ങളില്‍ എവിടെയും കണ്ടിട്ടില്ലാത്തവരും നമ്മളില്‍നിന്ന് അകന്നുനില്‍ക്കുന്നവരുമായവര്‍ കഥാപാത്രങ്ങളായിവരുമ്പോഴാണ് സിനിമ പ്രേക്ഷകരില്‍നിന്ന് അകലുന്നത്. ഒരു യഥാര്‍ഥ ബാവൂട്ടിയെ എനിക്ക് പരിചയമുണ്ട്. അയാള്‍ ഒരാളിലല്ല, പലരിലുമുണ്ട്. ഒരു മധ്യവര്‍ഗമലയാളിക്ക് പലതുണ്ട് പ്രശ്‌നങ്ങള്‍. ബാവൂട്ടിക്ക് അതൊന്നുമുണ്ടാകില്ല. അതുകൊണ്ട് മനസ്സുകൊണ്ടും ശരീരം കൊണ്ടും അയാള്‍ ആരോഗ്യവാനായിരിക്കും. അയാള്‍ യാതൊരു അധികഭാരവും പേറുന്നില്ല. ബാങ്കിലെ ഇഎംഐ യെന്ന മലയാളിയുടെ പതിവു ദുഃസ്വപ്നം ബാവൂട്ടിക്കില്ല.

ഇന്നത്തെ കേരളത്തില്‍ ബാവൂട്ടി അത്യാവശ്യമല്ലേ?

അതുതന്നെയാണ് ഈ സിനിമയുടെ പ്രസക്തിയും. നമ്മുടെ വ്യക്തിബന്ധങ്ങള്‍ 'ചാകുക' അല്ലെങ്കില്‍ 'കൊല്ലുക' എന്ന നയത്തില്‍ മരവിച്ചുപോയിരിക്കുന്നു. കാര്യങ്ങളെ കുറേക്കൂടി നര്‍മത്തിന്റെ ഭാഷയില്‍ വിശകലനം ചെയ്യാനും സന്ദര്‍ഭങ്ങളെ ചിരിക്കാനുള്ള വകയാക്കി മാറ്റുകയും ചെയ്യാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. നമ്മളെല്ലാം ബാവൂട്ടിമാരായാല്‍ നാടും മാറും.

എന്താണ് ബാവൂട്ടിയുടെ വ്യത്യസ്തത?

ഈ സിനിമയ്ക്ക് ഞാന്‍ എഴുതിയ ക്യാപ്ഷന്‍ 'ഇതൊരു പുതിയ കഥയേയല്ല' എന്നാണ്. പരിചിത ജീവിതങ്ങളുടെ കഥ എങ്ങനെ പുതിയ കഥയാകും?. പുതിയ കഥയെന്നു പറയുന്നത് 'ലൈഫ് ഓഫ് പൈ' ആണ്. കണ്ണുതുറന്നു നോക്കിയാല്‍ നമുക്കുചുറ്റും കാണുന്നതാണ് ബാവൂട്ടി പറയുന്നത്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളുടെ ഇതുവരെ പറയാത്ത മുഖവും ബാവൂട്ടിയില്‍ കടന്നുവരുന്നുണ്ട്.
ബാവൂട്ടിയില്‍ മമ്മൂട്ടി സംസാരിക്കുന്നത് മലപ്പുറം ഭാഷ. കാവ്യയുടേത് നീലേശ്വരം ഭാഷയും. പ്രാഞ്ചിയേട്ടനുശേഷം നാട്ടുഭാഷയെ വിദഗ്ധമായി

ഉപയോഗപ്പെടുത്തുകയാണോ?
അത് ബോധപൂര്‍വമുണ്ടായതല്ല. വനജ എന്ന കഥാപാത്രമാണ് ആദ്യമുണ്ടായത്. കാവ്യാമാധവന്‍ എന്ന നടിയല്ല. കണ്ണൂരിലെ പാര്‍ട്ടി കുടുംബത്തില്‍ നിന്നു വരുന്നവളാണ് വനജ. അവള്‍ വള്ളുവനാട്ടുകാരിയെപ്പോലെ ഇല്യ എന്നു പറഞ്ഞാല്‍ അരോചകമാകും. വനജയായി ആര് അഭിനയിക്കുമെന്ന അന്വേഷണമാണ് ഉത്തരമലബാറുകാരിയായ കാവ്യയിലെത്തിയത്. കേരളത്തിന്റെ പ്രാദേശികഭേദങ്ങളെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നയാളാണ് മമ്മൂക്ക. ഭാഷ സിനിമയില്‍ പശ്ചാത്തലമായി വരുന്നുവെന്നേയുള്ളൂ. ജീവിതമാണ് പ്രധാനം. അത് മലപ്പുറത്തും കോഴിക്കോട്ടുമെല്ലാം ഒരുപോലെയാണ്. സത്യസന്ധരായ മനുഷ്യര്‍ എപ്പോഴും അവരുടെ ഭാഷയിലാണ് സംസാരിക്കാറ്. പ്രാഞ്ചി തൃശ്ശൂര്‍ ഭാഷയില്‍ സംസാരിച്ചുവെന്നേയുള്ളൂ.

മമ്മൂട്ടിയുടെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു എന്ന വിമര്‍ശനത്തിനിടയിലാണ് ബാവൂട്ടി വരുന്നത്?

മമ്മൂട്ടി ഒരുമാതിരിപ്പെട്ട വേഷങ്ങളെല്ലാം കെട്ടിയാടി എന്നാണ് പറഞ്ഞുകേള്‍ക്കാറ്. എന്നെ സംബന്ധിച്ചിടത്തോളം ഇനിയും ആയിരക്കണക്കായ വേഷങ്ങള്‍ അദ്ദേഹം അവതരിപ്പിക്കാനിരിക്കുന്നു. സിനിമ പരാജയപ്പെടുമ്പോള്‍ മാത്രം എല്ലാ പാപഭാരവും മമ്മൂട്ടിയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിജയിച്ചാല്‍ അത് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും വിജയമായി പുരപ്പുറത്തുകയറിനിന്ന് കൂവുന്ന പതിവാണുള്ളത്. മമ്മൂട്ടിയെന്ന പ്രതിഭയെ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താനുള്ള കെല്പ് നമ്മുടെ സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും ഉണ്ടാവുകയാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ ആ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയായി മാറും.