'തകര'യുടെ തകര്‍പ്പന്‍ വരവ്‌

സി.ശ്രീകാന്ത്‌

 

posted on:

01 Oct 2012


ഊട്ടി സ്‌കൂളില്‍നിന്ന് കുറവന്‍കോണത്തെ വീട്ടിലേക്ക് വെക്കേഷനുകളില്‍മാത്രം എത്തിയിരുന്ന ആ പഴയ കുട്ടിയെപ്പോലെ, ഇടയ്ക്കിടെ മലയാളത്തിലേക്ക് വന്ന് നല്ല അവധിക്കാല ഓര്‍മകള്‍ നല്‍കി മടങ്ങിയ പ്രതാപ്. മൂന്ന് പതിറ്റാണ്ട് മുന്‍പ് ഒരു 'നവംബറില്‍ നഷ്ടപ്പെട്ട' തായിരുന്നു മലയാളത്തിന് ഈ 'എക്‌സന്‍ട്രിക്ക്' കക്ഷിയെ. പുതിയൊരു കഥാപാത്രത്തിന്റെ കുപ്പായമിട്ട് പതിറ്റാണ്ടുകള്‍ക്ക്‌ശേഷം ജന്മനാട്ടില്‍ എത്തിയിരിക്കുകയാണ് പ്രതാപ് പോത്തന്‍ എന്ന തിരുവനന്തപുരത്തുകാരന്‍. ഓര്‍മകളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റിനേക്കാള്‍ തന്റെ മടങ്ങിവരവിന്റെ നിറപ്പകിട്ടുകളാണ് തിരുവല്ലത്തെ ചിത്രാഞ്ജലിക്കുന്നിലിരിക്കുമ്പോള്‍ ഇദ്ദേഹത്തിന് ചുറ്റും. നടനായും സംവിധായകനായും ഇക്കാലമത്രയും തമിഴ് സിനിമാലോകത്ത് സജീവമായിരുന്നെങ്കിലും മലയാളത്തില്‍നിന്ന് ഏറെനാളായി 'തകര' അകന്ന് നില്‍ക്കുകയായിരുന്നു. ഇടവേളയ്ക്ക്‌ശേഷം '22 ഫീമെയില്‍ കോട്ടയ' ത്തിലൂടെ മടങ്ങിവന്ന ഇദ്ദേഹം വീണ്ടും 'പ്രതാപകാല' ത്തിലേക്ക്. ടി. കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ' അപ്പ് ആന്‍ഡ് ഡൗണ്‍-മുകളില്‍ ഒരാളുണ്ട് ' എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് പ്രതാപ് പോത്തന്‍ തലസ്ഥാനത്തെത്തിയത്.

തിരുവനന്തപുരത്തെ പ്രമുഖ ബിസിനസ് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പ്രതാപ്‌പോത്തന്‍ വിരലിലെണ്ണാവുന്ന സിനിമകളിലൂടെതന്നെ മലയാളത്തില്‍ ഇരിപ്പിടമുറപ്പിച്ച പ്രതിഭയായിരുന്നു. മലയാളത്തില്‍ 'ഡെയ്‌സി', 'ഒരു യാത്രാമൊഴി' തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം 1982-ല്‍ പദ്മരാജന്റെ ' നവംബറിന്റെ നഷ്ട ' ത്തില്‍ അഭിനയിക്കാനാണ് ഒടുവില്‍ തിരുവനന്തപുരത്തെത്തിയത്.

'ടെസ്സാ..., ഞാനൊരു രോഗിയാണ്; നീയൊരു നഴ്‌സല്ലേ...?'

ഗ്രാമത്തില്‍നിന്ന് അടിച്ചോടിച്ച നിഷ്‌കളങ്കനായ തകരയായിരുന്നില്ല പിന്നീട് മടങ്ങിവന്നത്. കാശ് സംഘടിപ്പിച്ച് ഒരു കത്തിയും വാങ്ങി മാത്തു മൂപ്പനോട് പ്രതികാരം ചെയ്യാന്‍ മടങ്ങിയെത്തിയ തകരയുടെ ഭാവം രൗദ്രമായിരുന്നു. മലയാള സിനിമയില്‍നിന്ന് ഏറെ നാള്‍ വിട്ടുനിന്ന ശേഷം പ്രതാപ് പോത്തന്‍ മടങ്ങിയെത്തിയതും ഇതുപോലെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു. ഫീമെയില്‍ കോട്ടയത്തിലെ ഹെഡ്ജ് എന്ന ബോസ് നമ്മള്‍ മനസില്‍ സൂക്ഷിച്ചിരുന്ന പാവത്താന്റെ ചിത്രം എറിഞ്ഞുടച്ചുകളഞ്ഞു. കാമവെറിയിലൂടെ ഏവരെയും വെറുപ്പിച്ചുകളഞ്ഞ ഇദ്ദേഹം മടങ്ങിവരവ് അങ്ങനെ ഗംഭീരമാക്കി. ചത്ത് വീഴുന്നതിന് തൊട്ടുമുന്‍പും ദയ അര്‍ഹിക്കാത്ത ഭാവവുമായി അയാള്‍ പറഞ്ഞ ഡയലോഗ് മലയാളികള്‍ മറക്കില്ല- '' ടെസ്സാ ഞാനൊരു രോഗിയാണ്.

നീയൊരു നെഴ്‌സല്ലേ. . ! '' ലാല്‍ജോസിന്റെ ' അയാളും ഞാനും തമ്മില്‍ ' ഉള്‍പ്പെടെ നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് ഇദ്ദേഹമിന്ന്. തമാശക്കാരനും സഹൃദയനുമായ ഒരു എഴുത്തുകാരന്റെ വേഷത്തിലാണ് പ്രതാപ് പോത്തന്‍ ' മുകളില്‍ ഒരാളുണ്ടി ' ലെ മുഴുനീള സാന്നിധ്യമാകുന്നത്.

''ഫീമെയില്‍ കോട്ടയത്തിന് ശേഷം എന്നെ കാണുമ്പോള്‍ അപരിചിതരായ സ്ത്രീകളുടെ മുഖത്ത് ഒരുതരം ഭയമാണ്. ക്രൂരനായ റേപ്പിസ്റ്റിന്റെ വിജയമാണത് '' -പകുതി തമാശയായി പ്രതാപ് പോത്തന്‍ പറയുന്നു. മലയാളത്തില്‍ താന്‍ ഇടവേളയിട്ടതല്ല, അവസരങ്ങള്‍ തേടിവരാത്തതാണ്. ഞാന്‍തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് സംവിധായകര്‍ക്ക് നിര്‍ബന്ധമുള്ള സിനിമകള്‍ മാത്രമാണ് ഇപ്പോള്‍ മുന്നിലെത്തുന്നത്. ഒരുപക്ഷേ താന്‍ ഏറ്റവുമേറെ ആസ്വദിക്കുന്ന സിനിമാ കാലമാണിത്.

പുതിയ രീതികള്‍, വിഷയങ്ങള്‍..... പഠിക്കാന്‍ ഒരുപാടുണ്ട് ഇന്നത്തെ സിനിമകളില്‍നിന്ന്. മലയാളസിനിമയില്‍ ഇന്ന് ഞാന്‍ തികച്ചും ഫ്രഷ് ആണ്. 22 ഫീമെയില്‍ കണ്ടതിന്‌ശേഷം യുവതലമുറക്കാര്‍ തകരയും മറ്റുമൊക്കെ തേടിപ്പിടിച്ച് കാണുന്നുണ്ട്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള കൂട്ടായ്മകളില്‍ അവര്‍ അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നു-അദ്ദേഹം പറയുന്നു. ഭരതന്റെയും പദ്മരാജന്റെയുമൊക്കെ സിനിമാ കാലത്തിന്‌ശേഷം ഇപ്പോഴാണ് മലയാള സിനിമയുടെ ഭാഗമായി സെറ്റുകള്‍ ആസ്വദിക്കുന്നത്. തമിഴില്‍ സജീവമായിരുന്നെങ്കിലും അവിടെ ഒരു മലയാളിയായി തന്നെയാണ് പരിഗണിക്കപ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് എത്തുമ്പോള്‍ എല്ലാം നമ്മുടെ സ്വന്തം എന്നൊരു ഫീല്‍.

സംവിധായക തൊപ്പി തത്കാലമില്ല


തമിഴ് സിനിമാ ലോകത്തിന് ആദ്യ ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത് പ്രതാപ് പോത്തനായിരുന്നു. ഇദ്ദേഹം സംവിധാനം ചെയ്ത ' വീണ്ടും ഒരു കാതല്‍ കഥൈ ' വരെ കാത്തിരിക്കേണ്ടിവന്നു തമിഴ്‌സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡിന്. കമലഹാസനും പ്രഭുവും ഒരുമിച്ച ' വെട്രിവിഴ' ഉള്‍പ്പെടെ നിരവധി ഹിറ്റുചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തു; ' ഡെയ്‌സി ' ഉള്‍പ്പെടെ മലയാളത്തിലും ചില ഹിറ്റുകള്‍.

ഏറെ ഭാഗ്യം കൈമുതലായുള്ള സിനിമാക്കാരനാണ് താനെന്ന് ഇദ്ദേഹം തുറന്നുപറയുന്നു. സിനിമയില്‍ എല്ലാവരും നന്നായി അധ്വാനിക്കുന്നുണ്ട്. എന്നാല്‍ തിളങ്ങാന്‍ ഭാഗ്യംകൂടിവേണം. എനിക്കതുണ്ടായി. കമലഹാസനും ശിവാജി ഗണേശനുമൊക്കെ എന്റെ ചിത്രങ്ങളുടെ ഭാഗമായി. നടനും സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ നേടി. ഇനി ഞാന്‍ ഒരു ചിത്രം ചെയ്താല്‍ അതിന് ഏറെ പ്രത്യേകതകള്‍ ഉണ്ടാവണം. അതുകൊണ്ടുതന്നെ തത്കാലം സംവിധാനത്തിലേക്കില്ല. ചെന്നൈയിലുള്ള തന്റെ ആഡ് ഏജന്‍സിക്കുവേണ്ടി പരസ്യ ചിത്രങ്ങള്‍ ഏറെ ചെയ്യുന്നുണ്ട്. ബ്ലൂ മര്‍മൈഡ് നിര്‍മിക്കുന്ന 'അപ്പ് ആന്‍ഡ് ഡൗണി' ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സണ്ണി ജോസഫും മാനുവല്‍ ജോര്‍ജും ചേര്‍ന്നാണ്. ജി. ആര്‍. ഇന്ദുഗോപന്റേതാണ് സംഭാഷണം.