ചട്ടക്കാരി മനസ്സുതുറക്കുന്നു

വി.ഹരികുമാര്‍

 

posted on:

28 Sep 2012


മലയാള സിനിമയുടെ പുതുനായിക ഷംന കാസിം ഡബിള്‍ സന്തോഷത്തിലാണ്. 'മഞ്ഞുപോലൊരു പെണ്‍കുട്ടി'യിലൂടെ സിനിമയിലെത്തി ചട്ടക്കാരിയിലെ ജൂലിയെ മലയാളത്തിന് തിരികെനല്‍കിയ ഷംന കൊച്ചി മരടിലെ ചിന്നാട്ടീസ് എന്ന പുതിയ വീട്ടിലേക്ക് താമസം തുടങ്ങുകയാണ്. വാക്കുകളില്‍ സന്തോഷത്തിന്റെ ഫ്രെയിമുകള്‍ നിറച്ച് സിനിമയെയും ജീവിതത്തെയും സ്വപ്നങ്ങളെയുംകുറിച്ച് ഷംന മനസ്സുതുറന്നു...


സിനിമയിലേക്ക്

മൂന്നാം ക്ലാസ്മുതല്‍ നൃത്തരംഗത്തുണ്ട് ഷംന. സിനിമയുടെ അകത്തളത്തിലേക്കെത്തിച്ചത് നൃത്തമാണ്. സിനിമയുടെ ഇടവേളകളില്‍ ലോകത്തിന്റെ പലകോണുകളിലേക്കും നൃത്തത്തിനായിപ്പറക്കുന്ന ഷംന സ്റ്റേജ് ഷോകളിലെ നമ്പര്‍വണ്‍ താരമാണ്.. കണ്ണൂരിലെ ലക്ഷ്മണന്‍ മാസ്റ്ററുടെ ശിഷ്യയായ ഈ താരം അമൃത ടി.വി. സൂപ്പര്‍ ഡാന്‍സര്‍ വിജയി ഭരതനാട്യം, റോളര്‍ സ്‌കേറ്റിങ് എന്നിവയില്‍ ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുമുണ്ട്.

'സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബമാണ് എന്റേത്.. വാരികയില്‍വന്ന എന്റെ ചിത്രം കണ്ടാണ് ആന്റോ ജോസഫ് സാര്‍ 'മഞ്ഞുപോലൊരു പെണ്‍കുട്ടി'യെന്ന സിനിമയിലേക്ക് വിളിക്കുന്നത്. 'പച്ചക്കുതിരയാണ് ശരിക്കും ഞാന്‍ ശ്രദ്ധിക്കപ്പെട്ട സിനിമ. ഗോപികച്ചേച്ചിയുടെ അനുജത്തിയുടെ വേഷമായിരുന്നു എനിക്ക്. അവിടെനിന്ന് നേരേ തമിഴ് തെലുങ്ക് സിനിമാലോകത്തേക്കായിരുന്നു യാത്ര. പക്ഷേ അവിടെ ഞാന്‍ പൂര്‍ണയാണ്. ഷംനയെന്ന പേര് തെറ്റിച്ചാണ് അവിടെ പലരും ഉപയോഗിക്കുന്നത്. അതുകൊണ്ട് സ്വീകരിച്ച പേരാണ് പൂര്‍ണയെന്നത്. മലയാളത്തില്‍ പക്ഷേ ഷംനയായി അറിയപ്പെടാനാണ് താത്പര്യം.

സത്യം പറഞ്ഞാല്‍ 'ചട്ടക്കാരി' ഒരു റീമേക്ക് സിനിമയാണെന്ന് ആദ്യം എനിക്ക് അറിയില്ലായിരുന്നു. ഷൂട്ടിങ് തുടങ്ങിയശേഷമാണ് റീമേക്ക് ആണെന്നറിയുന്നത്. നായികാവേഷം എന്നെ കൂടുതല്‍ ഉത്തരവാദിത്വങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. 25 ദിവസമായിരുന്നു ഷൂട്ടിങ്. അതൊരു റെക്കോഡാണ്. ഊട്ടിയായിരുന്നു പ്രധാന ലൊക്കേഷന്‍. ഷൂട്ടിങ് വേളകള്‍ വളരെ ഹാപ്പിയായിരുന്നു.

ഒരു കുടുംബം പോലെ.. രേവതി കലാമന്ദിറിന്റെ സിനിമയിലൂടെ നായികയായി വരാനായത് എന്റെ ഭാഗ്യം. വലിയ പ്രോത്സാഹനമാണ് സന്തോഷ് സേതുമാധവന്‍ സാറിന്റെയും സുരേഷ്‌കുമാര്‍ സാറിന്റെയും ഭാഗത്തുനിന്നുണ്ടായത്. അത് മറക്കാനാകില്ല. ഒപ്പം അഭിനയിച്ച എല്ലാവരും ഫുള്‍ സപ്പോര്‍ട്ട് നല്‍കി. ഷൂട്ടിങ് സമയത്ത് കുറച്ച് പേടിയുണ്ടായിരുന്നു. ഒരിക്കല്‍ ലക്ഷ്മി മാഡവും മോഹനും അഭിനയിച്ച് ഹിറ്റാക്കിയതാണ്. നായകനായ ഹേമന്തും ഞാനും ഒരേപ്രായക്കാരായതും അനുഗ്രഹമായി. വളരെ ഫ്രീയായി അഭിനയിക്കാനായിട്ടുണ്ട്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമാണ് .

ഗ്ലാമര്‍ വിമര്‍ശം

ചട്ടക്കാരി 1974ല്‍ പുറത്തിറങ്ങിയ ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തിലെ സിനിമയാണ്. മലയാളികള്‍ മുഴുവന്‍ ഒരുകാലത്ത് ആഘോഷിച്ച അവാര്‍ഡുകള്‍ നേടിയ സിനിമ. ഹിന്ദിയിലും തെലുങ്കിലും കന്നഡത്തിലുമെല്ലാം റീമേക്കുകള്‍ വന്നിട്ടുമുണ്ട്. പഴയതില്‍നിന്ന് അതിനെ മാറ്റിമറിയ്ക്കാനാവില്ല. ആ സിനിമ ആവശ്യപ്പെടുന്ന വേഷമായിരുന്നു അത്. അതുകൊണ്ടാണ് ഫ്രോക്കും അതുപോലുള്ള വേഷങ്ങളും ഉപയോഗിച്ചത്. ചട്ടക്കാരിയെ ചുരിദാറോ സാരിയോ ഉടുപ്പിയ്ക്കാനാവില്ലല്ലോ. സിനിമയിലെ എന്റെ പല വേഷങ്ങളും തിരഞ്ഞെടുത്തത് ഞാനാണ്.

പ്രണയം

നാലുവര്‍ഷത്തേക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നേയില്ലെന്ന് ഷംന. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമായി നല്ല സിനിമകളുടെ ഭാഗമാകുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. നല്ല സിനിമയാണെങ്കില്‍ ഏതുഭാഷയിലും അഭിനയിക്കാന്‍ ഇഷ്ടമാണ്. ആദ്യം നല്ല ഒരു സിനിമാതാരമാകണം. പിന്നീടാകാം പ്രണയവും വിവാഹവും. 'ചട്ടക്കാരി' യിലേതുപോലെ ഒരു പ്രണയം ഒരിക്കലുമുണ്ടാകില്ല. വീട്ടുകാരെ എതിര്‍ത്തുകൊണ്ടുള്ള ഒന്നിനുമില്ല. മൊഞ്ചത്തികളുടെയും മൊഞ്ചന്‍മാരുടെയും കേന്ദ്രമായ കണ്ണൂരില്‍നിന്നാണ് എനിക്കൊരു മൊഞ്ചന്‍ വരുന്നതെങ്കില്‍ പെരുത്ത് സന്തോഷം. ആസിഫലി തൊടുപുഴയില്‍നിന്ന് കണ്ണൂരെത്തിയതും മൊഞ്ചത്തിമാരെ കിട്ടാനാണെന്ന് പൊട്ടിച്ചിരികള്‍ക്കിടയില്‍ ഷംന.

എന്റെ ഇഷ്ടങ്ങള്‍

മലയാളത്തില്‍ മണിച്ചിത്രത്താഴും കമലദളവുമാണ് എനിക്കേറ്റവും ഇഷ്ടം. ഞാന്‍ ആദ്യം അഭിനയിച്ച സിനിമകള്‍ എല്ലാം ലാലേട്ടന്റേതായിരുന്നു. ലാലേട്ടനും മമ്മൂട്ടിയും ദിലീപേട്ടനുമാണ് എന്റെ ഇഷ്ടനടന്മാര്‍. ഗോപികച്ചേച്ചിയാണ് സിനിമയിലെ ബെസ്റ്റ്ഫ്രണ്ട് . ഗോപികച്ചേച്ചിയാണ് പല സിനിമകളിലേക്കും എന്നെ നിര്‍ദേശിച്ചതും. 'അലിഭായി'യിലെ കിങ്ങിണി എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ്. 'അലിഭായി'യുടെ സമയത്താണ് തമിഴില്‍ ഭഗത്തിനൊപ്പം മുനിയാണ്ടിയില്‍ അഭിനയിക്കുന്നത്.

പടം വിജയമായതോടെ തമിഴ് തെലുങ്ക്, കന്നഡ സിനിമകളില്‍ നല്ല വേഷങ്ങള്‍ കിട്ടിത്തുടങ്ങി കണ്ണൂര്‍ക്കാരിയല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ സിനിമയിലേക്ക് എത്തുമോയെന്നുപോലും സംശയമാണ്. കുട്ടിക്കാലത്ത് നൃത്ത ക്ലാസിലെത്തിയ ഏക മുസ്‌ലിം പെണ്‍കുട്ടി ഞാനായിരുന്നു. നൃത്തരംഗത്തും എനിക്ക് കണ്ണൂരില്‍നിന്ന് ലഭിച്ചത് വലിയ പ്രോത്‌സാഹനവും സ്വാതന്ത്ര്യവുമാണ്. ഇവിടെ ഓരോരുത്തരും അവരുടെ വീട്ടിലെ കുട്ടിയായാണ് എന്നെ കാണുന്നത്. അതുതന്നെയാണ് എന്റെ ആത്മവിശ്വാസവും. ചട്ടക്കാരിയുടെ ആദ്യ മൂന്നുദിവസം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷനും കണ്ണൂരില്‍നിന്നാണ് . ലോകത്തെവിടെപ്പോയാലും എനിക്കേറ്റവും ഇഷ്ടം എന്റെ കണ്ണൂര്‍ തന്നെ. കണ്ണൂരിലെ ബിരിയാണിയാണെനിക്ക് ഏറ്റവും ഇഷ്ടം. പിന്നെ ഫലൂഡ.. ഇതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നാവില്‍ കപ്പലോടുമെന്ന് ഷംന.

കുടുംബം

കണ്ണൂര്‍ മരക്കാര്‍കണ്ടി വെറ്റിലപ്പള്ളി ഷെരീഫാസില്‍ കാസിമിന്റെയും റൗലാബിയുടെയും അഞ്ചുമക്കളില്‍ ഇളയവളാണ് ഷംന. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് തന്റെ വിജയരഹസ്യമെന്ന് ഷംന. ആദ്യകാലത്ത് സിനിമാഭിനയത്തിന്റെ പേരില്‍ ചില എതിര്‍പ്പുകളുണ്ടായപ്പോള്‍ കുടുംബവും ഒപ്പം എന്റെ കണ്ണൂരും തന്ന സപ്പോര്‍ട്ട് മറക്കാനാവില്ല.

ഇംഗ്ലീഷ് ബിരുദം പൂര്‍ത്തിയാക്കി ഡാന്‍സില്‍ ഉപരിപഠനം നടത്താന്‍ കാത്തിരിക്കുകയാണ് ഈ ചട്ടക്കാരി. തഗ്‌രാര്‍ എന്ന തമിഴ് സിനമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് ഷംനയിപ്പോള്‍. പുതിയ പ്രതീക്ഷകളുമായി മലയാളത്തില്‍ ചില സിനിമകളുടെ പ്രാരംഭ ചര്‍ച്ചകളിലും .