സംഗീതം ഹരിഹരന്‍

പി.എസ്. കൃഷ്ണകുമാര്‍

 

posted on:

17 Sep 2012


1978-യുവസംവിധായകന്‍ ഐ.വി.ശശി സംവിധാനം ചെയ്യുന്ന 'ഈ മനോഹരതീരം' എന്ന ചിത്രത്തിലെ ഒരു ക്ലബ്ഡാന്‍സ് രംഗം. മധു, ജയന്‍, രാജകോകില നര്‍ത്തകിയുടെ വേഷത്തില്‍ സീമ എന്നിവരെല്ലാം സീനിലുണ്ട്. ഗായകന്റെ വേഷത്തില്‍ നില്‍ക്കുന്നത് അന്ന് മിന്നില്‍പ്പിണര്‍പോലെ ഉദിച്ചുയര്‍ന്ന സംവിധായകന്‍ ഹരിഹരന്‍, 'നായച്ചെവിയന്‍' ഷര്‍ട്ട്, ബെല്‍ബോട്ടംപാന്റ്, നേരിയ വരമീശ, കൈയില്‍ മൈക്ക്... സ്പീക്കറില്‍നിന്ന് യേശുദാസിന്റെ ശബ്ദത്തില്‍ ഗാനമൊഴുകി. 'കടമിഴിയിതളാല്‍ കളിയമ്പെറിയും പെണ്ണൊരു പ്രതിഭാസം...' തികച്ചും സ്വാഭാവികമായ ചലനങ്ങളോടെ ഹരിഹരന്‍ ചുണ്ടനക്കി. ചിത്രം റിലീസായപ്പോള്‍ ബിച്ചു തിരുമല രചിച്ച് ദേവരാജന്‍ ഈണമിട്ട ഗാനം ഹിറ്റായതോടൊപ്പം ഹരിഹരന്റെ ഗായകവേഷവും ഹിറ്റായി.

2012-റെക്കോഡിങ്‌റൂമില്‍ കീബോര്‍ഡിന് മുന്നിലിരുന്ന് കമ്പോസ്‌ചെയ്യുകയാണ് ഹരിഹരന്‍. പുതിയചിത്രമായ 'ഏഴാമത്തെ വരവ്' എന്ന ചിത്രത്തിന്റെ ഗാനരചനയും സംഗീതവും നിര്‍വഹിക്കുന്നത് ഈ ചിത്രത്തിന്റെ സംവിധായകന്‍കൂടിയായ ഹരിഹരനാണ്. സിനിമയില്‍ അദ്ദേഹം സംഗീതരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രംകൂടിയാണ് ഇത്.

ഈ രണ്ട് രംഗങ്ങളും പലര്‍ക്കും അപരിചിതമായിരിക്കും. 'ലേഡീസ് ഹോസ്റ്റല്‍' മുതല്‍'പഴശ്ശിരാജ'വരെ എഴുപതിലേറെ ചിത്രങ്ങള്‍ സംവിധാനംചെയ്ത് ദേശീയപുരസ്‌കാരം നേടിയ പ്രതിഭ, 40 വര്‍ഷമായി മലയാളസിനിമാരംഗത്ത് വിസ്മയനേട്ടങ്ങള്‍ കൈവരിച്ച സംവിധായകന്‍... ഇങ്ങനെയൊക്കെയാകും അവരുടെ കാഴ്ചപ്പാടിലെ ഹരിഹരന്‍. എന്നാല്‍ അതിലുപരിയായി സംഗീതത്തെ സ്‌നേഹിക്കുന്ന, സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തിന്റെ കണ്ണിയായ വ്യക്തിയാണ് ഹരിഹരനെന്ന തിരിച്ചറിവ് അവര്‍ക്ക് വിസ്മയകരംതന്നെയാകും. കഴിഞ്ഞദിവസം സ്വകാര്യ സന്ദര്‍ശനത്തന് കോഴിക്കോട്ടെത്തിയ ഹരിഹരന്‍ തന്റെ അധികമാര്‍ക്കുമറിയാത്ത സംഗീതമുഖം തുറക്കുകയാണ് ഇവിടെ...

സംവിധായകന്‍ ഹരിഹരന്‍ സംഗീത സംവിധായകനായി അരങ്ങേറുന്നു. എന്താണ് ആദ്യപ്രതികരണം?

ഒരു സുപ്രഭാതത്തില്‍ കീബോര്‍ഡിന് മുന്നിലിരുന്നവനല്ല ഞാന്‍. ഓര്‍മവെച്ചനാള്‍ മുതല്‍ സംഗീതം എന്റെ മനസ്സിലുണ്ട്. സംഗീത പാരമ്പര്യമുള്ള താമരശ്ശേരിക്കടുത്ത പള്ളിപ്പുറത്ത് കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. 12 വയസ്സുവരെ ഞാന്‍ സംഗീതം പഠിച്ചിട്ടുണ്ട്. അച്ഛന്‍ എന്‍.മാധവന്‍നമ്പീശനായിരുന്നു ഗുരു. സ്‌കൂള്‍-കോളേജ് കാലഘട്ടത്തിലും നാടകാഭിനയ കാലത്തും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്, പാട്ടുപാടിയിട്ടുണ്ട്.

പക്ഷേ, സിനിമാസംഗീതരംഗത്തേക്ക് എത്താന്‍ ഏറെ വൈകി?

മഹാരഥന്മാരായ സംഗീതസംവിധായകര്‍ ഈ രംഗത്തുള്ളപ്പോള്‍ സംഗീതം ചെയ്യാന്‍ ഞാന്‍ ആരുമല്ലെന്ന് തോന്നി. എം.എസ്.വിശ്വനാഥന്‍, ദേവരാജന്‍, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, ബോംബെ രവി, ഇളയരാജ... ഇവരുടെയെക്കെ മുമ്പില്‍ ഞാനാര്? എന്റെ ചിത്രങ്ങളിലെല്ലാം ഇവരുടെ സംഗീതമുണ്ടായിരുന്നു. ഞാനാവശ്യപ്പെടുന്ന രാഗങ്ങളില്‍വരെ പാട്ട് ചെയ്തുതന്നവര്‍ കൂട്ടത്തിലുണ്ട്. ഇപ്പോള്‍ ഈ മഹത്തുക്കളുടെയെല്ലാം സംഗീതാംശങ്ങള്‍ എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. അതില്‍നിന്നാണ് എന്നിലെ സംഗീതസംവിധായകന്റെ ജനനം.

താങ്കളുടെ പുതിയ പടത്തിന്റെ പശ്ചാത്തലം?
എം.ടി.യുടെ രചനയില്‍ 'ഏഴാമത്തെ വരവ്' ചെയ്യണമെന്ന് തീരുമാനിച്ചപ്പോള്‍ത്തന്നെ സംഗീതംചെയ്യാന്‍ ബോംബെ രവിയായിരുന്നു എന്റെ മനസ്സില്‍. എന്നാല്‍, വിളിച്ചുചോദിച്ചപ്പോള്‍ അനാരോഗ്യംമൂലം ചെയ്യാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അടുത്തവാചകം 'മിസ്റ്റര്‍ ഹരിഹരന്‍, എന്തുകൊണ്ട് നിങ്ങള്‍ക്ക് സംഗീതം ചെയ്തുകൂടാ, നിങ്ങളില്‍ ആ വാസന വേണ്ടുവോളമുണ്ടല്ലോ' എന്നായിരുന്നു. അത് ഏറേ ആത്മവിശ്വാസം നല്‍കി. പിന്നെ കൂടുതല്‍ ചിന്തിച്ചില്ല. ബോംബെ രവി ഇന്നില്ലെങ്കിലും എനിക്ക് അദ്ദേഹം എന്നും വഴികാട്ടുന്ന ശക്തിയാണ്.

'ഈ മനോഹരതീരം' എന്ന ചിത്രത്തില്‍ അഭിനേതാവിന്റെ റോളിലും എത്തി?

എന്റെ അടുത്ത സുഹൃത്തായ ഐ.വി.ശശിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഞാനാരംഗത്ത് അഭിനയിച്ചത്. ഞങ്ങളെല്ലാം സിനിമയില്‍ ഒന്നിച്ച് വളര്‍ന്നുവന്നവരാണ്. ലേഡീസ് ഹോസ്റ്റല്‍, 'അയലത്തെ സുന്ദരി', 'കോളേജ് ഗേള്‍' തുടങ്ങി തുടര്‍ഹിറ്റുകള്‍ചെയ്ത് ഞാന്‍ പ്രശസ്തനായ കാലമാണത്. ഇതൊക്കെയാകാം അങ്ങനെ ആവശ്യപ്പെടാന്‍ ശശിയെ പ്രേരിപ്പിച്ചത്. പിന്നെ, അന്നൊക്കെ ഒരു സംവിധായകന്റെ ചിത്രത്തില്‍ മറ്റൊരു സംവിധായകന്‍ വേഷമിടുന്നത് വലിയ സംഭവമാണ്. അതും പ്രേരണയായിരിക്കാം.

പിന്നെ താങ്കളെ അഭിനയരംഗത്ത് കണ്ടില്ല?

എന്റെ ആദ്യത്തെയും അവസാനത്തെയും അഭിനയാനുഭവമാണ് അത്. ഇതില്‍ ഗായകനായി അഭിനയിച്ച ഞാന്‍ 36 വര്‍ഷത്തിനുശേഷം സംഗീതസംവിധായകനായതും വിധിയുടെ നിയോഗമായിരിക്കും. സത്യത്തില്‍ 1964-ല്‍ സിനിമാമോഹം മൂത്ത് ചെന്നൈയിലേക്ക് ഞാന്‍ വണ്ടികയറിയത് പാടാനും അഭിനയിക്കാനും വേണ്ടിയായിരുന്നു. രണ്ടുമുണ്ടായില്ല. നടന്‍ ബഹദൂറിന്റെ ഉപദേശപ്രകാരം പി.ബി.ഉണ്ണി എന്ന സംവിധായകന്റെ സഹായിയായിട്ടാണ് തുടക്കം. 'രാഗിണി' എന്ന ചിത്രമായിരുന്നു ആദ്യത്തേത്. പിന്നെ സത്യന്‍മാഷ് അഭിനയിച്ച 'തളിരുകള്‍', 'എന്‍.ജി.ഒ.' എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി. സത്യന്‍മാഷാണ് എന്നെ ഏറേ പ്രമോട്ട്‌ചെയ്തത്. നസീര്‍സാറും ഏറെ പ്രോത്സാഹനം തന്നു. പി.ബി.ഉണ്ണി മുതല്‍ എം.കൃഷ്ണനായര്‍ വരെ ഒമ്പത് സംവിധായകരുടെകൂടെ പ്രവര്‍ത്തിച്ച ശേഷമാണ് സ്വതന്ത്രസംവിധായകനായത്.

മലയാളസംഗീതം ഇന്ന് എവിടെ എത്തിനില്‍ക്കുന്നു?

ഇപ്പോള്‍ ഇവിടെ സംഗീതമുണ്ടോ? കലയുടെയും സംഗീതത്തിന്റെയും ബീഭത്സരൂപങ്ങളായാണ് ഞാന്‍ ഭൂരിപക്ഷം ഗാനങ്ങളെയും കാണുന്നത്.
 1 2 NEXT