ക്യാമറയ്ക്ക് പിന്നിലെ കാഴ്ചകള്‍

posted on:

20 Jan 2009

തീര്‍ത്ഥ'ത്തിലായിരുന്നു തുടക്കം. മലയാളിയെ മാത്രമല്ല, സിനിമയെ സ്നേഹിക്കുന്ന ലോകത്തിനു മുഴുവന്‍ കാഴ്ചയുടെ പുണ്യം പകര്‍ന്നാണ് സണ്ണി ജോസഫിന്റെ യാത്ര. ലെന്‍സിനുപിന്നില്‍, നല്ല സനിമകളുടെ പിന്നിലെല്ലാം ഈ മനുഷ്യനുണ്ട്. മൂന്ന് തലമുറകള്‍ക്കൊപ്പം ക്യാമറ ചലിപ്പിച്ച സണ്ണി ജോസഫ് തൃശ്ശൂര്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ഡയറക്ടറുമായിരുന്നു.

ആകെ തിരക്കിലായിരുന്നു, കുറേ ദിവസമായി സണ്ണി ജോസഫ്. 'ഒരു ജോലിയേറ്റാല്‍ പിന്നെ മുഴുവന്‍ സമയം അതില്‍ ലയിക്കുക; അത് സിനിമയായാലും അല്ലെങ്കിലും. എന്റെ സ്വഭാവം അതാണ്. തന്റെ വിജയരഹസ്യം സണ്ണി വെളിപ്പെടുത്തി. സംഭാഷണത്തില്‍ നിന്ന്:

'പിറവി'യാണ്എപ്പോഴും സണ്ണിയെക്കുറിച്ച് പറയുമ്പോള്‍ മനസ്സില്‍ വരിക?


അത് സത്യമാണ്. ലോകത്തെത്തന്നെ മികച്ച പത്ത് ചിത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ അതിലൊന്ന് 'പിറവി' ആയിരിക്കും.

'പിറവി'യിലേക്ക് വന്നത്?

ഷാജിയേട്ടന്‍ അക്കാലത്തുതന്നെ പ്രശസ്തനായ സിനിമാട്ടോഗ്രാഫറാണ്. അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്നു ഞാന്‍. 'പിറവി' സംവിധാനം ചെയ്യുമ്പോള്‍ ഷാജിയേട്ടന്‍ എന്നെ ക്യാമറ ഏല്പിക്കുകയായിരുന്നു. 1988ല്‍ ആണത്. കഴിവതും റിയലിസ്റ്റിക്കായി ചെയ്യാനായിരുന്നു തീരുമാനം. പക്ഷേ, സിനിമയുടെ അവസാനത്തോടെ അച്ഛനുവരുന്ന സ്വഭാവമാറ്റത്തിനനുസരിച്ച് നിറം പച്ചയില്‍നിന്ന് നീലയിലേക്ക് പകര്‍ച്ചവരുന്നതടക്കമുള്ള മാറ്റങ്ങള്‍ ഉണ്ട്.

മകനെ മനസ്സില്‍ സങ്കല്പിച്ച് അച്ഛന്‍ ലോഡ്ജിനുമേലെ നില്ക്കുമ്പോള്‍ റോഡിലൂടെ കുട്ടികളുമായിപ്പോകുന്ന അച്ഛന്മാരെ കാണിക്കുന്നുണ്ട്?

അതെല്ലാം യഥാര്‍ഥദൃശ്യങ്ങള്‍ തന്നെയാണ്. തിരുവനന്തപുരം കോട്ടയ്ക്കകമാണത്. അതൊക്കെ പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നും പുറം രാജ്യങ്ങളില്‍ പോകുമ്പോള്‍ ഞാന്‍ 'പിറവി'യുടെ ക്യാമറാമാന്‍ ആയാണ് അറിയപ്പെടുന്നത്.

മനസ്സില്‍ത്തട്ടിയ അംഗീകാരങ്ങള്‍?

സംസ്ഥാന പുരസ്‌കാരവും ഹവായ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ കൊഡാക്കിന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സുബ്രതോ മിത്രയെപ്പോലുള്ള വലിയ ക്യാമറാമാന്‍ പറഞ്ഞ വാക്കുതന്നെ വലിയ പുരസ്‌കാരമാണ്. 'നന്നായി' എന്ന് അദ്ദേഹം വേറെ ആരെക്കുറിച്ചും പറഞ്ഞിട്ടില്ല. അതുപോലെയാണ് നെനറ്റോ ബര്‍ട്ടോയുടെ അഭിനന്ദനവും.

'ട്രെയിന്‍ ടു പാകിസ്താന്‍' ചര്‍ച്ചചെയ്യപ്പെട്ടിരുന്നല്ലോ?

അതും വലിയ പ്രവര്‍ത്തനമാണ്. ഖുഷ്‌വന്ത് സിങ് പറഞ്ഞത് തന്റെ നോവലിനേക്കാള്‍ സിനിമ നന്നായി എന്നാണ്. ആ സിനിമ വലിയ വെല്ലുവിളിയായിരുന്നു. നൂറുകണക്കിന് ആളുകളും സംഭവങ്ങളും നിറഞ്ഞ സിനിമയാണത്; വലിയ സന്ദേശം നല്കുന്നതും.

ക്യാമറയ്ക്കുപിന്നില്‍നിന്ന് നടന്മാരെ എങ്ങനെ വിലയിരുത്തുന്നു?

മലയാളത്തിന്റെ ഭാഗ്യം നല്ല നടന്മാരാണ്. പക്ഷേ, അവരുടെ കഴിവുകള്‍ വേണ്ടവിധം കാര്യമായി ഉപയോഗിച്ചിട്ടില്ല.

പ്രേംജിയെപ്പോലുള്ള മഹാനടന്മാര്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെല്ലാം മലയാളത്തിന്റെ ഭാഗ്യമാണ്. 'വാസ്തുഹാര'യിലും 'മണിച്ചിത്രത്താഴി'ലും ഞാന്‍ അതു കണ്ടറിഞ്ഞതാണ്.

വാസ്തുഹാര, സനാബി... മികച്ച ചിത്രങ്ങളിലെല്ലാം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞല്ലോ?

അതെന്റെ ഭാഗ്യമാണ്. ഒട്ടേറെ മികച്ച ചിത്രങ്ങള്‍ക്കൊപ്പംക്യാമറയ്ക്കുപിന്നില്‍ വരാന്‍ കഴിഞ്ഞു. പി.എന്‍. മേനോന്റെ 'മണിയോര്‍ഡര്‍', എം.ടി.യുടെ 'ഒരു ചെറുപുഞ്ചിരി', മലയ് ഭട്ടാചാര്യയുടെ 'കാഹിനി', അരിബാം ശര്‍മയുടെ 'സനാബി', ബുദ്ധദേവിന്റെ 'അമിയാസിന്‍ ഓര്‍ മധുബാല', ഇതൊക്കെ ഒന്നിനൊന്ന് മികച്ചതാണ്. പത്മരാജന്റെയും ടി.കെ. രാജീവ്കുമാറിന്റെയും സിനിമകളില്‍ എനിക്ക് ഒട്ടേറെ നാള്‍ പ്രവര്‍ത്തിക്കാനായി.


ക്യാമറ ഒരു സാങ്കേതിക പ്രവര്‍ത്തനമാണ്. ഏറ്റവും തികവുറ്റ വര്‍ക്ക് ഏതാണ്?

മലയ് ഭട്ടാചാര്യയുടെ 'കാഹിനി'യാണത്. ഏറ്റവും സാങ്കേതികമികവോടെ എനിക്കുചെയ്യാന്‍ കഴിഞ്ഞ പടമാണത്.


കെ.ആര്‍. പ്രഹ്ലാദന്‍