സ്‌നേഹ സാന്ത്വനം പോലെ

posted on:

11 Aug 2012


നന്മനിറഞ്ഞ സ്‌നേഹബന്ധങ്ങളുടെ തൂവല്‍സ്പര്‍ശമാണ് സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍. തോള്‍ ചേര്‍ത്ത് പിടിച്ചുള്ള ഒരു സാന്ത്വന സ്പര്‍ശംപോലെ ചിത്രങ്ങള്‍ പ്രേക്ഷകരെ അറിയാതെ അടുപ്പിക്കാറുണ്ട്. മലയാളികളുടെ മനസ്സറിഞ്ഞ സത്യന്‍ അന്തിക്കാട് ഇത്തവണ ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയിലാണ് സിനിമ ഒരുക്കുന്നത്. പറഞ്ഞാല്‍ തീരാത്ത ആത്മബന്ധത്തിന്റെ ആഴക്കടലിലൂടെയാണ് ഈ ചിത്രവും സഞ്ചരിക്കുന്നത്. സംയുക്തവര്‍മ, അസിന്‍, നയന്‍താര എന്നീ അതുല്യ താരങ്ങളെ കണ്ടെത്തിയ സംവിധായകന്‍ പുതിയ ചിത്രത്തിലൂടെ നമിത പ്രമോദ് എന്ന നായികയെ പരിചയപ്പെടുത്തുന്നു. ഈ യാത്രയില്‍ ഇളയരാജയുടെ വശ്യസംഗീതസ്പര്‍ശം കൂടെയുണ്ട്. യുവതാരം നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴ അര്‍ത്തുങ്കലിലാണ് നടക്കുന്നത്.

താരമൂല്യങ്ങള്‍ക്ക് അപ്പുറം കലാമൂല്യങ്ങളിലേക്കുള്ള യാത്രയിലാണ് മലയാള സിനിമ സഞ്ചരിക്കുന്നത്. സത്യന്‍ അന്തിക്കാടും അത്തരം ഒരു യാത്രയിലേക്കാണോ?

ഞാന്‍ മനഃപൂര്‍വം അത്തരം ട്രെന്റിലേക്ക് മാറിയതല്ല. ഒരു ചിത്രത്തില്‍നിന്ന് അടുത്ത ചിത്രത്തിലേക്ക് ആലോചിക്കുമ്പോള്‍ അപ്പോള്‍ മനസ്സിലെത്തുന്ന വിഷയം സിനിമയാക്കുന്നയാളാണ് ഞാന്‍. അതിനു പറ്റുന്ന താരങ്ങളെയാണ് ഞാന്‍ അന്വേഷിക്കുന്നത്. ഒരു താരത്തിന്റെയും ഡേറ്റ് കിട്ടാന്‍ പ്രയാസമില്ലാത്ത കാലത്താണ് ഞാന്‍ 'അച്ചുവിന്റെ അമ്മ' ചെയ്തത്. ഇവിടെ താരങ്ങളുടെ കാലം കഴിഞ്ഞു എന്ന് ഒരിക്കലും ഞാന്‍ വിശ്വസിക്കുന്നില്ല. സിനിമ ഒരുക്കുന്ന കാലം ഒഴിച്ചാല്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരില്‍ ഒരാളാണ് ഞാന്‍. എന്റെ ടേസ്റ്റ് സാധാരണ പ്രേക്ഷകന്റെ ടേസ്റ്റിന് ചേര്‍ന്നുനില്‍ക്കുന്നതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇവിടെ ചില പുതുമകള്‍ വരുന്നത് ഞാന്‍ കാണുന്നുണ്ട്. ഈ മാറ്റങ്ങള്‍ എല്ലാ തലത്തിലും വേണം. മെട്രോ സിറ്റിയില്‍ സംഭവിക്കുന്ന കഥകള്‍ മാത്രമല്ല നാട്ടിന്‍പുറത്തെ പുതുമയാര്‍ന്ന കഥകളും സിനിമയില്‍ എത്തണം. ആ കഥകള്‍ക്കും അത് അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കും മാറ്റം വേണം. അതുകൊണ്ട് ഇതൊരു വഴിത്തിരിവിന്റെ കാലമാണല്ലോ, ഞാനും മാറിയേക്കാം എന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല. ഈ സിനിമയ്ക്ക് പറ്റുന്ന ആള്‍ക്കാരെ മാത്രമേ ഞാന്‍ സ്വീകരിച്ചിട്ടുള്ളൂ.

അടുത്ത കാലത്തായി ചെയ്യുന്ന ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച സത്യന്‍ അന്തിക്കാട് ഈ ചിത്രത്തിന്റെ തിരക്കഥയ്ക്കുവേണ്ടി ബെന്നിയെ ഉപയോഗപ്പെടുത്താന്‍ കാരണം?

എനിക്കുവേണ്ടി എഴുതിയിരുന്നവര്‍ മറ്റു തിരക്കുകളിലേക്ക് പോയപ്പോഴാണ് എനിക്ക് തിരക്കഥാകൃത്താകേണ്ടിവന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ ഒരു സിനിമ നിര്‍മിക്കാന്‍ ഉള്ള ആഗ്രഹവുമായാണ് ബെന്നി പി. നായരമ്പലവും ആന്റോ ജോസഫും എന്നെ സമീപിച്ചത്. ബെന്നി നല്ലൊരു സബ്ജക്റ്റ് ഉണ്ടാക്കിയാല്‍ നമുക്കത് ചെയ്യാം എന്ന് ഞാനും പറഞ്ഞു. അതിന്റെ ടെന്‍ഷന്‍ ഞാന്‍ ബെന്നിയുടെ തലയിലിട്ടു. അതിനുശേഷം എന്റെ 'ഭാഗ്യദേവത'യും 'കഥ തുടരുന്നു', 'സ്‌നേഹവീട്' എന്നീ ചിത്രങ്ങള്‍ കഴിഞ്ഞു. അതിനിടയില്‍ കണ്ടപ്പോഴാണ് ബെന്നി കടപ്പുറം പശ്ചാത്തലമാക്കിയ ഈ ചിത്രത്തിന്റെ കഥ എന്നോട് പറഞ്ഞത്. അതെന്നെ ആകര്‍ഷിച്ചു.


കടലോര ജീവിതക്കാഴ്ചകള്‍ നന്നായി അറിയുന്ന തിരക്കഥാകൃത്താണ് ബെന്നി. 'ചാന്ത്‌പൊട്ടി'ലൂടെ അത് തെളിയിക്കുകയും ചെയ്തതാണ്. തുടര്‍ന്നുള്ള ചര്‍ച്ചയിലാണ് കടലോരത്ത് തനിച്ചായിപ്പോകുന്ന പെണ്‍കുട്ടിയും അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചില ജീവിതങ്ങളിലേക്കും ഞങ്ങള്‍ ഇറങ്ങിയത്. എന്റെ ചിത്രങ്ങളില്‍ കാണാത്ത ചില ജീവിതസ്പര്‍ശങ്ങള്‍ ഞാന്‍ ഇവിടെ തിരിച്ചറിയുകയായിരുന്നു.
പ്രമേയപരമായി ഒരു നായികാപ്രാധാന്യമുള്ള ചിത്രമാണിത്.

എന്തുകൊണ്ടാണ് ചിത്രത്തിലെ താമര എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ 'പുതുമുഖ താരത്തെ' തേടിയത്?

ചില കഥാപാത്രങ്ങള്‍ ഒരുക്കുമ്പോള്‍ അത് അവതരിപ്പിക്കാന്‍ നിലവിലുള്ള ചില താരങ്ങളുടെ മുഖം മനസ്സില്‍ ഓടിയെത്തും. 'അച്ചുവിന്റെ അമ്മ' ചെയ്യുന്നതിനു മുന്‍പ് ഉര്‍വശി സിനിമയില്‍ അഭിനയിക്കുന്ന കാലമായിരുന്നില്ല. മീരയെ എനിക്ക് പരിചയമുണ്ടായിരുന്നില്ല. ആ കഥ രൂപപ്പെട്ടപ്പോള്‍ അമ്മ ഉര്‍വശിയും മകള്‍ മീരാജാസ്മിനുമായാല്‍ മതിയെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ആ രസകരമായ കൂട്ടുകെട്ട് ഉണ്ടായത്. ഈ കഥ മനസ്സില്‍ വന്നപ്പോള്‍ ഒരു പുതിയ കുട്ടിയായിരിക്കണം നായിക എന്നെനിക്ക് തോന്നി. കാരണം അത് കമ്മിറ്റ്‌മെന്റ് ഇല്ലാത്ത, ഇമേജ് ഇല്ലാത്ത ഒരാളായിരിക്കണം. ടാലന്റ് ഉള്ള ഒരു കുട്ടിക്കു വേണ്ടിയുള്ള അന്വേഷണമാണ് നമിത പ്രമോദില്‍ എത്തിയത്. മലയാളിത്തവും ആത്മവിശ്വാസവും ഉള്ള ഈ മുഖമാണ് എന്നെ ആകര്‍ഷിച്ചത്. കേരളത്തിന്റെ പുറത്തുനിന്ന് ഒരു നായികയെ കൊണ്ടുവന്നാല്‍ ഒരുപക്ഷേ, അത്ര കണ്ടെന്നുവരില്ല. നമുക്കിടയിലെ കുട്ടി എന്നൊരു ഫീല്‍ ഉള്ള മുഖമായിരുന്നു ഞാന്‍ ആഗ്രഹിച്ചത്; അത് കിട്ടി. ഷൂട്ടിങ്ങിന്റെ ആദ്യ നാളുകളില്‍തന്നെ ആ ടാലന്റ് അവള്‍ ക്യാമറയ്ക്കു മുന്നില്‍ കാണിക്കുകയും ചെയ്തു.


'തട്ടത്തിന്‍മറയത്ത്' പ്രേക്ഷകരിലേക്ക് എത്താത്ത കാലത്താണ് സത്യന്‍ അന്തിക്കാട് പുതിയ ചിത്രത്തിലേക്ക് നിവിന്‍ പോളിയെ നായകനാക്കിയത്. എന്തായിരുന്നു ആ ധൈര്യം?... പ്രേരണ?

ചോക്ലേറ്റ് ബോയി എന്ന സങ്കല്പത്തിനപ്പുറം അധ്വാനിച്ച് ജീവിക്കുന്നവന്റെ മുഖമാണ് ഞാന്‍ അന്വേഷിച്ചത്. ആ റിയല്‍ ലുക്ക്, നിവിന്‍ പോളിയില്‍ ഞാന്‍ കണ്ടു.
 1 2 NEXT