സലിം കുമാറിനെ ചതിച്ചതാര്?

posted on:

06 Aug 2012


ലവനാണോ... ലവന്റെ ലപ്പുറത്തുള്ളവനാണോ ചതിച്ചതെന്നറിയില്ല, എന്നാലും ചതി നടന്നു. കൊടും ചതി. നടന്‍ സലിംകുമാര്‍ ആദ്യമായി സംവിധാനവേഷമണിഞ്ഞ ഹ്രസ്വചിത്രം 'പൊക്കാളി' ഉയര്‍ത്തുന്ന വിവാദങ്ങള്‍ അടങ്ങുന്നില്ല. ജൂറിക്കു മുമ്പില്‍ ചിത്രം പ്രദര്‍ശിപ്പിക്കാത്തതിന് അധികാരികള്‍ പറയുന്ന ന്യായങ്ങളുടെയെല്ലാം മുനയൊടിക്കുകയാണ് സംവിധായകന്‍. അവാര്‍ഡ്‌മോഹം നെറുകയില്‍ കയറിയിട്ടല്ല, ഇത്തരം നെറികേടുകള്‍ അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല. പൊക്കാളിക്ക് സംഭവിച്ചത് നാളെ മറ്റൊരു ചിത്രത്തിന് സംഭവിക്കരുത്. ചിത്രം തഴഞ്ഞതിന്റെ കാരണമറിയണം. അറിഞ്ഞേ തീരൂ.

?പൊക്കാളിയെ കുറിച്ച്


വര്‍ഷങ്ങളായി പൊക്കാളി കൃഷിചെയ്യുന്ന കര്‍ഷകനാണ് ഞാന്‍. രാസവളമോ കീടനാശിനികളോ ഇല്ലാതെ വിളയിച്ചെടുക്കുന്ന നെല്ലാണ് പൊക്കാളി. ആലപ്പുഴയിലെ തണ്ണീര്‍മുക്കം ബണ്ട് മുതല്‍ തൃശ്ശൂര്‍ ഏനാമാക്കല്‍ വരെയാണ് വ്യാപകമായി മുമ്പ് പൊക്കാളികൃഷി ഉണ്ടായിരുന്നത്. 32000 ഹെക്ടറിലുള്ള പൊക്കാളി പാടം ഇന്ന് 2000 ഹെക്ടറിലേക്ക് ചുരുങ്ങിപ്പോയി. പൊക്കാളി പാടത്ത് ആറുമാസം നെല്‍കൃഷിയും ആറ് മാസം ചെമ്മീന്‍ കൃഷിയുമാണ് നടക്കുന്നത്. വെള്ളം നിറഞ്ഞുനില്‍ക്കുന്ന പാടത്ത് പൊക്കാളി തലയുയര്‍ത്തി നില്‍ക്കുന്നതുതന്നെ ഒരു കാഴ്ചയാണ്. പഴയകാലത്ത് പൊക്കാളി അരിയുടെ കഞ്ഞിവെള്ളം കോളറയ്ക്ക് വരെ മരുന്നായി ഉപയോഗിച്ചിരുന്നു.

പുതുതലമുറ പൊക്കാളിയെ മറന്നുതുടങ്ങി. പൊക്കാളിയെന്ന എന്റെ ഹ്രസ്വചിത്രം ഒരോര്‍മ്മപ്പെടുത്തലാണ്. മറവിയിലേയ്ക്ക് വഴുതിവീഴാനൊരുങ്ങുന്ന നന്മകളെക്കുറിച്ചാണ് ചിത്രം പറയുന്നത്.

?പൊക്കാളി വിതച്ച വിവാദത്തെപറ്റി


പൊക്കാളി ഒരു വിവാദചിത്രമല്ല. ചിത്രത്തിലൂന്നി ഒരു വിവാദം സൃഷ്ടിക്കണമെന്നും കരുതിയതല്ല. പൊക്കാളിക്ക് അവാര്‍ഡ് കിട്ടിയില്ല എന്നതല്ല എന്റെ പരാതി. ചിത്രം സംസ്ഥാന അവാര്‍ഡ് കമ്മിറ്റി ജൂറിക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചില്ല എന്നതാണ് പരാതി. എന്തുകാരണം പറഞ്ഞാണോ പൊക്കാളിയെ മാറ്റിനിര്‍ത്തിയത് അതേ കാരണങ്ങളെല്ലാമുള്ള ചിത്രത്തിനാണ് ഈ വര്‍ഷം മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയത്.

പാടം നികത്തല്‍, പരമ്പരാഗത കൊയ്ത്തിന്റെ മരണം, കാര്‍ഷികരംഗത്തെ പുത്തന്‍ ആശങ്കകള്‍... എല്ലാം തുന്നിച്ചേര്‍ത്തതായിരുന്നു എന്റെ ചിത്രം. അതു പ്രദര്‍ശിപ്പിക്കാനുള്ള അവസരംപോലും നിഷേധിച്ചുവെന്ന് പറയുമ്പോള്‍ പ്രതിഷേധിക്കാതിരിക്കാനായില്ല. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.


? അവാര്‍ഡ് പരിഗണനാ മാനദണ്ഡങ്ങളിലുള്‍പ്പെടുന്നതല്ല പൊക്കാളിയെന്നൊരു ആക്ഷേപമുണ്ടല്ലോ


പൊക്കാളി ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ചിത്രീകരിച്ച സിനിമയാണ്. അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചപ്പോള്‍ തന്നെ ചിത്രത്തിന്റെ പ്രിന്റ് വേണമെന്ന് ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ മുംബൈയിലെ മൂവി ലാബില്‍ ചെന്ന് ചിത്രത്തിന്റെ പ്രിന്റെടുത്തു. ഷൂട്ടിങ് വേളയുടെ ഒഴിവുകളില്‍ സമയം കണ്ടെത്തി ഞാന്‍ നേരിട്ട് പോയാണ് അതെല്ലാം ചെയ്തത്. സലിം കുമാര്‍ എന്ന നടനോട് മൂവിലാബ് ഉടമ കാണിച്ച പ്രത്യേക താല്‍പ്പര്യമാണ് അത്ര വേഗത്തില്‍ പ്രിന്റ് ലഭിക്കാന്‍ കാരണം. പ്രിന്റെടുക്കാനായി ഒരു രാത്രി മുഴുവന്‍ അവിടെ ഫുള്‍ യൂണിറ്റ് ജോലിചെയ്തു.

പ്രിന്റ് നല്‍കിയപ്പോഴും അവാര്‍ഡ് കമ്മിറ്റിയുടെ മുഖം തെളിഞ്ഞിരുന്നില്ലെന്ന് പിന്നീടാണ് മനസ്സിലായത്. ഇപ്പോള്‍ അവര്‍ പറയുന്നത് ഫിലിംകാമറയില്‍ ഷൂട്ട് ചെയ്ത ചിത്രമല്ല പൊക്കാളി, അതുകൊണ്ട് ചിത്രം പരിഗണിക്കപ്പെടാതെ പോയി എന്നാണ്. ഇത്തവണത്തെ മികച്ച ഹ്രസ്വചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച സംവിധായകന്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി, അയാളുടെ ചിത്രവും ഡിജിറ്റല്‍ ഫോര്‍മാറ്റിലാണ് ചിത്രീകരിച്ചതെന്ന്. അപ്പോള്‍ അതൊന്നുമല്ല. പൊക്കാളി പ്രദര്‍ശിപ്പിക്കില്ലെന്ന് ആരൊക്കെയോ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. അവര്‍ അതു ഭംഗിയായി നടപ്പിലാക്കി.

? നടന്‍ സംവിധായകനായപ്പോള്‍


പൊക്കാളിയെ സംഘം ചേര്‍ന്ന് ചിലര്‍ കൊലപ്പെടുത്തിയെന്നു വിശ്വസിക്കുന്നില്ല, പൊക്കാളി ഒരു ശ്രമമായിരുന്നു. കൃഷിക്ക് കൈത്താങ്ങായി പുതുതലമുറയില്‍ ചിലരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് തുടങ്ങിയത്. അതിപ്പോഴും മനസ്സിലുണ്ട്.
33 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം പലസമയങ്ങളിലായി ഏതാണ്ട് ഒരു വര്‍ഷമെടുത്താണ് ചിത്രീകരിച്ചത്. വിത്തെറിയുന്നത് മുതല്‍ ചോറു വിളമ്പുന്നതുവരെയുള്ള എല്ലാം ചിത്രത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. പണം ചെലവായെങ്കിലും ആദ്യശ്രമം ആത്മസംതൃപ്തി നല്‍കുന്നതാണ്.


? പൊക്കാളി ചിത്രത്തിന്റെ ഇന്നത്തെ അവസ്ഥ, പ്രദര്‍ശനം


പൊക്കാളിയെ ചൊല്ലിയുള്ള കേസും വാദവുമെല്ലാം അങ്ങനെ നടക്കും. ചിത്രം കാണാനും പ്രദര്‍ശിപ്പിക്കാനും താല്‍പ്പര്യം കാണിച്ച് നിരവധിപേര്‍ ദിവസവും വിളിക്കുന്നുണ്ട്. നിര്‍ബന്ധിച്ച് കാണിക്കേണ്ട ഒരു ചിത്രമല്ലിത്, താല്‍പ്പര്യമുള്ളവര്‍ മാത്രം അറിഞ്ഞാല്‍ മതി. കാര്‍ഷിക കേരളത്തിനുള്ള ഒരു സന്ദേശം ചിത്രത്തിലുടനീളമുണ്ട്. കൃഷിയോടുള്ള സമീപനം ഇങ്ങനെയാണെങ്കില്‍ നോട്ടുകെട്ടുകള്‍ കയ്യില്‍ വെച്ചിട്ട് പട്ടിണി കിടക്കേണ്ട അവസ്ഥ വരും.

പൊക്കാളിക്കുവേണ്ടി ഒരു വെബ്‌സൈറ്റ് നിര്‍മ്മിച്ച് റസവ ്യ്ക്ഷക്ഷമാഹ.ര്ൗ അതിലൂടെ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. പത്ത് ദിവസത്തിനുള്ളില്‍ സൈറ്റിന്റെ ജോലികള്‍ പൂര്‍ത്തിയാകും. വിവാദങ്ങള്‍ക്കിനി വിത്തെറിയുന്നില്ല. പൊക്കാളിക്ക് നീതി ലഭിക്കും, ജനം സ്വീകരിക്കും, അവര്‍ അതു ചര്‍ച്ച ചെയ്യും-അത്രമാത്രം.

പി. പ്രജിത്ത്‌