സംഗീതം സുരേഷ് പീറ്റേഴ്‌സ്‌

posted on:

09 Jan 2009

''വലുതാകുമ്പോള്‍ നിങ്ങള്‍ ആരാകണം?'' ക്ലാസ്സില്‍ ടീച്ചര്‍ ചോദിച്ച ചോദ്യത്തിന് ഒന്നാം ക്ലാസ്സുകാരായ വിദ്യാര്‍ഥികള്‍ തങ്ങളുടെ കുഞ്ഞു മനസ്സിലെ ആഗ്രഹങ്ങള്‍ വിളിച്ചുപറയുകയാണ്. സ്ഥിരം പല്ലവികളില്‍ നിന്നും വേറിട്ട് ഒരു അഞ്ചു വയസ്സുകാരന്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയപ്പോള്‍ ടീച്ചര്‍ അത്ഭുതപ്പെട്ടു. ക്ലാസ്സ് നിശ്ശബ്ദമായി. ആ ആഗ്രഹം ഇതായിരുന്നു... ''എനിക്ക് സംഗീതജ്ഞനാകണം''.

സംഗീതജ്ഞനാകണമെന്നുള്ള ആഗ്രഹവുമായി പഠനം ആരംഭിച്ച വിദ്യാര്‍ഥിയുടെ മുഴുവന്‍ പേര് സുരേഷ് ക്ലമന്റ് പീറ്റേഴ്‌സ്. ഇന്ന് തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനുമായ സുരേഷ് പീറ്റേഴ്‌സ്. സംഗീത വഴികളില്‍ കുടുംബ പാരമ്പര്യത്തിന്റെ പിന്തുണയൊന്നും അവകാശപ്പെടാനില്ലെങ്കിലും തെന്നിന്ത്യ മുഴുവന്‍ തിരിച്ചറിയുന്ന വേറിട്ട ശബ്ദത്തിനുടമയായി സുരേഷ് പീറ്റേഴ്‌സ് മാറി. പഞ്ചാബിഹൗസും തെങ്കാശിപട്ടണവും രാവണപ്രഭുവും റണ്‍വേയും സുരേഷ് പീറ്റേഴ്‌സിന്റെ സംഗീത സംവിധാന മികവിന്റെ മലയാളം പര്യായങ്ങളായി. റാഫി-മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ലൗ ഇന്‍ സിംഗപ്പൂരിലെ'ന്റെ പാട്ടുകളുടെ കമ്പോസിങ്ങിന് കൊച്ചിയിലെത്തിയ സുരേഷ് പീറ്റേഴ്‌സ് കേരളത്തിലെ നമ്പര്‍ വണ്‍ എഫ്.എം. സ്റ്റേഷനായ ക്ലബ്ബ് എഫ്.എം. 94.3 യുടെ കൊച്ചി സ്റ്റുഡിയോ സന്ദര്‍ശിക്കാനും സമയം കണ്ടെത്തി.
സ്റ്റുഡിയോ മുറിയുടെ ശീതളിമയില്‍, തന്റെ ഗിറ്റാറിന്റെ കമ്പികളില്‍ മാന്ത്രിക വിരലുകള്‍കൊണ്ട് സംഗീതം തീര്‍ത്ത് സുരേഷ് പീറ്റേഴ്‌സ് തന്റെ സംഗീത വഴികളെക്കുറിച്ചു പറഞ്ഞു. ജീവിതം സംഗീതം തന്നെയാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളെക്കുറിച്ച് സുരേഷ് പീറ്റേഴ്‌സ് വാചാലനാകുകയാണ്.

'ജെന്റില്‍മാനി'ലെ 'ചിക്പുക് റെയിലേ' മുതല്‍ 'ശിവാജി'യിലെ 'സ്റ്റൈല്‍'വരെ പാടിയ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റ്. എന്താണ് ഈ വിജയങ്ങള്‍ക്ക് പിന്നിലെ രസതന്ത്രം?

ഈ വിജയങ്ങള്‍ക്ക് പിന്നില്‍ രസതന്ത്രങ്ങളുണ്ടോയെന്നൊന്നും എനിക്കറിയില്ല. എ. ആര്‍. റഹ്മാന്‍ എന്ന ലോകോത്തര സംഗീത സംവിധായകനും, ശങ്കര്‍ എന്ന വലിയ ചലച്ചിത്ര സംവിധായകനും തമ്മില്‍ ചേരുമ്പോള്‍ പല അത്ഭുതങ്ങളും സംഭവിക്കുന്നു. അതില്‍ വെറുമൊരു ഭാഗം മാത്രമാകുകയാണ് ഞാന്‍. പുതിയതു തേടിയുള്ള പരീക്ഷണങ്ങള്‍ക്ക്, തയ്യാറുള്ള രണ്ട് പ്രഗല്ഭര്‍ ഒന്നിക്കുമ്പോള്‍ അത്ഭുതങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ?

സിനിമയുടെ ലോകത്തേക്ക് എത്തുന്നത് എങ്ങനെയാണ്?

കോളേജില്‍ പഠിക്കുന്ന സമയത്ത് ഞങ്ങള്‍ സംഗീത പ്രേമികളായ കുറച്ചു പേര്‍ ചേര്‍ന്ന് ഒരു ബാന്‍ഡ് ആരംഭിച്ചു; 'റോക്ക് ബാന്‍ഡ്' എന്നായിരുന്നു പേര്. ഈ ബാന്‍ഡില്‍ കീ ബോര്‍ഡ് വായിച്ചിരുന്നത് എ. ആര്‍. റഹ്മാനായിരുന്നു. ഞങ്ങള്‍ ചെന്നൈയില്‍ ഒരുപാട് സ്റ്റേജ് ഷോസ് നടത്തിയിട്ടുണ്ട്; ഇതിനിടയില്‍ പരസ്യങ്ങളുടെ ജിംഗിളുകളും മറ്റുമായി റഹ്മാന്‍ തിരക്കിലായി. അതിനുശേഷം റഹ്മാന്‍ 'റോജ'യുടെ കമ്പോസിങ് ചെയ്യുമ്പോള്‍ സഹായിയായി കൂടെക്കൂടി. പിന്നീട് അന്നു മുതല്‍ ഇന്നുവരെ ആ സൗഹൃദം സംഗീതത്തിന്റെ താളവും രാഗവും പോലെയാണ്.

ആദ്യ ഗാനം?

ശരിക്കും 'ജന്റില്‍മാനി'ലെ 'ചിക്പുക് റെയിലേ' പാടുമ്പോള്‍ അത് സിനിമയ്ക്കുവേണ്ടിയാണെന്ന് എനിക്കറിയില്ലായിരുന്നു. അവിചാരിതമാ യി എനിക്ക് പാട്ടുകാരനാകേണ്ടി വന്നതാണ്. കാരണം തമിഴില്‍ പാട്ടുപാടാന്‍ കഴിയുമെന്ന് എനിക്കുപോലും വിശ്വാസമില്ലായിരുന്നു റെക്കോഡിങ് കഴിഞ്ഞ് കുറെ ദിവസം കഴിഞ്ഞപ്പോള്‍ റഹ്മാന്റെ കോള്‍ വന്നു. ''സിനിമ റിലീസായി; പാട്ടു കേട്ടോ?'' എന്നായിരുന്നു ചോദ്യം. അപ്പോഴാണ് സിനിമയില്‍ ആ പാട്ട് ഉപയോഗിച്ചിട്ടുണ്ടെന്ന് ഞാന്‍ അറിയുന്നത്. എന്തായാലും ആ പാട്ട് ഹിറ്റായതോടെ ഞാനും ശ്രദ്ധിക്കപ്പെട്ടു. ആ പാട്ട് പാടിയതിന് റഹ്മാന്‍ എനിക്കൊരു എസ്.പി.ഡി. ഇലവണ്‍ ഇലക്‌ട്രോണിക് ഡ്രം കിറ്റ് സമ്മാനമായി നല്‍കി. ഒരു പക്ഷേ, എന്റെ ജീവിതത്തില്‍ സംഗീതം വഴി വന്ന ആദ്യത്തെ വിലപ്പെട്ട സമ്മാനം.

പിന്നീട് എപ്പോഴാണ് സംഗീത സംവിധാന രംഗത്തേക്ക് വരുന്നത്?

പുതിയ ശബ്ദങ്ങള്‍ തേടിയുള്ള യാത്രയാണ് എനിക്ക് ഓരോ ദിവസവും. ഈ യാത്രയില്‍ ഞാന്‍ ഓരോ സ്വരമുഖങ്ങളെ പരിചയപ്പെടുന്നു. ഇങ്ങനെ പരിചയപ്പെടുന്നവരില്‍ ഒരേ തരംഗദൈര്‍ഘ്യമുള്ളവര്‍ ഒന്നുചേര്‍ന്ന് ഒരു പോയിന്റിനെക്കുറിച്ച് മാത്രം ചിന്തിക്കും. അങ്ങനെ ഇന്ത്യന്‍ സംഗീത രംഗത്തെ പ്രഗല്ഭ സംഗീതജ്ഞരായ പ്രസാദ്, ലക്ഷ്മി നാരായണ്‍, ബാലു, ശ്രീധര്‍ തുടങ്ങിയവരും ഞാനും ചേര്‍ന്ന് ഒരു ആല്‍ബം പുറത്തിറക്കി. തമിഴില്‍ പുറത്തിറങ്ങിയ 'മിന്നല്‍' എന്ന ഈ ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ആല്‍ബത്തിലൂടെയാണ് ഞാന്‍ ആദ്യമായി സംഗീത സംവിധായകനാകുന്നത്.

മലയാളത്തിലേക്കെത്തുന്നത്?

സംവിധായകന്‍ റാഫി 'മിന്നല്‍' എന്ന ആല്‍ബം കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് എന്നെ 'പഞ്ചാബി ഹൗസ്' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യാന്‍ വിളിക്കുന്നത്.

മലയാളികളുടെ സംഗീതാസ്വാദനത്തെ എങ്ങനെ വിലയിരുത്തുന്നു?

മെലഡിയില്‍ അധിഷ്ഠിതമായ സംഗീതത്തെയാണ് മലയാളികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്നെനിക്ക് തോന്നുന്നു. ശാസ്ത്രീയമായ സംഗീതത്തിന്റെ അടിസ്ഥാനവും മലയാളികളിലുണ്ട്. അതുകൊണ്ട് മലയാളികളാല്‍ സ്വീകരിക്കപ്പെടുന്നത് ഏറ്റവും വലിയ അവാര്‍ഡായി കണക്കാക്കുന്ന ഒരു കലാകാരനാണ് ഞാന്‍.

'തെങ്കാശിപ്പട്ടണം', 'ഇന്‍ഡിപെന്‍ഡന്‍സ്', 'മഴത്തുള്ളിക്കിലുക്കം', 'വണ്‍മാന്‍ഷോ', 'പാണ്ടിപ്പട', 'അപരിചിതന്‍' തുടങ്ങിയ ഒരുപാട് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയെങ്കിലും 'രാവണപ്രഭു'വിലെ 'അറിയാതെ.....' എന്നു തുടങ്ങുന്ന ഗാനത്തോട് കുറച്ച് കൂടുതല്‍ ഇഷ്ടമുണ്ട്, അല്ലേ?
ഒരുപാട് സംഗീതോപകരണങ്ങളുടെ ബഹളമില്ലാതെ കമ്പോസ് ചെയ്ത പാട്ടാണ് 'അറിയാതെ...അറിയാതെ'. പല്ലവി ആദ്യം കമ്പോസ് ചെയ്ത് 10 മിനുട്ടുകൊണ്ടാണെങ്കിലും ചരണം വരെയെത്താന്‍ രണ്ട് ദിവസമെടുത്ത ഗാനമാണിത്. ഗിരീഷ് പുത്തഞ്ചേരിയുടെ അതിമനോഹരമായ വരികള്‍ക്ക് പോറലേല്ക്കാതെയാണ് ഈ ഗാനം കമ്പോസ് ചെയ്തത്. കാലില്‍ പരിക്കുണ്ടായിട്ടുപോലും വേദന സഹിച്ചാണ് ചിത്രച്ചേച്ചി ഈ ഗാനം പാടിയത്. ജയേട്ടന്റെ (ജയചന്ദ്രന്റെ) ഭാവഗാംഭീര്യം കലര്‍ന്ന ശബ്ദം കൂടിയായപ്പോള്‍ പാട്ടിന് ഒരു പുതുമയും ആകര്‍ഷണീയതയും വന്നു. ഈ പാട്ടിനാണ് എനിക്ക് ഫിലിംഫെയര്‍ അവാര്‍ഡ് കിട്ടിയത്.


സംഗീത സംവിധാനം ചെയ്യുമ്പോഴാണോ, പാടുമ്പോഴാണോ കൂടുതല്‍ സംതൃപ്തി ലഭിക്കുന്നത്?

രണ്ടും രണ്ട് മാനസികാവസ്ഥയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. വന്യമായി ചിന്തിക്കാന്‍, ഭ്രാന്തമായി മനസ്സിനെ പറഞ്ഞു വിടാന്‍ സംഗീത സംവിധാനം എന്നെ സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഞാന്‍ ഓരോ ഗാനവും ആസ്വദിച്ചാണ് ചിട്ടപ്പെടുത്താറുള്ളത്. മാത്രമല്ല, കൂടുതല്‍ സംഗീതജ്ഞരെയും മഹാന്മാരായ ഗായകരെയുമൊക്കെ പരിചയപ്പെടാന്‍ അവസരം കിട്ടുന്നത് സംഗീത സംവിധായകനാകുമ്പോഴാണ്.
 1 2 NEXT