നൂറിന്റെ നിറവില്‍ പാപ്പുക്കുട്ടി ഭാഗവതര്‍

ബിനില്‍

 

posted on:

22 Jul 2012


മലയാള സിനിമയ്ക്ക് ശതാബ്ദി ആഘോഷിക്കാന്‍ സമയമായിട്ടില്ലെങ്കിലും നൂറു വയസിലേക്ക് കടന്ന ഒരാള്‍ വീണ്ടും തിരശീലയ്ക്കു മുന്നിലെത്തുന്നു.നാടകത്തിലും സിനിമയിലും ഏറെക്കാലം തിളങ്ങിനിന്ന പാപ്പുക്കുട്ടി ഭാഗവതരാണ് നൂറാംവയസ്സില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ സിനിമയായ ബോംബെ പോലീസില്‍ വേഷമിടുന്നത്. ഒക്ടോബര്‍ 10 ന് സിനിമയുടെ ചിത്രീകരണം തുടങ്ങും. ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് നൂറാം വയസിലേക്കു കടന്ന പാപ്പുക്കുട്ടി ഭാഗവതര്‍ കെ.ആര്‍.എല്‍.സി.സി. സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ തനിക്കൊപ്പം പങ്കെടുത്ത റോഷന്‍ ആന്‍ഡ്രൂസിനോട് വീണ്ടും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നു പറയുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം 2010ല്‍ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ദിലീപ്ഭാവന സിനിമയിലെ പ്രശസ്തമായ 'എന്റടുക്കവരും' എന്ന പാട്ടു പാടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയില്‍ ആദ്യഗാനം പാടി 60 വര്‍ഷത്തിനു ശേഷമായിരുന്നു മേരിക്കുണ്ടൊരു കുഞ്ഞാടിലെ ഭാഗവതരുടെ ഗാനം.

പ്രസന്ന എന്ന സിനിമയില്‍ 37ാം വയസ്സില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പാട്ടു പാടി അഭിനയിക്കാന്‍ തുടങ്ങിയത്. വൈസ് ചാന്‍സലര്‍ എന്ന അവസാന സിനിമ പുറത്തിറങ്ങിയത് 1988ല്‍. പാപ്പുക്കുട്ടി ഭാഗവതരുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്.

എങ്ങനെയാണ് ഈ പ്രായത്തിലും പാടാനാവുന്നത് ?


ചെറുപ്പത്തിലേ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട്. പിന്നീട് നാടകങ്ങളിലും സിനിമകളിലും ഏറെ പാടി. 1999ല്‍ സൂര്യ ഫെസ്റ്റിവലില്‍ തിരുവനന്തപുരത്ത് കച്ചേരി അവതരിപ്പിച്ചിരുന്നു. രണ്ടു മണിക്കൂര്‍ നിര്‍ത്താതെ പാടി. അന്നു പ്രായം 86. ഈ പ്രായത്തില്‍ ഒരു സംഗീതജ്ഞന്‍ കച്ചേരി നടത്തിയതായി കേട്ടുകേള്‍വി പോലുമില്ല. ഇതെങ്ങനെ സാധിച്ചുവെന്നാണ് പലരും ചോദിച്ചത്. ഇനി ഓഗസ്റ്റ് 12ന് ചെന്നെയില്‍ സംഗീത കച്ചേരി അവതരിപ്പിക്കുന്നുണ്ട്.

നാടകവേദിയിലെ അനുഭവങ്ങളെ കുറിച്ച് ?


ഏഴാമത്തെ വയസ്സില്‍ വേദമണി എന്ന സംഗീതനാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. പിന്നീട് പതിനേഴു വയസ്സുള്ളപ്പോഴാണ് ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ 'മിശിഹാചരിത്ര'ത്തില്‍ മശഗ്ദലന മറിയത്തിന്റെ വേഷമിട്ട് പ്രൊഫഷണല്‍ നടനാവുന്നത്. ഗായകന്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫും മിശിഹാചരിത്രത്തില്‍ അഭിനയിച്ചിരുന്നു. സ്ത്രീവേഷം കെട്ടാന്‍ മടിയായിരുന്നെങ്കിലും അക്കാലത്ത് അതു പതിവായിരുന്നു. പിന്നീട് ചങ്ങനാശേരിയിലുള്ള നാടകട്രൂപ്പുകളുടെ കൂടെയായി. തിക്കുറിശ്ശിയുടെ മായ എന്ന നാടകത്തില്‍ ഞാന്‍ നായകനും അദ്ദേഹം വില്ലനുമായിരുന്നു. കോളിളക്കം സൃഷ്ടിച്ച നാടകമായിരുന്നു മായ. ഒരു വര്‍ഷം 290 സ്‌റ്റേജുമഖളിലാണ് മായ അവതരിപ്പിച്ചത്. സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം, ഇണപ്രാവുകള്‍, ചിരിക്കുന്ന ചെകുത്താന്‍, പത്തൊമ്പതാം നൂറ്റാണ്ട്.... തുടങ്ങി അനവധി നാടകങ്ങള്‍.15,000 വേദികളിലെങ്കിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്.

നാടകവേദിയിലെ മറക്കാനാവാത്ത അനുഭവമെന്തായിരുന്നു ?

ഒരിക്കല്‍ നാടകം കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഭാഗവതര്‍ സാര്‍ ഒരു കീര്‍ത്തനം പാടണമെന്ന് കാണികള്‍ അഭ്യര്‍ത്ഥിച്ചു. അക്കാലത്ത് കര്‍ണാടക സംഗീതം കൂടുതല്‍ ജനപ്രിയമായിരുന്നു. അന്നു മൈക്ക് ഇല്ല. വൈദ്യുതി ഇല്ല. ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റംവരെ ഇരിക്കുന്ന ആള്‍ക്കുവരെ കേള്‍ക്കുംവിധം, ചെവി തുളക്കുമാറു വിളിച്ചുപാടണം. കൊലവിളി വിളിക്കണം. എന്നാലേ കേള്‍ക്കൂ. പക്കാല എന്ന ത്യാഗരാജ കീര്‍ത്തനമാണ് പാടിയത്.
 1 2 NEXT