പ്രണയത്തിന് വന്‍മതിലിന്റെ അതിര്‍ത്തികളില്ല. രണ്ടുരാജ്യങ്ങളിലെ വ്യത്യസ്ത ആചാര വിചാരങ്ങള്‍ പ്രണയത്തിന് ബാധ്യതയാവുന്നുമില്ല. പ്രഥമ ഇന്തോ-ചൈനാ സംയുക്ത സംരംഭമായ 'ദി ഡിസയര്‍' എന്ന സിനിമ തീേയ്യറ്ററില്‍ എത്തുംമുമ്പേ ചൈനയില്‍ വന്‍ ചര്‍ച്ചയാകുന്നതിന്റെ കാരണങ്ങള്‍ ഇതൊക്കെയാകാം. ആര്‍. ശരത് എന്ന മലയാളി ചലച്ചിത്രകാരന്റെ ഗ്രാഫില്‍ ഈ സിനിമ അടയാളപ്പെടുത്തുന്നത് പുതിയൊരു കൈയൊപ്പ്. ശരത് സംസാരിക്കുന്നു...
പ്രമേയത്തിലും അവതരണത്തിലും താങ്കളുടെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് 'ഡിസയര്‍'?
നിരവധി അംഗീകാരങ്ങള്‍ ലഭിച്ച 'സായാഹ്നം' പൊഖ്‌റാനിലെ ആണവ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. പിന്നീടുവന്ന 'സ്ഥിതി' സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കി. ജലചൂഷണമായിരുന്നു 'ശീലാബതി'യില്‍. ഇത്തരം വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോക്കല്ല ഹിന്ദി, ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലുള്ള 'ഡിസയര്‍'. പുതിയൊരു വിഷയമെടുത്തു എന്നു മാത്രം. ബുദ്ധചിന്തകളില്‍ ആകൃഷ്ടനായ ചിത്രകാരനും ഒഡീസി നര്‍ത്തകിയായ ഇന്ത്യക്കാരിയും തമ്മിലുള്ള പ്രണയമാണ് ഇതില്‍. അതിന് എന്റേതായൊരു ക്ലൈമാക്‌സ്. ചൈനീസ് നടന്‍ സിയാവു, ഇന്ത്യന്‍ താരം ശില്പഷെട്ടി എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന സിനിമ, ചൈനയില്‍ വന്‍ ചര്‍ച്ചയായി. അവിടുത്തെ മാധ്യമങ്ങള്‍ വലിയ പ്രചാരമാണ് നല്‍കിയത്. തീര്‍ച്ചയായും മികച്ച നടനായ സിയാവുവിന്റെ സാന്നിധ്യം, ഏഷ്യന്‍ രാജ്യങ്ങളില്‍ ബോളിവുഡിനുള്ള അംഗീകാരം ഇതൊക്കെ മാധ്യമശ്രദ്ധയ്ക്ക് കാരണമായി. അന്യരാജ്യത്ത് ഒരിന്ത്യന്‍ സംവിധായകന് ഈ അംഗീകാരം പ്രോത്സാഹനമാണ്.
'ഡിസയറി'ന്റെ മറ്റു പ്രത്യേകതകള്‍, നേടിയ അംഗീകാരങ്ങള്‍?
ശില്പയ്‌ക്കൊപ്പം ജയപ്രദ, അനുപംഖേര്‍, വിക്രംഗോഖലെ, മലയാളിയായ മുംബൈ മോഡല്‍ ശീതള്‍ മേനോന്‍, കൊല്ലം സ്വദേശി ഡോ. എസ്. ശ്രീനാഥ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ശില്പ തല മുണ്ഡനം ചെയ്തുവരെ അഭിനയിക്കുന്നുണ്ട് ഈ ചിത്രത്തില്‍. ഗ്രാമി അവാര്‍ഡ് ജേതാവ് വിശ്വമോഹന്‍ ഭട്ടാണ് പശ്ചാത്തലസംഗീതം.
15 മേളകളില്‍ പ്രദര്‍ശിപ്പിച്ചു. ജനീവ, ന്യൂയോര്‍ക്ക് മേളകളില്‍ മികച്ച ചിത്രമായി. ലണ്ടന്‍ ഏഷ്യന്‍ ഫെസ്റ്റില്‍ മികച്ച സാങ്കേതികത്തികവുള്ള ചിത്രത്തിനുള്ള അംഗീകാരം, ബീജിംഗ് മേളയില്‍ സിയാവു മികച്ച നടന്‍, ജയ്പൂര്‍ മേളയില്‍ ശില്പ മികച്ച നടി. 12 കോടി ചെലവിട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. പരീക്ഷണങ്ങളായിരുന്നു താങ്കളുടെ ഓരോ സിനിമകളും. ഇതൊരു റിസ്‌കല്ലേ?
അങ്ങനെ തോന്നിയിട്ടില്ല. 'സായാഹ്ന'ത്തില്‍ പ്രമുഖ നാടകപ്രവര്‍ത്തകന്‍ ഒ. മാധവനെയാണ് നായകനാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഏഴ് അവാര്‍ഡുകള്‍ കിട്ടി. നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡും. 'സ്ഥിതി'യില്‍ ഗായകന്‍ ഉണ്ണിമേനോനെ നായകനാക്കി. ഇതൊന്നും റിസ്‌കായി തോന്നിയില്ല. ഒ.എന്‍.വി. സാറിന്റെ 'ഭൂമിക്കൊരു ചരമഗീതം' ഹ്രസ്വചിത്രമാക്കിയപ്പോള്‍ സാറുതന്നെ മുഖ്യകഥാപാത്രമായി. കവിതയെന്ന കഥാപാത്രമായത് കാവ്യാമാധവനും. എന്റെ സിനിമകള്‍ എന്റെയും പ്രേക്ഷകരുടെയും സംതൃപ്തിയാണ്. കൂടുതല്‍ അവകാശവാദങ്ങളില്ല.
അടുത്ത ചിത്രം?
ഡിസയറും പറുദീസയും ഉടന്‍ തീയ്യേറ്ററില്‍ വരും. അടുത്ത സിനിമയുടെ ഒരുക്കം നടക്കുന്നു.
'പറുദീസ' വിവാദവിഷയമാണ് കൈകാര്യം ചെയ്യുന്നത്. എന്താണ് പ്രത്യേകത?
ആരാണ് യഥാര്‍ഥ വിശ്വാസി എന്നതാണ് 'പറുദീസ'യില്‍.