സാള്‍ട്ട് & പെപ്പര്‍ 'കുക്ക് ബാബു' വീണ്ടും വരും

posted on:

13 Jul 2012


'കുമാരേട്ടാ, രണ്ടു രാധാസ്' എന്നു സൗമ്യമായി ചോദിച്ചുകൊണ്ട് സ്‌ത്രൈണതയാര്‍ന്ന ആ പാചകക്കാരന്‍ ഒരു വട്ടം കൂടി മലയാളസിനിമയില്‍ പ്രത്യക്ഷപ്പെടുമോ? ഉവ്വെന്നുറപ്പിച്ചുപറയുന്നു നടന്‍ ബാബുരാജ്. സാള്‍ട്ട് എന്‍ പെപ്പറിലെ കുക്ക് ബാബു എന്ന രസികന്‍ കഥാപാത്രത്തിന് വീണ്ടുമൊരു തുടര്‍ച്ചയുണ്ടാകുന്നതിന്റെ ആഹഌദത്തിലാണ് ബാബുരാജിപ്പോള്‍. ചിത്രത്തിന്റെ തിരക്കഥാജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. 'കുക്ക് ബാബു' എന്നാണ് സിനിമയ്ക്ക് തല്‍ക്കാലമിട്ട പേര്. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. 'കുക്ക് ബാബു' അടക്കമുള്ള പുതിയ പദ്ധതികളെക്കുറിച്ച് ബാബുരാജ് സംസാരിക്കുന്നു.

സാള്‍ട്ട് എന്‍ പെപ്പറിന് രണ്ടാം ഭാഗം ഒരുങ്ങുകയാണോ?


- സാള്‍ട്ട് എന്‍ പെപ്പറിന്റെ രണ്ടാം ഭാഗമാകില്ല പുതിയ സിനിമ. സാള്‍ട്ട് എന്‍ പെപ്പറിലെ 'കുക്ക് ബാബു' എന്ന കഥാപാത്രത്തിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സിനിമയാകും ഇത്. ഇത്തരത്തിലുള്ള ഒരാശയവുമായി ചിലര്‍ എന്നെ വന്നുകണ്ടിരുന്നു. 'കുക്ക് ബാബു'വിനെ നായകനാക്കിക്കൊണ്ട് മുഴുവനായും വികസിപ്പിച്ചെടുത്ത കഥയും അവരുടെ കൈവശമുണ്ടായിരുന്നു. കഥ കേട്ടപ്പോള്‍ വളരെ ഇഷ്ടമായി. അങ്ങനെയാണ് ഈ പ്രൊജക്ടുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. സാള്‍ട്ട് എന്‍ പെപ്പറിന്റെ സംവിധായകന്‍ ആഷിക് അബു തന്നെ ഈ സിനിമ ചെയ്യണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ മറ്റു പ്രൊജക്ടുകള്‍ കമ്മിറ്റ് ചെയ്തതിനാല്‍ ആഷിക്കിന് ഇതേറ്റെടുക്കാന്‍ പറ്റുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. അങ്ങനെയെങ്കില്‍ സംവിധാനച്ചുമതല മറ്റാരെയെങ്കിലും ഏല്‍പ്പിക്കും. ബാബുവിന്റെ കഥയാണ് പറയുന്നതെങ്കിലും സാള്‍ട്ട് എന്‍ പെപ്പറിലെ മിക്കവാറും കഥാപാത്രങ്ങള്‍ പുതിയ സിനിമയിലുമുണ്ടാകും. തിരക്കഥയുടെ അവസാനവട്ടജോലികള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഈ വര്‍ഷം അവസാനം റിലീസ് ചെയ്യണമെന്ന ലക്ഷ്യവുമായി കാര്യങ്ങള്‍ മുന്നോട്ടുപോകുകയാണ്.

സാള്‍ട്ട് എന്‍ പെപ്പറിനു ശേഷം ബാബുരാജിന് കൈനിറയെ സിനിമകളുണ്ട്. എന്നാല്‍ ആദ്യമായി നായകനായ
'നോട്ടി പ്രൊഫസര്‍' വന്‍പരാജയമായി. ഇതില്‍ വിഷമമുണ്ടോ?


- 'നോട്ടി പ്രൊഫസര്‍' വന്‍പരാജയമായി എന്നു പറയുന്നത് ശരിയല്ല. ആകെ എട്ട് പ്രധാന ആര്‍ടിസ്റ്റുകള്‍ അഭിനയിച്ചൊരു കൊച്ചുസിനിമയാണത്. 'നോട്ടി പ്രൊഫസറി'ന്റെ മൊത്തം നിര്‍മാണച്ചെലവ് ഒന്നരക്കോടി രൂപയാണ്. ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റായി 1.10 കോടി രൂപ കിട്ടി. ആദ്യമൂന്ന് ദിവസം കൊണ്ട് 26 ലക്ഷം രൂപ തിയേറ്റര്‍ ഷെയര്‍ ലഭിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. എല്ലാം കൂടെനോക്കുമ്പോള്‍ 'നോട്ടി പ്രൊഫസര്‍' നിര്‍മാതാവിന് കാര്യമായ നഷ്ടം വരുത്തിയിട്ടില്ല.

എന്തുകൊണ്ടാണ് 'നോട്ടി പ്രൊഫസര്‍' ജനം സ്വീകരിക്കാതെപോയതെന്ന് സ്വയം വിലയിരുത്തിയിയോ?

- സാള്‍ട്ട് എന്‍ പെപ്പറിലും ഓര്‍ഡിനറിയിലും മായാമോഹിനിയിലുമൊക്കെ എന്റെ കോമഡി നന്നായി ആസ്വദിച്ച പ്രേക്ഷകര്‍ 'നോട്ടി പ്രൊഫസറി'ല്‍ സ്വാഭാവികമായും കൂടുതല്‍ ഹാസ്യം പ്രതീക്ഷിച്ചുകാണും. പക്ഷേ ഒരു കുടുംബ കഥപറയാനാണ് ഞങ്ങളതില്‍ ശ്രമിച്ചത്. ഇത് ആളുകളെ നിരാശപ്പെടുത്തിയിരിക്കാം. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും ഞാന്‍ തന്നെയായതിനാല്‍ പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നില്ല. സാള്‍ട്ട് എന്‍ പെപ്പറിന്റെ വന്‍വിജയം സമ്മാനിച്ച ആവേശത്തിന്റെ ഭാഗമായി പിറവിയെടുത്ത പ്രൊജക്ടാണ് 'നോട്ടി പ്രൊഫസര്‍'. ചില സൂക്ഷ്മതക്കുറവുകള്‍ പല ഭാഗത്തും സംഭവിച്ചിട്ടുണ്ട്. അതിനാരെയും കുറ്റം പറഞ്ഞിട്ടുകാര്യമില്ല.
മറ്റൊന്ന് മാര്‍ക്കറ്റിങിലെ പാളിച്ചകളാണ്. എല്ലാ സെന്ററുകളിലും വന്‍ തിയേറ്ററുകളിലാണ് 'നോട്ടി പ്രൊഫസര്‍' റിലീസ് ചെയ്തത്. എറണാകുളം കവിത, കോഴിക്കോട് കോര്‍ണേഷന്‍ പോലുള്ള വലിയ തിയേറ്ററുകള്‍. സൂപ്പര്‍താരചിത്രങ്ങള്‍ പോലും ഈ തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ആകാന്‍ വിഷമമാണ്. 1050 സീറ്റുകളാണ് എറണാകുളം കവിതയിലുള്ളത്. ആദ്യദിവസത്തെ ആദ്യഷോവിനു തന്നെ ഇത്രയും ആളുകളെത്തിയാലല്ലേ ഹൗസ്ഫുള്‍ ബോര്‍ഡ് വെക്കാന്‍ പറ്റൂ. നേരെ മറിച്ച് സീറ്റിങ് കപ്പാസിറ്റി കുറഞ്ഞ ചെറുതീയേറ്ററുകളിലാണെങ്കില്‍ ചിത്രം ആദ്യദിവസങ്ങളില്‍ ഹൗസ്ഫുള്‍ ആകുമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും തിരക്കുണ്ടാകാന്‍ ഇതു സഹായിച്ചേനെ.

പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണോ ഇനിയുള്ള നീക്കങ്ങള്‍?

- തീര്‍ച്ചയായും. ഡി.വൈ.എസ്.പി. ശങ്കുണ്ണിയങ്കിള്‍ എന്ന സിനിമയാണ് ഞാന്‍ നായകനായി ഇനിയിറങ്ങാനുള്ള സിനിമ. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ആളുകള്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതൊക്കെ വാരിക്കോരി നല്‍കാന്‍ ആ സിനിമയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 1 2 NEXT