ഇവിടെ എന്ത് മാറ്റം?

posted on:

30 Jun 2012


മലയാള സിനിമാലോകത്തെ ഒറ്റയാനായ ഫിലിം മേക്കറാണ് ടി.വി. ചന്ദ്രന്‍. സിനിമയിലായാലും ജീവിതത്തിലായാലും തനിക്ക് പറയാനുള്ളത് ചങ്കൂറ്റത്തോടെ വെട്ടിത്തുറന്ന് പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ സ്ഥിരം കച്ചവട തന്ത്രങ്ങളിലേക്കോ നിറപ്പകിട്ടിലേക്കോ സാമ്പത്തിക നേട്ടങ്ങളിലേക്കോ അദ്ദേഹം ഒരിക്കലും ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ താരഭാരമില്ലാത്ത സിനിമയൊരുക്കാന്‍ ടി.വി. ചന്ദ്രനു കഴിഞ്ഞു. സിനിമ എന്നും ആ ഫിലിം മേക്കറുടെ കരുത്തുറ്റ മീഡിയ മാത്രമായിരുന്നു, പറയാനുള്ള കാര്യങ്ങള്‍ പ്രേക്ഷകരോട് പറയാനുള്ള മീഡിയം. കാലിക പ്രസക്തിയുള്ള വിഷയമാണ് 'ഭൂമിയുടെ അവകാശികള്‍' എന്ന പുതിയ ചിത്രത്തിലൂടെ ടി.വി. ചന്ദ്രന്‍ പറയുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ ശീര്‍ഷകം കടമെടുത്താണ് പുതിയ ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ യുവതാരം കൈലാഷാണ് നായകന്‍. പുതിയ ചിത്രം കടന്നുവന്ന വഴികളെ മുന്‍നിര്‍ത്തി ടി.വി. ചന്ദ്രന്‍ സംസാരിക്കുന്നു.

രചനയിലും അവതരണത്തിലും മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണെന്ന് പറയുന്നുണ്ട്. ആ മാറ്റങ്ങളെ ശ്രദ്ധിച്ചിരുന്നോ?

ഈ പറയുന്ന മാറ്റങ്ങള്‍ ഞാന്‍ അടുത്തറിഞ്ഞിട്ടില്ല. ചെറുപ്പക്കാര്‍ സിനിമയിലേക്ക് വരുന്നതും താരബാഹുല്യം കുറയ്ക്കുന്നതും എല്ലാം നല്ല കാര്യമാണ്. ഇവിടെ ആഴത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ചില രീതികള്‍ മാറിയിട്ടുണ്ട്. അല്ലാതെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഇവിടെ കണ്ടിട്ടില്ല. ഇന്റര്‍നെറ്റ് കാലത്ത് ചില സിനിമക്കാര്‍ മോഷണകലയില്‍ കൂടുതല്‍ പ്രാവീണ്യരാകുന്നത് കണ്ടിട്ടുണ്ട്. പണ്ടൊക്കെ ഇംഗ്ലീഷ് ചിത്രങ്ങളില്‍നിന്ന് ത്രഡ് അടിച്ചുമാറ്റിയാണ് ഇവിടെ ചിലര്‍ സിനിമയൊരുക്കിയത്...ഇപ്പോള്‍ അത് കൊറിയവരെ നീളുന്നു എന്നതും രസമുള്ള പ്രത്യേകതയാണ്.

ടി.വി. ചന്ദ്രന്‍ചിത്രത്തിലെ നായകപദവി യുവതാരം കൈലാഷിന് ഒരു അംഗീകാരമാണ്. എങ്ങനെയാണ് ആ സ്റ്റാര്‍ കാസ്റ്റിങ്ങില്‍ എത്തിയത്?

പത്ത് വര്‍ഷമായി എന്റെ മനസ്സില്‍ കിടന്നതും ഒരുപാട് നടന്മാരുമായി പങ്കുവെച്ചതുമായ ഒരു കഥയാണിത്. മലയാളത്തിലെ ഒരുപാട് താരങ്ങളോട് സംസാരിച്ച് ഒടുവില്‍ കൈലാഷില്‍ അത് എത്തി നില്‍ക്കുകയായിരുന്നു. ആ യാത്ര മോഹന്‍ലാലില്‍നിന്നാണ് തുടങ്ങിയത്. കഥ കൈലാഷില്‍ എത്തിയപ്പോള്‍ കഥാപാത്രത്തിന്റെ പ്രായത്തിനനുസരിച്ച് ചില മാറ്റങ്ങള്‍ വരുത്തി.

ഇത്തരം പുതിയ പരീക്ഷണങ്ങളുമായി പുറപ്പെടുന്നവര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഏറെ ഉണ്ടല്ലോ?

അതൊന്നും ഞാന്‍ ആലോചിക്കാറില്ല. ഞാന്‍ പത്ത് വര്‍ഷമായി മനസ്സില്‍ കൊണ്ടുനടന്ന്, എന്റെ മനസ്സില്‍ പലതവണ കണ്ട ഒരു ചിത്രം പ്രേക്ഷകര്‍ക്ക് വേണ്ടി ഇപ്പോള്‍ അവതരിപ്പിക്കുകയാണ്. അതിന്റെ ഹരത്തിലാണ് ഞാന്‍. ഞാന്‍ മനസ്സില്‍ കണ്ട ചില കാര്യങ്ങള്‍ ഈ സാഹചര്യത്തില്‍ ഇങ്ങനെയൊക്കെ അവതരിപ്പിക്കുന്നു എന്നു മാത്രം. എന്റെ കുറെ കാലത്തെ ജീവിതത്തിന്റെ ചില സ്പര്‍ശങ്ങള്‍ ഈ ചിത്രത്തിലുണ്ട്. കുറെ മുന്‍പേ ചെയ്താലും ഇപ്പോള്‍ ചെയ്താലും മലയാള സിനിമയില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല.


'ഭൂമിയുടെ അവകാശികള്‍' - എങ്ങനെയാണ് ഈ ചിത്രത്തിന്റെ കഥാബീജം പിറക്കുന്നത്?
ഈ ഭൂമിയുടെ അവകാശികള്‍ ബഷീറിന്റെ ഭൂമിയുടെ അവകാശികളുടെ ചലച്ചിത്രാവിഷ്‌കാരമല്ല. കുറെക്കാലമായി എന്റെ മനസ്സില്‍ രൂപമെടുത്ത ഒരു കഥയ്ക്ക് ബഷീറിന്റെ കഥയുടെ പേര് കടം കൊള്ളുകയായിരുന്നു. അതിനുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും അനുവാദം വാങ്ങിയിരുന്നു.

ഭൂമിയുടെ അവകാശികള്‍ എന്ന പ്രയോഗം വളരെക്കാലം മുന്‍പേ വായനാലോകത്ത് പരിചിതമായ പ്രയോഗമായിരുന്നു. അമേരിക്കന്‍ റെഡ് ഇന്ത്യന്‍ ആര്‍മിയുടെ ചീഫ്, ജോര്‍ജ് വാഷിംഗ്ടണിന് അയച്ച പ്രസിദ്ധമായ കുറിപ്പിലെ പ്രയോഗമായിരുന്നു ''We are the real inheritors of earth' എന്നത്. ബഷീറിന്റെ കഥയുടെ ഒരന്തരീക്ഷം മാത്രം ഇവിടെയുണ്ട്; അത്രമാത്രം. ഈ ചിത്രം ബഷീറിനും എം.എസ്. ബാബുരാജിനുമാണ് ഞാന്‍ സമര്‍പ്പിക്കുന്നത്.

എന്റെ സിനിമായാത്രയില്‍ ഭൂമിയുടെ അവകാശികള്‍ ഒരു മൂന്നാം ഭാഗമാണ്. കഥാവശേഷനും വിലാപങ്ങള്‍ക്കപ്പുറത്തിനും ശേഷമുള്ള ചിത്രം, അവ മൂന്നും ഗുജറാത്ത് കലാപത്തിന്റെ ശേഷിപ്പുകളുടെ കഥപറയുന്നവയാണ്.

കഥാവശേഷന്‍ തുടങ്ങുന്നത് മാര്‍ച്ച് ഒന്നാം തീയതിയാണ്. ഫിബ്രവരി 29-ാം തീയതിയാണ് വിലാപങ്ങള്‍ക്കപ്പുറത്തെ പെണ്‍കുട്ടി അവിടെനിന്ന് ഓടിപ്പോരുന്നത്. ഫിബ്രവരി 28-ാം തീയതിയാണ് ഈ ചിത്രത്തിലെ മോഹനചന്ദ്രന്‍ നായര്‍ അഹമ്മദാബാദില്‍നിന്ന് ഓടിപ്പോരുന്നത്. ഒരു തുടര്‍ച്ചയെന്നോണം സംഭവിക്കുന്ന ചില കാര്യങ്ങള്‍ ഈ ചിത്രത്തിലുണ്ട്.

ഈ ചിത്രത്തിലെ മോഹനചന്ദ്രന്‍ നായരുടെ ലോകം എന്താണ്?
ഒരു കമ്പനിയില്‍ ബോംബെയിലും അഹമ്മദാബാദിലും ജോലിചെയ്തിരുന്ന ചെറുപ്പക്കാരന്‍ ഒരു ഷോര്‍ട്ട് ട്രാന്‍സ്ഫറിനുവേണ്ടി അഹമ്മദാബാദില്‍ എത്തി. അന്നാണ് ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. അവിടെനിന്ന് എല്ലാം ഉപേക്ഷിച്ച് അയാള്‍ക്ക് നാട് വിടേണ്ടിവന്നു. കലാപാനന്തരം സ്വന്തം ജോലിയും ഐഡന്റിറ്റിയും അയാള്‍ക്ക് നഷ്ടമായി. തുടര്‍ന്നുള്ള യാത്രകളാണ് ചിത്രത്തെ നയിക്കുന്നത്. അതിനിടയില്‍ അദ്ദേഹത്തിന്റെ അമ്മാവന്റെ വകയില്‍ പതിച്ചു കിട്ടിയ 50 സെന്റ് ഭൂമിയും 50 വര്‍ഷമായി ആള്‍താമസമില്ലാത്ത ഒരു പഴയ വീട്ടിലേക്കും അയാള്‍ എത്തുകയാണ്. പാമ്പും കീരിയും അണ്ണാറക്കണ്ണനും ഉടുമ്പും ഉറുമ്പും തവളയും അരണയും വാഴുന്ന ആ ലോകം, ജീവിക്കാന്‍ മനുഷ്യസഹവാസം വേണ്ട എന്ന സത്യത്തിലേക്കാണ് ചെന്നെത്തിക്കുന്നത്. ഈ ഭൂമിയുടെ അവകാശികളുമായുള്ള ആ പങ്കുവെക്കലിന്റെ രസങ്ങളിലൂടെയാണ് പിന്നീട് ചിത്രം കടന്നു പോകുന്നത്.

ഈ ചിത്രത്തിന്റെ മ്യൂസിക്കല്‍ സൈഡ്?

പാട്ടുകളേക്കാള്‍ ചിത്രത്തില്‍ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. മോഹന ചന്ദ്രന്‍ നായരുടെ ജീവിതത്തില്‍ കണ്ട് മുട്ടുന്ന രണ്ട് മുഖങ്ങള്‍ ഉണ്ട്. ഒന്ന് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന അണ്‍നോണ്‍ ബീരാന്‍ക്കയും ഷഹബാസ് വേഷമിടുന്ന പാട്ടുകാരനായ അരവിന്ദനും. ബാബുരാജിന്റെ പാട്ടുകള്‍ പാടാത്ത ദിവസം അവര്‍ക്കുണ്ടായിരുന്നില്ല. ആ ലോകവും പ്രകൃതിയും മനുഷ്യനും അടുത്തറിയുന്ന മറ്റൊരു ലോകവും ചിത്രത്തിലുണ്ട്. ഒരു സിംഫണിയാണ് അവിടെ പ്രയോഗിക്കുന്നത്. പാരീസ് ചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.