'മകന്റെ അച്ഛനെ'ക്കുറിച്ച് വി.എം.വിനു

posted on:

26 Dec 2008

മനസ്സില്‍ തൊടുന്ന കുറേ മുഹൂര്‍ത്തങ്ങള്‍... ജീവിതഗന്ധിയായ കഥ. ഇത്തരം സവിശേഷതകളുള്ള വി.എം. വിനുവിന്റെ ചിത്രങ്ങളെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ആ ഗണത്തിലേക്ക് ഒരു ചിത്രവുംകൂടി സ്ഥാനം നേടാന്‍ ഒരുങ്ങുകയാണ്. നവാഗതനായ സംജദ് നാരായണന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന 'മകന്റെ അച്ഛന്‍'. ശ്രീനിവാസനെ നായകനാക്കി 'യസ് യുവര്‍ ഓണറി'നുശേഷം ഒരുക്കുന്ന ഈ ചിത്രം പാലക്കാട്ട് ചിത്രീകരണം പുരോഗമിക്കുകയാണ്. ഷൂട്ടിങ്ങിന്റെ തിരക്കൊഴിഞ്ഞ നേരത്ത് വി.എം.വിനുവുമായി അല്പനേരം...

അച്ഛനേയും മകനേയും ഒരുമിച്ച് അഭിനയിപ്പിക്കാന്‍ കഴിയുന്ന ഒരു ചിത്രമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നോ 'മകന്റെ അച്ഛന്റെ' തുടക്കം?

ശ്രീനിയേട്ടന്‍ (ശ്രീനിവാസന്‍) നായകനാകുന്ന ചിത്രം എന്ന നിലയിലാണ് 'മകന്റെ അച്ഛന്‍' വര്‍ക്ക്ഔട്ട് ചെയ്തുതുടങ്ങിയത്. ശ്രീനിയേട്ടന്‍ കഥ കേട്ടപ്പോള്‍ നമുക്ക് ഉടനെതന്നെ ഈ സിനിമ ചെയ്യാമെന്നു പറഞ്ഞു. ഇത് കാലികപ്രസക്തിയുള്ള വിഷയം പറയുന്നതോടൊപ്പം കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കഥയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അപ്പോഴൊന്നും മകന്‍ വേഷം ആരു ചെയ്യുമെന്ന് തീരുമാനിച്ചിരുന്നില്ല. അങ്ങനെ ഞാനാണ് വിനീതിനെ മകനായി അഭിനയിപ്പിക്കാമെന്ന നിര്‍ദേശം വെച്ചത്. ഈ ചിത്രത്തിലെ അച്ഛനും മകനും തമ്മില്‍ ഒരു പ്രത്യേക ബന്ധമാണ്. അത് ശ്രീനിയേട്ടനും വിനീതും നന്നായി ചെയ്യുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് രണ്ടുപേരും ചിത്രത്തിലേക്കു വരുന്നത്.

ശ്രീനിവാസനും വിനീതും ചേര്‍ന്നുള്ള സീന്‍ ചിത്രീകരിക്കുമ്പോള്‍?

രണ്ടുപേരും ഉള്‍പ്പെടുന്ന സീനുകള്‍ ചിത്രീകരിച്ചുതുടങ്ങിയിട്ടില്ല. ആ സീനുകള്‍ ചിത്രീകരിക്കുമ്പോള്‍ രണ്ടുപേര്‍ക്കും അസാധ്യമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം.

വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ ഗായകന്‍, അഭിനേതാവ് എന്ന നിലയില്‍ വരുമ്പോള്‍?

വിനീത് ഗായകനായും അഭിനേതാവായും തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞതാണ്. 'മകന്റെ അച്ഛനി'ല്‍ രണ്ടു പാട്ടുകളുണ്ട്. അവ രണ്ടും പാടുന്നത് വിനീതാണ്. കൈതപ്രവും അനില്‍ പനച്ചൂരാനും രചിച്ച വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം.
'സൂര്യന്‍' എന്ന ചിത്രത്തിലൂടെ പുതുമുഖ തിരക്കഥാകൃത്തുക്കളെ സിനിമാലോകത്തിന് പരിചയപ്പെടുത്തി.

വീണ്ടും പുതുമുഖ തിരക്കഥാകൃത്തിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍?

സംജദ് നാരായണനോട് പലതവണ കഥകള്‍ ആലോചിക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ എഴുതാം എന്നു പറഞ്ഞ് ഒഴിയുകയായിരുന്നു. പിന്നീട് ഒരിക്കല്‍ ഇങ്ങനെയൊരു കഥ എന്റെ കൈയിലുണ്ടെന്നു പറഞ്ഞു. അതില്‍നിന്നാണ് 'മകന്റെ അച്ഛന്റെ' പിറവി. സിനിമാരംഗത്തെത്തുന്ന പുതുമുഖങ്ങള്‍ എന്തെങ്കിലും ഒരു പുതുമ സമ്മാനിക്കാറുണ്ട്. സംജദിന്റെ തിരക്കഥയിലും ഒരു പുതുമയുണ്ട്. അതാണ് ചിത്രത്തിലേക്ക് എന്നെ ആകര്‍ഷിച്ചത്.

ശ്രീനിവാസന്റെ ജോഡിയായി സുഹാസിനി വരുമ്പോള്‍?

നമ്മുടെ മലയാളികളേക്കാള്‍ മലയാളിത്തമുള്ള നടിയാണ് സുഹാസിനി. നമ്മുടെ പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള താരമാണവര്‍. ഈ ചിത്രത്തിലെ അമ്മവേഷം ശക്തമായ കഥാപാത്രമാണ്. കുടുംബത്തിലെ പ്രശ്‌നങ്ങനെ സമചിത്തതയോടെ പരിഹരിക്കാന്‍ പ്രാപ്തിയുള്ളവള്‍. മകന് നൂറു ശതമാനം പിന്തുണ നല്‍കുന്ന നല്ലൊരമ്മ. അത് സുഹാസിനി ചെയ്താല്‍ വളരെ നന്നാകുമെന്നു തോന്നി. അവര്‍ കഥ കേട്ടപ്പോള്‍ അഭിനയിക്കാന്‍ താല്പര്യത്തോടെ തയ്യാറായി.

സൂപ്പര്‍താരചിത്രങ്ങളില്‍നിന്ന് വഴിമാറിനടക്കുമ്പോള്‍?

ഞാന്‍ എന്നും നല്ല കഥകളാണ് അന്വേഷിച്ചത്. കഥയ്ക്ക് അനുയോജ്യമായ താരങ്ങളെ കണ്ടെത്തിയാണ് സിനിമ ചെയ്തത്. മമ്മട്ടി, മോഹന്‍ലാല്‍ എന്നിവരൊക്കെ അഭിനയിച്ചത് അവര്‍ക്ക് അനുയോജ്യമായ വേഷങ്ങളാണ്. സൂപ്പര്‍താരചിത്രങ്ങള്‍ ചെയ്യുമ്പോഴും ചെറിയ ചിത്രങ്ങള്‍ ചെയ്യുമ്പോഴും തികഞ്ഞ സംതൃപ്തിയാണ്. കാരണം ഞാന്‍ ചെറിയ ചെറിയ ചിത്രങ്ങള്‍ ചെയ്താണ് വന്നത്. 'മകന്റെ അച്ഛന്റെ' കഥ കേട്ടപ്പോള്‍തന്നെ ഇത് ശ്രീനിയേട്ടന് പറ്റിയ കഥയാണെന്നു തോന്നി. അങ്ങനെയാണ് ഈ ചിത്രം ചെയ്യുന്നത്.

പുതിയ പ്രൊജക്ട്?

ഒന്നും തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ 'മകന്റെ അച്ഛന്‍' എന്ന സിനിമ നന്നായി ചെയ്യാനുള്ള ശ്രമമാണ്. ആ ചിത്രത്തിന്റെ കാര്യങ്ങള്‍ മാത്രമേ മനസ്സിലുള്ളൂ.

ടി.എസ്. പ്രതീഷ്‌