അച്ഛന്റെ അരങ്ങിലേക്ക് അനന്തനും

posted on:

08 Jun 2012


കരുത്തുറ്റ രചനകളിലൂടെയും ജീവന്‍ തുടിക്കുന്ന സിനിമകളിലൂടെയും ജനഹൃദയത്തില്‍ സ്ഥാനം നേടിയ പി. പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ സിനിമാരംഗത്തേക്ക്. അനന്തപത്മനാഭന്‍ തിരക്കഥ രചിച്ച 'വേനലിന്റെ കളനീക്കങ്ങള്‍' ചിത്രീകരണം തുടങ്ങുന്നു. നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ റിമാ കല്ലിങ്ങലാണ് മുഖ്യവേഷത്തില്‍. മുരളിഗോപി, പുതുമുഖം പ്രവീണ്‍, തിലകന്‍, സുകുമാരി, മാളഅരവിന്ദന്‍, പ്രവീണ, ഗണപതി തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. കെ.ബി. വേണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പത്മരാജന്റെ മകന്‍ വൈകിയാണെങ്കിലും സിനിമാരംഗത്തെത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. അച്ഛനെപ്പോലെ പുതിയ രചനാസങ്കേതങ്ങളും അനുഭവവഴികളും തുറന്നിടുമെന്ന ഓര്‍മപ്പെടുത്തലുമായാണ് അനന്തപത്മനാഭന്‍ എത്തുന്നത്. തന്റെ കാലഘട്ടത്തിലെ മറ്റേതൊരു ചെറുപ്പക്കാരനെയും പോലെ പത്മരാജന്‍ തന്നെയാണ് അനന്തപത്മനാഭന്റെയും സ്വാധീനശക്തി.

അച്ഛന്റെ രചനാവഴികളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണോ ഈ വരവ്?

അതെ, ഇതിവൃത്തത്തോട് നീതിപുലര്‍ത്തിയാണ് രചന പൂര്‍ത്തിയാക്കിയതെന്നാണ് വിശ്വാസം. അച്ഛന്‍ ഏറെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും അച്ഛനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. രചനയില്‍ എന്റേതായ ശൈലികൊണ്ടുവരാനാണ് ശ്രമിച്ചിട്ടുള്ളത്.

സിനിമയിലേക്കുള്ള വഴി

അതെ, നേരത്തേ ടെലിഫിലിമിനും സീരിയലിനും വേണ്ടി എഴുതിയിട്ടുണ്ട്. എന്നാല്‍ ബിഗ്‌സ്‌ക്രീനില്‍ കന്നി സംരംഭമാണ്. മലയാള മനോരമയിലെ വിഷുപ്പതിപ്പില്‍ ഞാന്‍ തന്നെ എഴുതിയ കഥയെ അധികരിച്ചാണ് തിരക്കഥ എഴുതിയത്. കെ.ബി. വേണു എന്നെ സമീപിച്ച് ഈ കഥയ്ക്ക് തിരക്കഥ എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്തുകൊണ്ടാണ് ഒഴിയാന്‍ ശ്രമിച്ചത്?

സിനിമാരംഗം എന്റെ ജീവിതലക്ഷ്യമായിരുന്നില്ല. അച്ഛനും താത്പര്യമുണ്ടായിരുന്നില്ല. മറ്റു വല്ല ജോലിയും ചെയ്താല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സിനിമാരംഗത്തേക്ക് പോകേണ്ടെന്നും അതില്‍ത്തന്നെ സംവിധാനം ഒരിക്കലും ചെയ്യരുതെന്നും കൂടെക്കൂടെ പറയുമായിരുന്നു. ഈ രംഗത്തെ കടുത്ത സമ്മര്‍ദം താങ്ങാന്‍ എനിക്കാകില്ലെന്ന് കരുതിയാകണം അങ്ങനെ പറഞ്ഞത്. അതുകൊണ്ടൊക്കെ ഞാന്‍ വിട്ടുനിന്നു.

സീരിയല്‍ രംഗത്തെ അനുഭവങ്ങള്‍?

ഒരു സീരിയലും ഒരു ടെലിഫിലിമും ഞാന്‍ ചെയ്തിട്ടുണ്ട്. അച്ഛന്റെ കഥയായ 'വാടകയ്‌ക്കൊരുഹൃദയ'ത്തെ അവലംബിച്ചാണ് സീരിയല്‍ ചെയ്തത്. 'ഇരുള്‍മേഘങ്ങള്‍ക്കും സൂര്യരശ്മികള്‍ക്കും മധ്യേ' എന്നായിരുന്നു ടെലിഫിലിമിന്റെ പേര്. ഇതിന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ കിട്ടി.


വൈകിയാണെങ്കിലും സിനിമാരംഗത്തേക്ക് എത്തിയല്ലോ?

2001-ല്‍ ഞാന്‍ ജോലി ഒഴിവാക്കി സിനിമാരംഗത്തേക്ക് കടക്കാന്‍ ശ്രമം നടത്തിയെങ്കിലും ശരിയായില്ല. അതോടെ കടുത്ത നിരാശതോന്നി. തുടര്‍ന്ന് ഈ രംഗമേ വേണ്ടെന്ന് തീരുമാനിച്ച് തിരിച്ചുപോകുകയായിരുന്നു. എട്ടുവര്‍ഷത്തിനുശേഷം സീരിയലും ടെലിഫിലിമും ഇറങ്ങി. പിന്നെ കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും ഇവിടേക്ക് വരാന്‍ തീരുമാനിച്ചു. നേരത്തേ കമലും സിദ്ധാര്‍ഥ് ഭരതനും പുതിയ തിരക്കഥ തയ്യാറാക്കാന്‍ പറഞ്ഞെങ്കിലും പകരക്കാരെ നിര്‍ദേശിച്ച് ഞാന്‍ മാറിക്കൊടുത്ത അനുബന്ധകഥ കൂടിയുണ്ട്.

അച്ഛനെ ഓര്‍ക്കുമ്പോള്‍?

അച്ഛന്‍ എന്നും പ്രചോദനശക്തിയാണ്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഞാന്‍ എഴുതിയ കഥകള്‍ വായിച്ച് അഭിപ്രായം പറയും, വിമര്‍ശിക്കും. അച്ഛന്‍ പലപ്പോഴും ഷൂട്ടിങ് സെറ്റുകളിലേക്ക് എന്നെ ക്ഷണിക്കുമായിരുന്നു. പത്താംക്ലാസ് കഴിഞ്ഞുനില്‍ക്കുമ്പോള്‍ 'തൂവാനുത്തുമ്പി'കളുടെ ലൊക്കേഷനിലും മറ്റൊരിക്കല്‍ 'ഒരിടത്തൊരു ഫയല്‍വാ'ന്റെ ലൊക്കേഷനിലും പോയത് ഓര്‍മയിലുണ്ട്. സെറ്റുകളില്‍ ചെന്നാല്‍ വെറുതെ നില്‍ക്കരുതെന്ന് അച്ഛന്‍ പറയാറുണ്ട്. അവിടെ എന്തെങ്കിലും ജോലിചെയ്യാന്‍ അച്ഛന്‍ നിര്‍ദേശിക്കുമായിരുന്നു.

സംവിധാനരംഗത്തേക്ക് വരുമോ?

ഭാവിയില്‍ വന്നേക്കാം. അച്ഛന്റെ ശ്രദ്ധിക്കപ്പെടാതെപോയ കഥകളുണ്ട്. അവയെ അധികരിച്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്യണമെന്നാണ് കരുതുന്നത്.