കാത്തിരിക്കുന്നു; നല്ല വേഷങ്ങള്‍ക്കായി

പി.കെ. രാധ

 

posted on:

27 May 2012


സൗമ്യനും ക്രൂരനുമായ ഈ വില്ലന്‍ മലയാള സിനിമയ്ക്ക് പരിചിതമായ വില്ലന്‍ വേഷങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമാണ്. രോഗത്തിന്റെ അവശതകളും അദമ്യമായ ലൈംഗികാഭിനിവേശത്തിന്റെ കരുത്തും സമന്വയിക്കുന്നതാണ് '22 ഫീമെയില്‍, കോട്ടയ'ത്തിലെ ഹെഗ്‌ഡെ എന്ന കഥാപാത്രം. അസാധാരണനായ ഈ വില്ലന്‍കഥാപാത്രത്തെ അവിസ്മരണീയമാക്കിക്കൊണ്ട് മലയാള സിനിമയില്‍ ശക്തമായ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് പ്രതാപ് പോത്തന്‍.

മലയാളത്തില്‍ തകര, ആരവം, ചാമരം തുടങ്ങി അനേകം സിനിമകളിലൂടെഅഭിനയരംഗത്തും ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ ചിത്രങ്ങളിലൂടെ സംവിധാനരംഗത്തും ശ്രദ്ധേയനായ പ്രതാപ് പോത്തന്‍ പിന്നീട് തമിഴ് സിനിമയിലും പരസ്യചിത്ര സംവിധാനത്തിലും വ്യാപൃതനായി. അതിനിടയില്‍ മലയാള സിനിമയുടെ എല്ലാ മേഖലകളിലും ഒരു പുതിയ തലമുറയുടെ സാന്നിധ്യം പ്രകടമായി. മലയാള സിനിമയിലെ ഏറ്റവും പുതിയ തലമുറയോടൊപ്പം ശ്രദ്ധേയമായ ഒരു ചിത്രത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം പ്രതാപ് പോത്തന്റെ വാക്കുകളില്‍ പ്രകടമാണ്. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്...

'22 ഫീമെയില്‍ കോട്ടയ'ത്തിലൂടെയുള്ള ഈ തിരിച്ചുവരവ് ഗംഭീരമായിരിക്കുന്നു. താങ്കള്‍ക്കെന്തുതോന്നുന്നു?

വളരെ സന്തോഷമുണ്ട്. കുറേ നാളുകളായി മലയാളത്തില്‍ അഭിനയിച്ചിട്ട്. ആരും എന്നെ വിളിക്കാറില്ല. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. പിന്നെ എനിക്ക് അത്ര ഇഷ്ടപ്പെട്ടകഥാപാത്രം ചെയ്യാനേ താത്പര്യമുള്ളൂ എന്നതും ഈ ഇടവേള നീണ്ടുപോയതിന് ഒരു കാരണമാകാം. ഞാന്‍ തന്നെ ഈ വേഷം ചെയ്യണമെന്ന് സംവിധായകന്‍ ആഷിക് അബുവിന് നിര്‍ബന്ധമായിരുന്നു. എനിക്കും ആ കഥാപാത്രത്തെ ഇഷ്ടമായി.ഇപ്പോള്‍ പ്രേക്ഷകരും എന്റെ അഭിനയം ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ ആഹ്ലാദമുണ്ട്.

ഹെഗ്‌ഡേ എന്ന ആ കഥാപാത്രത്തെപ്പറ്റി ?

വളരെ വ്യത്യസ്തമായ കഥാപാത്രം. സങ്കീര്‍ണമായ സ്വഭാവമാണ് അയാളുടേത്. അഭിനേതാവിന് ശരിക്കും വെല്ലുവിളിയാകുന്ന കഥാപാത്രം. ഒരു ഭാഗത്ത് അയാള്‍ അവശനായ രോഗിയാണ്. മറുഭാഗത്ത് ഒരു ക്രൂരനായ സെക്‌സ് മാനിയാക്. തകരയിലും ആരവത്തിലുമൊക്കെ ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഒരു നേരിയ ഛായ ഹെഗ്‌ഡേയില്‍ കണ്ടെന്നു വരാം. എന്നാല്‍ ആ കഥാപാത്രത്തിന്റെ വ്യക്തിത്വം വ്യത്യസ്തമാണ്.

സംവിധായകന്‍ ആഷിക് അബുവിനെപ്പറ്റി?

മലയാളസിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ പ്രതിനിധിയാണ് ആഷിക്. പുതുമയുള്ള കഥ, പുതിയ ആവിഷ്‌കരണ ശൈലി എന്നിവയാണ് ആഷിക്കിന്റെ ചിത്രങ്ങളെ വേറിട്ട് നിര്‍ത്തുന്നത്. ആഷിക്കിന്റെ അടുത്ത ചിത്രവും ഈ സവിശേഷതകള്‍ ഉള്ളതാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഫഹദ് ഫാസിലും റീമയും?

22 ഫീമെയില്‍ കോട്ടയത്തില്‍ ഫഹദിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. വളരെ ഹാര്‍ഡ് വര്‍ക്കിങ് ആണ് ഫഹദ്. പുതിയ നായകന്മാരില്‍ പലരും 10 വില്ലന്മാരെ അടിച്ചുവീഴ്ത്തി ഹീറോയിസം കാണിക്കുന്ന കഥാപാത്രങ്ങളെ ആഗ്രഹിക്കുമ്പോള്‍ ഈ ചെറുപ്പക്കാരന്‍ അഭിനയസാധ്യതയുള്ള, വ്യത്യസ്തമായ വേഷങ്ങള്‍ തേടുന്നു. ഇമേജിനെക്കുറിച്ച് തെല്ലും വേവലാതിപ്പെടാതെ വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാന്‍ ഫഹദ് കാണിക്കുന്ന ധൈര്യം ശ്രദ്ധേയമാണ്. ഒരു നല്ല നടന് ആവശ്യവും അതാണ്.
ഈ ചിത്രത്തിലെ റീമ കല്ലിങ്കലിന്റെ വേഷം മലയാളത്തില്‍ ഇന്ന് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. വളരെ ശക്തവും വ്യത്യസ്തവുമാണത്. റീമ ആ റോള്‍ മികച്ചതാക്കി.

മലയാളത്തില്‍ അടുത്ത ചിത്രം?

അറിയില്ല.
 1 2 NEXT