ഒരു രാത്രികൊണ്ട് പിറന്ന താരം.?

ബൈജു പി. സെന്‍

 

posted on:

03 Apr 2012


ഒരു രാത്രി കൊണ്ടാണ് സുവീരന്‍ എന്ന സംവിധായകന്റെ പേര് ഇന്ത്യന്‍ സിനിമയുടെ നെറുകയിലെത്തിയത്. പക്ഷേ, അതിനു പിന്നില്‍ ആരുമറിയാത്ത മുപ്പതു വര്‍ഷത്തെ കഠിന പ്രയത്‌നമുണ്ടായിരുന്നു. ഇന്ന് ആ പേരിനിടം അടൂര്‍ , എം.ടി. , ഷാജി എന്‍. കരുണ്‍, പ്രിയദര്‍ശന്‍, പ്രിയനന്ദനന്‍, സലീം അഹമ്മദ് എന്നിവര്‍ക്കിടയിലാണ്. മലയാളിയായ സുവീരന്‍ മലയാളമല്ലാത്ത ഭാഷയിലൂടെയാണ് മലയാളിയുടെ പെരുമ അറിയിച്ചത്. അന്യഭാഷാ ചിത്രങ്ങളിലൂടെ കഴിവു തെളിയിച്ച പ്രിയദര്‍ശന്റേയും കെ. എസ്. സേതുമാധവന്റേയും അതേ പാതയിലൂടെ കടന്നുവന്ന വിജയം. ബ്യാരി ഭാഷയിലെ ആദ്യത്തെ സിനിമതന്നെ ദേശീയ അംഗീകാരം നേടി. ചരിത്രത്തില്‍ ബ്യാരി ഭാഷ സിനിമയുടെ പിതാവ് എന്ന ബഹുമതിയാണ് സുവീരന്‍ സ്വന്തമാക്കിയത്. മലയാളിയായ സുവീരന്‍ എന്തുകൊണ്ടാണ് ഒരു ചിത്രം ഒരുക്കാന്‍ അന്യഭാഷയില്‍ അഭയം തേടേണ്ടി വന്നത്?... ആ പ്രതിഭയെ എന്തുകൊണ്ടാണ് നാം തിരിച്ചറിയാതെ പോയത്?... സുവീരന്റെ ജീവിതവഴികളിലൂടെ ഒരു യാത്ര...

സുവീരന്‍ 'ബ്യാരി' എന്ന ലിപിയില്ലാത്ത ഭാഷയില്‍ തീര്‍ത്ത ചിത്രമാണ് ദേശീയ അംഗീകാരത്തിലേക്ക് എത്തിയത്. ആ വിഷയത്തെ, ഭാഷയുടെ സാധ്യത എങ്ങനെ അടുത്തറിഞ്ഞു?


വിഷയത്തിന്റെ സാധ്യതയേക്കാള്‍ വിഷയത്തോടുള്ള സത്യസന്ധതയാണ് ഞാന്‍ പുലര്‍ത്തിയത്. ഒരു സിനിമ ചെയ്യാന്‍വേണ്ടി മലയാളത്തിലെ മുഖ്യധാരാ നായകരെത്തേടി ഞാന്‍ അലഞ്ഞിട്ടുണ്ട്. പക്ഷേ, 'ബ്യാരി' എന്നെത്തേടി എത്തിയ ചിത്രമായിരുന്നു. 'ബ്യാരി' സമുദായത്തില്‍പ്പെട്ട ബിസിനസ്സുകാരനും കലാകാരനുമായ അല്‍ത്താഫ് ഹുസൈന്‍ എന്നെത്തേടി എത്തുകയായിരുന്നു. 'ബ്യാരി' ഭാഷയില്‍ ഒരു ചിത്രം ഒരുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

അതിനുവേണ്ടി അദ്ദേഹം ഒരു വിഷയവും എന്റെ മുന്നില്‍ എത്തിച്ചു. പക്ഷേ, ആ വിഷയം അത്ര നന്നായി എനിക്ക് തോന്നിയില്ല. ആദ്യം ഞാന്‍ അത് നിരസിച്ചു. തേടിയെത്തിയ പ്രോജക്ട് നിരസിച്ച എന്റെ സമീപനമാണ് ആ നിര്‍മാതാവിനെ ആകര്‍ഷിച്ചത്. അദ്ദേഹം വിട്ടില്ല. എന്റെ മനസ്സിലെ സിനിമ ഒരുക്കാന്‍ അദ്ദേഹം വീണ്ടും തയ്യാറായി മുന്നോട്ടുവന്നു. അങ്ങനെ ആ ദേശത്തെ അടുത്തറിഞ്ഞ്... ആ ജീവിതത്തിലൂടെ സഞ്ചരിച്ച് ഒരു വര്‍ഷത്തെ ഹോംവര്‍ക്കിനു ശേഷമാണ് ഞങ്ങള്‍ 'ബ്യാരി' ഒരുക്കിയത്. മലയാളത്തില്‍ ഞാന്‍ സ്‌ക്രിപ്റ്റ് ഒരുക്കി പിന്നീട് ബ്യാരി ഭാഷാപണ്ഡിതരെക്കൊണ്ട് മാറ്റി എഴുതിച്ചാണ് തിരക്കഥ ഒരുക്കിയത്.

ബ്യാരി എന്ന വാക്കിന് വ്യാപാരി എന്ന അര്‍ഥമാണുള്ളത്. ബ്യാരി സമുദായത്തിലെ ഒരു പെണ്‍കുട്ടി ആ സമുദായത്തിനെതിരെ പോരാടുകയും ആ വ്യവസ്ഥയെ അതിജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

എല്ലാ തരത്തിലും ഒരു ചെറിയ ചിത്രമായിരുന്നു 'ബ്യാരി'. അത്തരം ഒരു ചിത്രത്തിന്റെ തുടക്കത്തില്‍ കാസ്റ്റിങ്ങിന്റെ കാര്യത്തിലും ചിത്രീകരണത്തിന്റെ കാര്യത്തിലും ഏറെ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിരുന്നോ?

അത്തരം വീട്ടുവീഴ്ചകള്‍ ഒരു തരത്തില്‍ ദോഷവും മറ്റൊരു തരത്തില്‍ ഗുണകരവമായി വന്നിട്ടുണ്ട്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഞാന്‍ ആദ്യം സംസാരിച്ചത് നടന്‍ മുരളിയോടായിരുന്നു. കഥാപാത്രത്തെ അദ്ദേഹത്തിന് ഏറെ ഇഷ്ടമാകുകയും ചെയ്തു. പക്ഷേ, ഞങ്ങളുടെ ചിത്രം തുടങ്ങാന്‍ അല്പം താമസിച്ചു. അപ്പോഴേക്കും മുരളിയേട്ടന്‍ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിലേക്ക് കയറിയിരുന്നു. അങ്ങനെയാണ് ആ ചിന്ത മാമുക്കോയയിലേക്ക് അടുപ്പിച്ചത്. അദ്ദേഹം ആ കഥാപാത്രത്തെ ഉജ്ജ്വലമാക്കുകയും ചെയ്തു.

നിര്‍ഭാഗ്യംകൊണ്ടാണ് ദേശീയ അംഗീകാരം അദ്ദേഹത്തിന് നഷ്ടമായത്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മല്ലികയായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ അവര്‍ അല്പം വിട്ടുവീഴ്ചകള്‍ ചെയ്തു. അത് ആ കഥാപാത്രത്തെയും മല്ലികയ്ക്ക് കിട്ടാന്‍ സാധ്യതയുള്ള വലിയ അംഗീകാരത്തെയും ബാധിച്ചു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു.


'ബ്യാരി'യുടെ റിലീസ് എങ്ങനെയായിരുന്നു?
മംഗലാപുരത്ത് മാത്രമാണ് ഈ ചിത്രം റിലീസ് ചെയ്തത്. ചിത്രം പുറത്തുവന്നപ്പോള്‍ ആ സമുദായം ചിത്രത്തിന് അദൃശ്യവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ സാമ്പത്തിക ലാഭത്തിനപ്പുറം വലിയൊരു ആഗ്രഹവും അതിന്റെ പൂര്‍ത്തീകരണവുമാണ് ചിത്രം സമ്മാനിച്ചത്. അതിനപ്പുറം ബ്യാരി ഭാഷയില്‍ ആദ്യമായി ഒരു ചിത്രം ഒരുക്കാന്‍ കഴിഞ്ഞതും അതിന് ദേശീയ അവാര്‍ഡ് നേടിക്കൊടുക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി കണക്കാക്കുന്നു.

ഈ ചിത്രം എന്തുകൊണ്ടാണ് ഇന്ത്യയിലെ മറ്റു മേളകളില്‍ എത്തായിരുന്നത്?

സിനിമയ്‌ക്കൊപ്പം ജീവിതത്തിന്റെ മറ്റ് നൈരന്തര്യങ്ങളില്‍ പെട്ടുപോയതിനാല്‍ പലതും അതിന്റെ സമയത്ത് ഒരുക്കി അയയ്ക്കാന്‍ കഴിഞ്ഞില്ല. തൃശ്ശൂരില്‍ നടന്ന ഫിലിം ഫെസ്റ്റില്‍ അയച്ചിരുന്നു. കളളസയിലും കളളശയിലും കൃത്യസമയത്ത് എന്‍ട്രി നല്‍കാന്‍ കഴിഞ്ഞില്ല.


അഭിനയലോകത്ത് സുവീരന്‍ പുതുമുഖമല്ല. എന്നാല്‍, മലയാള സിനിമാ ലോകത്ത് സുവീരന്‍ പുതുമുഖമാണ്. സിനിമാ എന്‍ട്രിയില്‍ പുതുമയാര്‍ന്ന കാഴ്ചപ്പാടുമായി എത്തുന്ന ഒരു കലാകാരന്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?

പത്തു വര്‍ഷത്തോളമായി പുതുമയാര്‍ന്ന സിനിമാ സമീപനവുമായി ഞാന്‍ നമ്മുടെ സിനിമാലോകത്ത് അലയുന്നുണ്ട്. കൃത്യമായ നാലു സിനിമകള്‍ എന്റെ കൈയിലുണ്ട്. അതില്‍ ഒരു സബജ്ക്ട് മമ്മൂട്ടിക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. നീതന്നെ സ്‌ക്രിപ്റ്റ് ചെയ്താല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി.
 1 2 3 NEXT