മല്ലികയ്ക്ക് നായകനെ വേണം...

എം.കെ. സുരേഷ്‌

 

posted on:

17 Mar 2012


മല്ലികയെന്ന റീജ തമിഴിലെ വെള്ളിത്തിരയിലാണ് താരമായി തിളങ്ങിയതും ചുവടുറപ്പിച്ചതും. അങ്ങനെ തമിഴിലെ മിക്ക സൂപ്പര്‍ താരങ്ങളും മല്ലികയ്ക്ക് 'ആങ്ങള'മാരായി. സ്വന്തമായൊരു ആങ്ങളയില്ലെങ്കിലും സഹോദരന്മാരുടെ എണ്ണം കൂടിയപ്പോള്‍ മല്ലിക പറഞ്ഞു: 'ഇനിമതി'. പിന്നെ മലയാളത്തിലേക്ക് പോന്നു. മറ്റൊരു പടയോട്ടത്തിന്.

അച്ഛന്‍ ജോണ്‍സന്റെ മരണം നല്‍കിയ വേദനയുടെ ഇടവേളയ്ക്ക് ശേഷം സുവീരന്റെ, ലിപിയില്ലാത്ത 'ബ്യാരി'യിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമര്‍ശം. അതിനും മുമ്പേ മല്ലിക പറഞ്ഞതിങ്ങനെ: ''ഇനി സിനിമയില്‍ എനിക്കൊരു നായകനെ വേണം, ആങ്ങളയെ അല്ല.''

എന്തൊക്കെയായിരുന്നു 'ബ്യാരി'യിലെ അനുഭവങ്ങള്‍?

നാദിറ എന്ന മുസ്‌ലിം കഥാപാത്രമായിരുന്നു 'ബ്യാരി'യില്‍. ലിപിയില്ലാത്ത 'ബ്യാരി' ഭാഷ. ഇതിലഭിനയിക്കേണ്ടെന്ന് പലരും പറഞ്ഞു. പക്ഷേ, ഒരു നടിയെന്ന നിലയില്‍ കഥ കേട്ടപ്പോള്‍ ഇഷ്ടംതോന്നി. നോക്കേണ്ടത് കഥയെയാണ്, കഥാപാത്രത്തെയാണ്. മംഗലാപുരത്തെ ചിത്രീകരണത്തിനിടെ കഷ്ടപ്പാടായിരുന്നു. എന്നും ഓരോരോ ബുദ്ധിമുട്ടുകള്‍, അസുഖം. എല്ലാം തീരുമ്പോള്‍ സിനിമയ്ക്ക് അംഗീകാരം കിട്ടണമെന്നാഗ്രഹിച്ചു. എനിക്ക് ഒരംഗീകാരം ഒട്ടും പ്രതീക്ഷിച്ചില്ല. ക്യാമറാമാന്‍ മുരളീകൃഷ്ണനാണ് ഈ ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചത്.

മല്ലികയുടെ നാദിറ, വിദ്യാബാലനൊപ്പം മികച്ച നടിക്കായി മത്സരിച്ചെന്നാണ് വാര്‍ത്തകള്‍?

അങ്ങനെ കേട്ടു. ഞാന്‍ പറഞ്ഞില്ലേ, ഒന്നും പ്രതീക്ഷിച്ചില്ല. യാതൊരു അഭിനയപാരമ്പര്യവുമില്ലാതെയാണ് സിനിമയില്‍ വന്നത്. ഇങ്ങനെയൊക്കെയായത് ദൈവാനുഗ്രഹം. സിനിമയ്ക്ക് മുമ്പ് നാടകത്തി ല്‍പോലും ഞാനഭിനയിച്ചിട്ടില്ല.

അടൂരിന്റെ 'നിഴല്‍കുത്താ'യിരുന്നു ആദ്യസിനിമ. അടൂര്‍ ചിത്രത്തില്‍ എങ്ങനെയെത്തി?

അഭിനേതാക്കളെ വേണമെന്ന് പത്രത്തില്‍ പരസ്യം കണ്ട് അമ്മ (റീത്ത) യാണ് അപേക്ഷ അയച്ചത്. അന്നൊന്നും സിനിമയിലൊട്ടും താത്പര്യമില്ലായിരുന്നു. പക്ഷേ, വിളിവന്നപ്പോള്‍ ഞാന്‍ ഞെട്ടി. അടൂര്‍ സാര്‍ പറഞ്ഞതുപോലെ അഭിനയിച്ചുകാണിച്ചു. സത്യത്തില്‍ അടൂര്‍സാറിനെ കോപ്പിയടിച്ച് ഞാനഭിനയിച്ചു എന്നു പറയുന്നതാകും ശരി. ഇപ്പോഴുമങ്ങനെയാണ്- സംവിധായകരെ കോപ്പിയടിക്കുകയാണ് ഞാന്‍.

ഈ പടം കണ്ടാണ് ചേരന്റെ 'ഓട്ടോഗ്രാഫി'ലേക്ക് വിളിക്കുന്നത്. ഇത് വലിയൊരു ബ്രേക്ക് ആയി. മികച്ച സപ്പോര്‍ട്ടിങ് താരത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് കിട്ടി. അതോടെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഓട്ടോഗ്രാഫിലെത്തുമ്പോള്‍ ഒമ്പതാം ക്ലാസിലാണ് ഞാന്‍. തിരുപ്പാച്ചി, മഹാനടികന്‍, ഗുണ്ടക്ക മണ്ടക്ക, കാക്കി തുടങ്ങിയ ചിത്രങ്ങള്‍. ഓട്ടോഗ്രാഫിന്റെ കന്നട പതിപ്പടക്കം തമിഴിലും കന്നടയിലും തെലുങ്കിലുമായി 13 ചിത്രങ്ങള്‍. പക്ഷേ മിക്കതിലും പെങ്ങള്‍, അനിയത്തി; ഒപ്പം കരച്ചിലും. ഒടുവില്‍ മടുത്തു. വിജയ്കാന്ത്, അര്‍ജുന്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള സിനിമകള്‍ക്ക് 'നോ' പറഞ്ഞു. പെങ്ങളായി ഇനി കരയാന്‍ വയ്യ. അതാണ്, ഇനിയൊരു ആങ്ങളയല്ലാത്ത നായകനെ വേണമെന്ന് പറഞ്ഞത്. പക്ഷേ, ജീവിതത്തില്‍ എനിക്കൊരു സഹോദരനില്ല.

ഇതിനിടെയായിരുന്നു അച്ഛന്റെ ആകസ്മിക മരണം. അതോടെ ഞാന്‍ സിനിമ നിര്‍ത്തി.

മലയാളത്തിലെ രണ്ടാം വരവ് എങ്ങനെയായിരുന്നു?

പ്രിയപ്പെട്ട നാട്ടുകാരെ, കൊരട്ടിപ്പട്ടണം, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളിലൂടെയാണ് തിരിച്ചുവരവ്. സത്യന്‍ സാറിന്റെ (സത്യന്‍ അന്തിക്കാട്) 'സ്‌നേഹവീട്ടി'ലും നല്ല വേഷം 'കിട്ടി. 'നമ്പര്‍ 66 മധുരബസ്സാ'ണ് ഈയിടെ പൂര്‍ത്തിയായ സിനിമ. പി.എന്‍. മേനോന്‍ സാറിന്റെ 'നേര്‍ക്കുനേര്‍' എന്ന ചിത്രത്തിലും നേരത്തേ അഭിനയിച്ചു.

ആരാണ് റോള്‍ മോഡല്‍?

അങ്ങനൊരാളില്ല. ചിലരുടെ സിനിമ കാണുമ്പോള്‍ എനര്‍ജി കിട്ടാറുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ഐശ്വര്യറായി. പഴയതാരങ്ങളെയെല്ലാം ഇഷ്ടമാണ്. ഉര്‍വശി, ശാരദ, ജയഭാരതി, സീമ, മഞ്ജുവാര്യര്‍ തുടങ്ങിയവരെയൊക്കെ. സിനിമയില്‍ എന്റെ നാട്ടുകാരിയായ ഭാവനയാണ് നല്ല സുഹൃത്ത് -മിക്ക നടിമാരെയും പോലെ.

വിവാഹം കഴിഞ്ഞാല്‍ സിനിമ വിടുമോ?

വിവാഹത്തെപ്പറ്റി ആലോചിക്കാന്‍പോലും സമയമായില്ലല്ലോ. കല എല്ലാവര്‍ക്കും കിട്ടുന്ന ദൈവാനുഗ്രഹമല്ല. അതിനാല്‍ കല്യാണശേഷവും അഭിനയിക്കുന്നതില്‍ എന്താണിത്ര തെറ്റ്?

എനിക്കിപ്പോള്‍ മാനേജര്‍ പോലുമില്ല. ഞാനാണ് മാനേജരും ഡ്രൈവറും ഒക്കെ. സംവിധായകന്റെ ജോലി എളുപ്പമാക്കുക. അതിനാണ് എന്റെ പ്രാര്‍ഥന. ഞാനൊരു മീഡിയം മാത്രം.