ബോളിവുഡില്‍ ബിഗ് ബിയുടെ പാതയിലൂടെ ഇറങ്ങിവന്ന അഭിഷേക് ബച്ചനെപ്പോലെ... ടോളിവുഡില്‍ ചിരഞ്ജീവിക്കു പിന്നാലെ മകന്‍ രവി തേജ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ ഇറങ്ങി വിജയിച്ചതുപോലെ... മല്ലുവുഡില്‍ മമ്മൂട്ടിയുടെ പാതയിലൂടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ സിനിമാലോകത്തേക്ക് ഇറങ്ങിവന്നിരിക്കുന്നു. ശ്രീനാഥ് രാജേന്ദ്രന്റെ 'സെക്കന്‍ഡ് ഷോ' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കംകുറിച്ച ദുല്‍ക്കര്‍, ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പേ അടുത്ത ചിത്രത്തിലേക്ക് കടന്നിരിക്കുന്നു. ഈ യുവതാരത്തിന്റെ ഡേറ്റിനായി നിരവധി സംവിധായകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നു... ശബ്ദ, രൂപ ഗാംഭീര്യത്തോടെ തുടക്കംകുറിച്ച ഈ താരത്തിന് 'ജൂനിയര്‍ മമ്മൂട്ടി' എന്നാണ് സിനിമാലോകം ഓമനപ്പേരിട്ടത്. അന്‍വര്‍ റഷീദിന്റെ 'ഉസ്താദ് ഹോട്ടല്‍' എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് തന്റെ സിനിമാനുഭവങ്ങള്‍ ദുല്‍ക്കര്‍ പങ്കുവെയ്ക്കുന്നു...
ദുല്‍ക്കര്‍, അച്ഛന്റെ പാത പിന്തുടരുകയാണ്... അഭിനയമോഹം കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നോ?
അങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് തെറ്റാണ്. പക്ഷേ സീരിയസ്സായ മോഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. അച്ഛന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ അതുപോലെ ആയിരുന്നെങ്കില്‍ എന്നൊക്കെ ആഗ്രഹിച്ചിരുന്നു. ആഗ്രഹിച്ചാല്‍ നമ്മളല്ലേ അറിയൂ. പക്ഷേ, ആ ആഗ്രഹം നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
കുട്ടിക്കാലത്ത് കലാപരിപാടികളിലൊക്കെ സജീവമായി പങ്കെടുത്തിരുന്നോ?
ഒരിക്കലും ഉണ്ടായിട്ടില്ല. സത്യം പറഞ്ഞാല്‍ ഞാനൊരു 'ഷൈ' ആയിരുന്നു. ഒറ്റയ്ക്കുള്ള പെര്‍ഫോമന്‍സില്‍നിന്നു മാറി, ഞങ്ങളുടെ ഗ്രൂപ്പ് ആക്ടിവിറ്റീസിലായിരുന്നു എന്റെ ശ്രദ്ധ.
ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയിലേക്കുള്ള എന്‍ട്രി എങ്ങനെയായിരുന്നു?
കുറച്ചുവര്‍ഷം ബിസിനസ്സ് ലോകത്തായിരുന്നു. പിന്നീട് എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യാനായി മോഹം. പണ്ടൊക്കെ ഡയറക്ഷന്‍ ഫീല്‍ഡിനോടായിരുന്നു എന്റെ അഭിരുചി. അച്ഛന്‍ സമ്മാനിച്ച ക്യാമറകളുമായി ചില ഷോട്ട് ഫിലിമൊക്കെ ചെയ്തിരുന്നു. വീട്ടിലെ ജോലിക്കാരായിരുന്നു എന്റെ അന്നത്തെ താരങ്ങള്‍. ഡയറക്ഷന്‍ ഒരു വര്‍ക്ക് എന്നതിലുപരി ഒരുതരം എന്‍ജോയ്‌മെന്റായിട്ടാണ് എനിക്ക് തോന്നിയത്. ഏതെങ്കിലും നല്ല സംവിധായകനൊപ്പം സംവിധാനസഹായിയായി പോകാനാണ് ആദ്യം തീരുമാനിച്ചത്. അതിന് ഒന്നുരണ്ടു വര്‍ഷം കാത്തിരിക്കേണ്ട പ്രശ്‌നം വന്നു. പിന്നീട് അഭിനയരംഗത്തേക്ക് തിരിഞ്ഞാലോ എന്നായി ആലോചന. ആ ലോകത്തെ തിരിച്ചറിയാന്‍ ബോംബെയിലെ ബാരി ജോണിന്റെ ആക്ടിങ് സ്റ്റുഡിയോയില്‍ മൂന്നുമാസത്തെ കോഴ്‌സിനു ചേര്‍ന്നു. ഒരു നടനെന്ന നിലയില്‍ ആ ട്രെയിനിങ് ഏറെ ഗുണം ചെയ്തിട്ടുണ്ട്. പത്തിരുപതുപേരുടെ മുന്നില്‍ നിന്ന് പെര്‍ഫോം ചെയ്യാനുള്ള ധൈര്യം അവിടെ നിന്ന് കിട്ടി. അങ്ങനെയിരിക്കെയാണ് 'സെക്കന്‍ഡ് ഷോ' എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ശ്രീനാഥ് വന്നത്. കഥയിലെ പുതുമ എന്നെ ഏറെ ആകര്‍ഷിച്ചു.
ആദ്യം റിഹേഴ്‌സല്‍, പിന്നീട് ഷൂട്ടിങ്. ഏറെ ഹോം വര്‍ക്കോടെയായിരുന്നല്ലോ സെക്കന്‍ഡ് ഷോ തുടങ്ങിയത്?
വലിയ ആഘോഷങ്ങളൊന്നും ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. തുടക്കം എങ്ങനെ ഉണ്ടാകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ഭാഗ്യം പ്രധാന വിഷയമാണ്. പഠിച്ചതും വളര്‍ന്നതും ചെന്നൈയിലായതിനാല്‍ എന്റെ ബേസിക് തിങ്കിങ് ഇംഗ്ലീഷിലായിരുന്നു. അതിന്റെ പേടി ഉണ്ടായിരുന്നു. പക്ഷേ നല്ല റിഹേഴ്‌സലിനു ശേഷം മലയാളം വഴക്കി എടുത്തു. ചിത്രത്തിന്റെ ഡബ്ബിംഗും എനിക്ക് ചെയ്യാന്‍ കഴിഞ്ഞു.
ഇതിനു മുന്‍പ് അഭിനയിക്കാനുള്ള അവസരം തേടിവന്നിരുന്നോ?
ശ്യാമപ്രസാദിന്റെ 'ഋതു'വിലേക്ക് ഓഫര്‍ വന്നിരുന്നു. പക്ഷേ, ഞാന്‍ അന്ന് ബിസിനസ്സ് മേഖലയിലേക്ക് കടന്നുവന്ന കാലമായിരുന്നു. അതുകൊണ്ട് പെട്ടെന്ന് മാറിനില്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നെ, എല്ലാറ്റിനും ഒരു ശരിയായ സമയമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ആദ്യ ചിത്രത്തിന്റെ റിലീസിങ്ങിനു മുന്‍പേ, 'ഉസ്താദ് ഹോട്ടല്‍' എന്ന പുതിയ ചിത്രത്തിലേക്ക് കടന്നു. സിനിമാലോകം ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണോ?
അന്‍വര്‍ പറഞ്ഞ കഥയാണ് 'ഉസ്താദ് ഹോട്ടലി'ലേക്ക് ആകര്‍ഷിച്ചത്. ഒരു നടനെന്ന നിലയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന ഒരു കഥാപാത്രത്തെയാണ് ആ ചിത്രത്തില്‍ എനിക്ക് കിട്ടിയത്.
സിനിമാഫീല്‍ഡിലേക്ക് വന്നപ്പോള്‍ ബാപ്പയുടെ ഉപദേശങ്ങള്‍ എന്തെങ്കിലും?
അങ്ങനെയൊന്നും ഉണ്ടായില്ല. എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാണ് കാര്യങ്ങള്‍ നടത്താറുള്ളത്. എന്റെ മാതാപിതാക്കളുടെ നല്ല പിന്തുണ എന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കളിസ്ഥലമായ സിനിമാലോകത്തെക്കുറിച്ച് നന്നായി അറിയാവുന്നതു കൊണ്ട്, കൂടുതലൊന്നും എനിക്ക് പഠിക്കേണ്ടി വന്നിരുന്നില്ല.
ബിസിനസ്സ് ലോകത്തു നിന്നാണ് സിനിമയിലേക്ക് വരുന്നത്. രണ്ടും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നു?
ബിസിനസ്സെല്ലാം നല്ല ട്രാക്കിലായി. ഞാന്‍ ഇല്ലെങ്കിലും കൊണ്ടുപോകാന്‍ കഴിയുന്ന മാനേജര്‍മാര്‍ എനിക്കുണ്ട്. ഞാന്‍ ഓഫീസിലില്ലെങ്കിലും അതിന്റെ ഡെയിലി റിപ്പോര്‍ട്ട് എനിക്ക് ഫോണിലൂടെ അറിയാന്‍ കഴിയും.