മഴനീര്‍ത്തുള്ളിയുടെ പാട്ടുകാരന്‍

 

ജെയ്‌സി തോമസ്‌

 

24 Jan 2012

 


കുമാരനാശാന്‍ നഗറില്‍ പുതിയതായി പണികഴിപ്പിച്ച ഇരുനില വീടിന്റെ മട്ടുപ്പാവിലിരുന്ന് ആരാധകരുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയുകയായിരുന്നു പുതു വെള്ളെ മഴയുടെ ഗായകന്‍. എല്ലാം പുതിയ ചിത്രമായ ബ്യൂട്ടിഫുള്ളിലെ പ്രിയഗായകന്റെ അഭിനയത്തിനും പാട്ടിനും ഫുള്‍മാര്‍ക്ക് നല്‍കിക്കൊണ്ടുള്ള കോളുകള്‍. തൊഴുത് മടങ്ങിയ സന്ധ്യയിലും, വിണ്ണിലെ ഗന്ധര്‍വ വീണകളിലും ഒഴുകിയെത്തിയ ആ ശബ്ദ മാധുരി കാലങ്ങള്‍ കഴിഞ്ഞിട്ടും വീണ്ടും ആസ്വാദകരുടെ കാതുകളിലേക്ക് പനിനീര്‍ത്തുള്ളികളായി പെയ്തിറങ്ങുകയാണ്... മഴനീര്‍ത്തുള്ളികള്‍ നിന്‍ തണുനീര്‍ മുത്തുകള്‍ എന്ന ഗാനത്തിലൂടെ. ഒപ്പം ഗായകനില്‍ നിന്നും നായകനില്‍ നിന്നും ഉണ്ണി മേനോന്റെ വില്ലനിലേക്കുള്ള രൂപമാറ്റം പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ്...

ഗായകന്‍, സംഗീത സംവിധായകന്‍, നായകന്‍, ഇപ്പോള്‍ വില്ലനും. പുതിയ ട്രാക്കിലാണോ?

ഒരിക്കലുമല്ല, അഭിനയം അത് യാദൃച്ഛികമായി സംഭവിച്ചതാണ്. ഇപ്പോഴും പാട്ടിന് തന്നെയാണ് മുന്‍ഗണന. യഥാര്‍ത്ഥത്തില്‍ ബ്യൂട്ടിഫുള്ളില്‍ എന്നെ പാടാനായിട്ടാണ് വിളിക്കുന്നത്. പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ സംവിധായകന്‍ വി. കെ പ്രകാശ് വീണ്ടും വിളിച്ചു, ഉണ്ണിക്ക് ഇതില്‍ അഭിനയിച്ചുകൂടേ എന്ന് ചോദിച്ചു. കഥ കേട്ടപ്പോള്‍ എനിക്കും തോന്നി അഭിനയിക്കാമെന്ന്. സ്ഥിതി എന്ന ചിത്രത്തിന് ശേഷം അഭിനയ ജീവിതത്തിലെ രണ്ടാംവരവ് പീറ്റര്‍ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണെന്ന് പറയാം. രണ്ടര ദിവസമേ ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളൂ. ശരിക്കും മികച്ച ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും സംതൃപ്തിയുമുണ്ട്. ഇതുവരെയുള്ള സിനിമാ സങ്കല്‍പത്തെ മുഴുവന്‍ പൊളിച്ചെഴുതിയ ചിത്രമാണ് ബ്യൂട്ടിഫുള്‍. ഒരു പുതിയ സമീപനമാണ് അതില്‍ കണ്ടത്. ചിത്രത്തിലെ ചെറിയ ആര്‍ട്ടിസ്റ്റുകള്‍ പോലും അസാധ്യമായ അനുഭവമാണ് കാഴ്ച വച്ചിരിക്കുന്നത്. അനൂപ് മേനോന്റെ തിരക്കഥയെക്കുറിച്ചും വി. കെ. പി.യുടെ സംവിധാന മികവിനെക്കുറിച്ചും പറയാതെ വയ്യ. സിനിമ പുറത്തിറങ്ങിയതിന് ശേഷം നിരവധി പേര്‍ വിളിച്ചിരുന്നു.

അഭിനയത്തെക്കുറിച്ചും പാട്ടിനെക്കുറിച്ചുമുള്ള അഭിനന്ദനങ്ങളറിയിക്കാന്‍. ബ്യൂട്ടിഫുള്ളിന് ശേഷം രണ്ടുമൂന്ന് സിനിമകളില്‍ അഭിനയിക്കാനുള്ള ക്ഷണവുമുണ്ടായി, നല്ല ഒരു പാട്ടുണ്ടെങ്കില്‍ വിളിച്ചോളൂ, പാടാന്‍ ഞാന്‍ റെഡിയാണെന്ന് പറഞ്ഞു. സ്ഥിതി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചപ്പോഴും നിരവധി ഓഫറുകള്‍ വന്നിരുന്നു.

മഴനീര്‍ത്തുള്ളികള്‍... പാട്ട് ഹിറ്റായല്ലോ?

ഞാന്‍ പാടിയ ഗാനങ്ങളില്‍ ഒരു പാട്ടും നല്‍കാത്ത സംതൃപ്തിയാണ് മഴനീര്‍ത്തുള്ളികള്‍ തന്നത്. ചടുലമായ ഇന്നത്തെ ഗാനങ്ങള്‍ക്കിടയില്‍ ഒരു മെലഡി അതായിരിക്കും ഈ പാട്ടിനെ വ്യത്യസ്തമാക്കിയത്. പിന്നെ പാട്ടിന്റെ വരികളും ആകര്‍ഷകമാണ്. ഗാനമിറങ്ങിയതിന് ശേഷം അനവധി കോളുകള്‍ വന്നിരുന്നു. ഇന്ന് രാവിലെ തന്നെ ഒരു പത്ത് കോളെങ്കിലും അറ്റന്‍ഡ് ചെയ്തുകഴിഞ്ഞു. എല്ലാവര്‍ക്കും പറയാനുള്ളത് ഗാനത്തെക്കുറിച്ചായിരുന്നു. ചാനലുകളിലും എഫ്. എമ്മിലുമെല്ലാം ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ളത് ഈ പാട്ടിനാണ്. പിന്നെ ഗാനം വിഷ്വലൈസ് ചെയ്തിരിക്കുന്നതും വളരെ മനോഹരമായിട്ടാണ്. കണ്ടുമടുത്ത സ്ഥിരം പാറ്റേണുകളില്‍ നിന്നും വേറിട്ട ഒരു ശൈലിയാണ് മഴനീര്‍ത്തുള്ളികളില്‍ കാണാന്‍ സാധിക്കുന്നത്. ഗാനചിത്രീകരണത്തിലെ ഈ വ്യത്യസ്തതയും പ്രേക്ഷകരെ ആകര്‍ഷിച്ച ഘടകമാണ്.

ശ്യാമും എ. ആര്‍. റഹ്മാനും അവരുമൊന്നിച്ചുള്ള അനുഭവങ്ങള്‍?

എനിക്ക് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ശ്യാം സാര്‍.
 1 2 3 NEXT