ഇത് എന്റെ ആഗ്രഹമായിരുന്നു

posted on:

31 Oct 2008

രാമചന്ദ്രന്‍ നായരുമായി ഒരു മലയാളം ചാനലില്‍ വന്ന മുഖാമുഖമാണ് 'തലപ്പാവി'ലേക്ക് എനിക്ക് പ്രേരണയായത്. നാടിനെ ഞെട്ടിച്ച ഒരു കൊലപാതകരഹസ്യം 36 വര്‍ഷമായി മനസ്സില്‍ സൂക്ഷിക്കുക. ജീവിതസായാഹ്നത്തില്‍ പുറത്തു പറയുക... അയാളുടെ അന്തഃസംഘര്‍ഷങ്ങളെയാണ് ഞാന്‍ ഫോക്കസ് ചെയ്തത്. വയനാട്ടിലെ സുഹൃത്തുക്കളുടെ ആവേശമായ വര്‍ഗീസിന്റെ ജീവിതവും അതിനോടു കൂട്ടി യോജിപ്പിച്ചപ്പോള്‍ രസകരമായ ഒരു കഥ കിട്ടി. രവീന്ദ്രന്‍പിള്ളയെ ഒരു സാങ്കല്പിക ലോകത്ത് പ്രതിഷ്ഠിച്ചു. അതും ചിത്രത്തിന് ഗുണമായി.

രചനയില്‍ സ്വീകരിച്ച മറ്റു പ്രത്യേകതകള്‍?

ഇന്നിന്റെ വെളിച്ചത്തിലാണ് ആ ചിത്രത്തെ കണ്ടത്. അതുകൊണ്ടുതന്നെ കാലത്തോട് കലഹിക്കുന്ന ചില പ്രശ്‌നങ്ങളും തിരക്കഥയില്‍ ചേര്‍ത്തു. പാശ്ചാത്യചിത്രങ്ങളില്‍ കാണുന്ന ഒരു പാറ്റേണിലാണ് സ്‌ക്രീന്‍ പ്ലേ ഒരുക്കിയിരിക്കുന്നത്. നമ്മുടെ സിനിമാവ്യാകരണത്തിന്റെ മാറ്റമാണത്. കഥ പറയുമ്പോള്‍ കാലം നോക്കാതെ കട്ട് ചെയ്തു. ആ കട്ടിങ് പ്രേക്ഷകരെ രസിപ്പിക്കുന്നതുമായിരുന്നു.

ചിത്രത്തിനുവേണ്ടി നടത്തിയ ഹോംവര്‍ക്കുകള്‍?

കഥ നടക്കുന്ന സാഹചര്യത്തെ അടുത്തറിയാന്‍ കുറെ പുസ്തകങ്ങള്‍ വായിച്ചു. വ്യക്തികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല. എന്റെ കാഴ്ചപ്പാടില്‍നിന്ന് കാര്യങ്ങള്‍ മാറാതിരിക്കാനാണ് അങ്ങനെ ചെയ്തത്.

ആരാണ് ഈ കഥ ആദ്യം കേള്‍ക്കുന്നത്?

പൃഥ്വിരാജിനോടാണ് ഞാന്‍ ഈ കഥ ആദ്യം പറയുന്നത്. നല്ല സിനിമയില്‍ അതിഥിതാരമായാലും അഭിനയിക്കാം എന്ന നിലപാട് എന്നെ അത്ഭുതപ്പെടുത്തി. ചിത്രം ഡയറക്ട് ചെയ്യാന്‍ ആളെ കിട്ടിയില്ലെങ്കില്‍ ഞാന്‍ സംവിധാനം ചെയ്യാം എന്നുവരെ പൃഥ്വി പറഞ്ഞിരുന്നു.

തമിഴ് താരവും നിര്‍മാതാവുമായ മോഹന്‍ എങ്ങനെ ഈ ചിത്രത്തിലേക്കു വന്നു?

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആനന്ദ് പയ്യന്നൂരാണ് മോഹനനെ എനിക്ക് പരിചയപ്പെടുത്തുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം അതായിരുന്നു മോഹന്റെ പ്ലാന്‍. എന്നാല്‍, മമ്മൂക്കയുടെ മറ്റു തിരക്കുകള്‍ 'തലപ്പാവി'ലേക്ക് ചിന്തിക്കാന്‍ പ്രേരണയായി. കഥ കേട്ടപ്പോള്‍ അദ്ദേഹത്തിന് താത്പര്യമായി.

സംവിധായകനായി മധുപാല്‍ കടന്നുവന്നത്?...

'വാസ്തവ'ത്തില്‍ മധുപാല്‍ അഭിനയിച്ചിരുന്നു. ഒരു ചിത്രം ചെയ്യാനുള്ള ആഗ്രഹം അന്ന് മധു പറഞ്ഞിരുന്നു. ഈ സബ്ജക്ട് കേട്ടപ്പോള്‍ ഉത്തമനായ വ്യക്തി മധുപാലാണെന്നു എനിക്ക് തോന്നി. ആ കര്‍ത്തവ്യം അദ്ദേഹം മനോഹരമായി ചെയ്തിട്ടുണ്ട്.

ഈ സബ്ജക്ട് എന്തുകൊണ്ട് ഒരു നവാഗത സംവിധായകനെ ഏല്പിച്ചു?

അത് എന്റെ സ്വകാര്യ താത്പര്യമായിരുന്നു. ചിത്രം ലേെമയഹശവെലറ ആയ സംവിധായകനെ ഏല്പിച്ചാല്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ സംവിധായകനിലേക്കു പോകും. മാത്രമല്ല, എന്റെ കാഴ്ചപ്പാടുകള്‍ ഒരുപക്ഷേ, അത്തരം സംവിധായകര്‍ക്കുവേണ്ടി പണയപ്പെടുത്തേണ്ടിവരും. കാരണം എന്റെ ആഗ്രഹമായിരുന്നു 'തലപ്പാവ്' എന്ന ഈ ചിത്രം. മധു അതില്‍ വെള്ളം ചേര്‍ക്കില്ലെന്ന് എനിക്കറിയം.

നല്ല നിര്‍മാതാവ്, തിരക്കഥ, താരം എന്നിവ ഉണ്ടായിട്ടും ഈ ചിത്രം സംവിധാനം ചെയ്യാതിരുന്നത്...?

ഈ ചോദ്യം പലരും ചോദിച്ചിരുന്നു. ബാബു ജനാര്‍ദനന്‍ എന്ന തിരക്കഥാകൃത്തില്‍ മാത്രമേ എനിക്ക് വിശ്വാസമുള്ളൂ. ഓര്‍ഗനൈസറില്‍ വിശ്വാസമില്ല.... എന്നാലും സംവിധായകന്‍ ആകാനുള്ള ആഗ്രഹം ഇല്ലാതില്ല.

പുതിയ ചിത്രങ്ങള്‍?

പത്മകുമാര്‍- പൃഥ്വിരാജ് ടീമിനുവേണ്ടി 'പാതിരാമണല്‍' എന്നു പേരിട്ട ചിത്രത്തിന്റെ അണിയറയിലാണ്. പഴയ നടന്‍ മഹേഷിനുവേണ്ടി ഒരു ചിത്രം ഒരുക്കുന്നുണ്ട്. മുകേഷും പൃഥ്വിരാജുമാണ് താരങ്ങള്‍.