വിജയത്തിന്റെ ഫസ്റ്റ് ബെല്‍

posted on:

29 Oct 2008

എഴുതിയ കഥകളിലെല്ലാം ചിരിയുടെ പൂത്തിരി. മനസ്സില്‍ തൊടുന്ന കുറേ മുഹൂര്‍ത്തങ്ങളിലൂടെ പര്യവസാനം. ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥകളുടെ മുഖമുദ്രയാണിത്. 20ലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ബെന്നിയിപ്പോള്‍ സിനിമയില്‍ മറ്റൊരു മേഖലയിലേക്കുകൂടി ചുവടുവെക്കുകയാണ്. ഷാഫി സംവിധാനം ചെയ്യുന്ന 'ലോലിപോപ്പി'ന്റെ തിരക്കഥാകൃത്തും നിര്‍മാണപങ്കാളിയുമാണ് അദ്ദേഹം. നാടകരംഗത്ത് നാടകകൃത്ത്, സംവിധായകന്‍, അഭിനേതാവ് എന്നിങ്ങനെ വിഭിന്ന സ്ഥാനങ്ങളില്‍ തിളങ്ങിയ ഈ കലാകാരന്‍ സിനിമാരംഗത്ത് എത്തിയപ്പോള്‍ എഴുത്തിന്റെ ലോകത്തായിരുന്നു. ഇതാദ്യമാണ് സിനിമയില്‍ മറ്റൊരു മേഖലയില്‍ തന്റെ സാന്നിധ്യമറിയിക്കുന്നത്.
ബെന്നിയുടെ തിരക്കഥയിലൊരുങ്ങിയ ചിത്രങ്ങളില്‍ വലിയൊരു വിഭാഗവും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമാണ്. അദ്ദേഹത്തിന്റെ കലാജീവിതകഥയും ഹിറ്റ് സിനിമാക്കഥയ്ക്ക് തുല്യം. ആ കഥ കേള്‍ക്കാം.

''ഞാന്‍ അറിഞ്ഞോ അറിയാതെയോ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ എത്തുകയായിരുന്നു. നാടകകൃത്താവുക, സിനിമാതിരക്കഥാകൃത്താവുക എന്നുള്ള ആഗ്രഹത്തോടെ ഇറങ്ങിത്തിരിച്ചിട്ടില്ല എന്നതാണ് സത്യം'', ബെന്നി.

എഴുത്തിന്റെ തുടക്കം?

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ എഴുത്തില്‍ കമ്പം തോന്നിയിരുന്നു. ചെറുകഥ, കവിത എന്നിവയൊക്കെ എഴുതിയായിരുന്നു തുടക്കം. പിന്നീട് യൂത്ത് ഫെസ്റ്റിവലിലൊക്കെ അവതരിപ്പിക്കാവുന്ന രീതിയിലുള്ള സ്‌കിറ്റുകള്‍ എഴുതി. പ്രീഡിഗ്രിയായപ്പോള്‍ കോളേജ് മാഗസിനിലൊക്കെ എഴുതിത്തുടങ്ങിയെന്ന് പറയാം. അപ്പോഴും മാഗസിനിലെ എഴുത്ത് മാത്രമായി ഒതുങ്ങി നിന്നു. ഡിഗ്രി പഠിക്കുന്നത് മുതലാണ് ശരിക്കും നാടകക്കാരനായത്.

നാടകത്തിലേക്ക് വരുന്നത്?

നമ്മുടെ ഏതു സ്ഥലത്തും ഒരു കൊമേഡിയനുണ്ടാകുമല്ലോ. അതുപോലെ ഞങ്ങളുടെ നായരമ്പലത്ത് കൂട്ടുകാരുടെയിടയില്‍ തമാശ പറയുന്ന ഒരു വ്യക്തി ഞാനായിരുന്നു. എന്റെ കോമഡിയൊക്കെ കേട്ട് കൂട്ടുകാര്‍ ചിരിക്കും. ആദ്യമായി ഞാന്‍ എഴുതിയത് കോമഡി നിറഞ്ഞ ഒരു ഏകാങ്കനാടകമാണ്. അത് നാടകകൃത്താകണമെന്ന അതിയായ ആഗ്രഹം കൊണ്ട് എഴുതിയതല്ല. കോമഡിയുള്ള ഒരു നാടകം വേണമെന്ന് തോന്നിയപ്പോള്‍ എഴുതിയതാണ്. ഒരിക്കല്‍ ഞങ്ങള്‍ ഒരു നാടകം ചെയ്യാമെന്ന് തീരുമാനിച്ചു. ഒരു പ്രിന്റഡ് നാടകം എടുത്ത് കളിക്കാനാണ് പോയത്. അത് വായിച്ചപ്പോള്‍ എനിക്കൊരു കോമഡിയും ഫീല്‍ ചെയ്തില്ല. ഇതിലൊരു കോമഡിയും കാണുന്നില്ലല്ലോ. ഇതിലും നന്നായി നമുക്ക് എഴുതിയുണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ 'നീ എഴുതെടാ' എന്ന് കൂട്ടുകാരും പറഞ്ഞു. അങ്ങനെയാണ് ആദ്യമായി ഏകാങ്കനാടകമെഴുതിയത്.

ആദ്യമായി എഴുതിയ ഏകാങ്കനാടകത്തെക്കുറിച്ച് പ്രേക്ഷകാഭിപ്രായം എങ്ങനെയായിരുന്നു?

നാടകത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ കോമഡിയായിരുന്നു. അവതരണം മുതല്‍ കോമഡിയുടെ ട്രാക്കിലാണ് കാര്യങ്ങള്‍ പോയത്. നാടകത്തിനു കൊടുക്കുന്ന ബെല്ലിനു പകരം മീന്‍കാരുടെ 'പൂവാന്‍' (മീന്‍ വില്പനക്കാര്‍ ജനശ്രദ്ധ നേടാന്‍ വേണ്ടി ഉണ്ടാക്കുന്ന ശബ്ദം) കൊടുത്തിട്ടായിരുന്നു നാടകം ആരംഭിച്ചത്. അടുത്ത പൂവാനോടെ ഈ പഞ്ചായത്തിലെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. നാടകവുമായി വരുന്നത് ജീവന്‍ പണയം വെച്ചിട്ടാണ്. അങ്ങനെയൊക്കെ പറഞ്ഞായിരുന്നു തുടങ്ങിയത്. അതൊക്കെ കേട്ട് ആള്‍ക്കാര്‍ ചിരിക്കുന്നത് കണ്ടപ്പോള്‍ നമ്മള്‍പറയുന്ന സംഭവം ഏല്ക്കുന്നുണ്ടെന്ന് കിട്ടി. ആ നാടകത്തെക്കുറിച്ച് പ്രേക്ഷകരില്‍ നിന്ന് നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്.


പ്രൊഫഷണല്‍ നാടകക്കാരനാവുന്നത്?

ഞാന്‍ ആദ്യമായി ചെയ്ത ഏകാങ്കനാടകം ഫുള്‍ ലെങ്ത്താക്കി കോമഡി നാടകമാക്കാനായിരുന്നു ആദ്യം ക്ഷണം ലഭിച്ചത്. രാജന്‍ പി. ദേവിന്റെ ട്രൂപ്പില്‍ നിന്ന് അങ്ങനെയൊരു ക്ഷണം ലഭിച്ചപ്പോള്‍ അത് പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. കാരണം ആ നാടകം വിപുലമായി എഴുതാന്‍ കഴിയുമായിരുന്നില്ല. മറ്റൊരു നാടകം എഴുതാമെന്ന നിലപാടായിരുന്നു എനിക്ക്. രാജന്‍ പി. ദേവിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് എഴുതാന്‍ പറഞ്ഞു. അദ്ദേഹത്തിനാണ് ഞാന്‍ ആദ്യമായി പ്രൊഫഷണല്‍ നാടകമെഴുതുന്നത്. 'അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി' എന്ന ആ നാടകം രാജന്‍ പി. ദേവിന് അക്കൊല്ലത്തെ സ്റ്റേറ്റ് അവാര്‍ഡ് നേടിക്കൊടുത്തു. നാടകം സൂപ്പര്‍ ഹിറ്റായി. അതില്‍ ഞാന്‍ അഭിനയിക്കുകയും ചെയ്തു. ഞാന്‍ വെച്ച ഡിമാന്റ് ആ നാടകത്തില്‍ എനിക്ക് അഭിനയിക്കാനും അവസരം തരണമെന്നായിരുന്നു.

നാടകകൃത്തും അഭിനേതാവുമായിരുന്ന താങ്കള്‍ പിന്നീട് അഭിനയം നിര്‍ത്താന്‍ കാരണം?

അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി എന്ന നാടകത്തിനു ശേഷം അറബിക്കടലും അത്ഭുതവിളക്കും എന്ന നാടകമായിരുന്നു ചെയ്തത്. അതാണ് 'ചാന്തുപൊട്ട്' എന്ന സിനിമയായി വന്നത്. അതില്‍ ദിലീപ് അവതരിപ്പിച്ച രാധയെന്ന കഥാപാത്രമായിരുന്നു നാടകത്തില്‍ ഞാന്‍ അഭിനയിച്ച വേഷം.
 1 2 3 NEXT